---
title: "തൊഴിലെടുത്ത്  ജീവിക്കാൻ കഴിയാത്ത അവസ്ഥ; ശ്രീകണ്ഠാപുരം സ്വദേശിയുടെ പരാതിയിൽ 'തൊപ്പി'ക്കെതിരെ കേസ്. "
english_title: "Thoppiyutuber"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127868/thoppiyutuber"
published_at: "2023-07-06T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a64aeed662f_download_-_2023-07-06T102928.551.jpeg"
keywords: []
---

# തൊഴിലെടുത്ത്  ജീവിക്കാൻ കഴിയാത്ത അവസ്ഥ; ശ്രീകണ്ഠാപുരം സ്വദേശിയുടെ പരാതിയിൽ 'തൊപ്പി'ക്കെതിരെ കേസ്. 

> **Lead Summary:** **കൊച്ചി**: യൂട്യൂബർ മുഹമ്മദ് നിഹാദിനെതിരെ വീണ്ടും കേസ്. ശ്രീകണ്ഠപുരം സ്വദേശി സജി സേവ്യറുടെ പരാതിയിൽ ശ്രീകണ്ഠാപുരം പൊലീസാണ് തൊപ്പി എന്ന മുഹമ്മദ് നിഹാദിനെതിരെ കേസെടുത്തിരിക്കുന്നത്.

## Article Content

**കൊച്ചി**: യൂട്യൂബർ മുഹമ്മദ് നിഹാദിനെതിരെ വീണ്ടും കേസ്. ശ്രീകണ്ഠപുരം സ്വദേശി സജി സേവ്യറുടെ പരാതിയിൽ ശ്രീകണ്ഠാപുരം പൊലീസാണ് തൊപ്പി എന്ന മുഹമ്മദ് നിഹാദിനെതിരെ കേസെടുത്തിരിക്കുന്നത്.

മുഹമ്മദ് നിഹാദ് കാരണം തൊഴിലെടുക്കാനും കുടുംബത്തിനൊപ്പം സ്വസ്ഥമായി ജീവിക്കാനും കഴിയാത്ത അവസ്ഥയാണെന്നാണ് സജി സേവ്യർ പരാതിയിൽ പറയുന്നത്. കമ്പിവേലി നിർമിച്ചുനൽകി ഉപജീവനം നടത്തുന്ന ആളാണ് സജി സേവ്യർ. കമ്പിവേലി നിർമിച്ച് നൽകുമെന്ന് കാണിച്ച് വൈദ്യുതി തൂണിലും മറ്റും ഇദ്ദേഹം ഫോൺ നമ്പർ സഹിതം ചെറിയ ബോർഡ് സ്ഥാപിച്ചിരുന്നു.

ഇതിന് പിന്നാലെ മുഹമ്മദ് നിഹാദ് സജി സേവ്യറിനെ മൊബൈലിൽ വിളിക്കുകയും അശ്ലീലം പറയുകയും ചെയ്തു. യാതൊരു പ്രകോപനവുമില്ലാതെയാണ് ഇതെന്നാണ് സജി പറയുന്നത്. ഇതിന് പുറമേ സജിയുമായുള്ള ഫോൺ സംഭാഷണവും അദ്ദേഹത്തിന്റെ നമ്പറും മുഹമ്മദ് നിഹാദ് യൂട്യൂബിൽ നൽകുകയും ചെയ്തു. അതിന് ശേഷം നിരവധിപ്പേരാണ് സജി സേവ്യറിന്റെ ഫോണിൽ വിളിച്ച് അശ്ലീലം പറയാൻ തുടങ്ങിയത്. തന്നെ വിളിക്കുന്നതിൽ ഭൂരിപക്ഷവും 11നും 16നും ഇടയിൽ പ്രായമുള്ളവരാണ് എന്ന് സജി സേവ്യർ പറയുന്നു.

തുടർന്ന് ഏപ്രിൽ 17ന് സജി സേവ്യർ ശ്രീകണ്ഠപുരം പൊലീസിൽ പരാതി നൽകി. എന്നാൽ ആദ്യം പൊലീസ് കേസെടുക്കാൻ തയ്യാറായില്ല. അശ്ലീല പദപ്രയോഗത്തിന്റെ പേരിൽ മുഹമ്മദിനെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ സജി സേവ്യർ വീണ്ടും പൊലീസിനെ സമീപിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127868/thoppiyutuber)