---
title: "ഏറ്റവും പ്രധാനം പകര്‍ച്ചപ്പനിയെ ശക്തമായി പ്രതിരോധിക്കുകയാണ്: മന്ത്രി വീണ ജോര്‍ജ്"
english_title: "Veena George"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127944/veena-george"
published_at: "2023-07-06T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a675aaa7d6f_Screenshot_2023-06-01-10-32-22-14_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഏറ്റവും പ്രധാനം പകര്‍ച്ചപ്പനിയെ ശക്തമായി പ്രതിരോധിക്കുകയാണ്: മന്ത്രി വീണ ജോര്‍ജ്

> **Lead Summary:**  പകര്‍ച്ചപ്പനിയെ ശക്തമായി പ്രതിരോധിക്കുകയാണ് പ്രധാനമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. വെള്ളക്കെട്ടുകളില്‍ ഇറങ്ങുമ്പോള്‍ എലിപ്പനിയുണ്ടാകാനുള്ള സാധ്യതയുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങുന്നവര്‍, പ്രളയ ബാധിത പ്രദേശങ്ങളില്‍ ഉള്ളവര്‍, രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഡോക്സിസൈക്ലിന്‍ കഴിക്കണം.

## Article Content

 പകര്‍ച്ചപ്പനിയെ ശക്തമായി പ്രതിരോധിക്കുകയാണ് പ്രധാനമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. വെള്ളക്കെട്ടുകളില്‍ ഇറങ്ങുമ്പോള്‍ എലിപ്പനിയുണ്ടാകാനുള്ള സാധ്യതയുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങുന്നവര്‍, പ്രളയ ബാധിത പ്രദേശങ്ങളില്‍ ഉള്ളവര്‍, രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഡോക്സിസൈക്ലിന്‍ കഴിക്കണം.

എല്ലാ ക്യാമ്പുകളിലും മെഡിക്കല്‍ ടീം പരിശോധന നടത്തുന്നുണ്ട്.പത്തനംതിട്ട ജില്ലയില്‍ യെല്ലോ അലേര്‍ട്ടാണ്. താഴ്ന്ന പ്രദേശങ്ങളില്‍ ഉള്ളവരെ ക്യാമ്പുകളില്‍ മാറ്റിയിട്ടുണ്ടെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി. മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. മഴ ശമിക്കുമ്പോള്‍ വെള്ളക്കെട്ട് കാണാന്‍ പോകുന്നതും, മീന്‍ പിടിക്കാന്‍ പോകുന്നതും മറ്റും ഒഴിവാക്കണം. ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഓഫീസര്‍മാരെ ചുമതലപ്പെടുത്തണം.

പഞ്ചായത്ത് തലത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. ആവണിപ്പാറയില്‍ താല്‍ക്കാലികമായി ആലപ്പുഴയില്‍ നിന്ന് ബോട്ട് എത്തിക്കും. അരയാഞ്ഞിലിമണ്‍, കുരുമ്പന്‍മൂഴി പ്രദേശങ്ങളില്‍ ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ക്യാമ്പുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച് പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ക്ക് നല്‍കണം. എല്ലാ ദുരിതാശ്വാസക്യാമ്പുകള്‍ കേന്ദ്രീകരിച്ചും കൃത്യമായ ഇടവേളകളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തും. പനി, ഡെങ്കി എന്നിവ കണ്ടെത്തുന്നവരെ ക്യാമ്പുകളില്‍ പ്രത്യേകം പാര്‍പ്പിക്കണം.

ഉദ്യോഗസ്ഥരും ക്യാമ്പില്‍ കഴിയുന്നവരും അടക്കം എല്ലാവരും എലിപ്പനിക്കെതിരായ ഡോക്സിസൈക്ലിന്‍ ഗുളിക നിര്‍ബന്ധമായും കഴിക്കണം. തദ്ദേശഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ക്യാമ്പുകളില്‍ ശുചിത്വം ഉറപ്പുവരുത്തണം. ക്യാമ്പുകളില്‍ വൈദ്യുതി കെഎസ്ഇബി ഉറപ്പാക്കണം. സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ക്യാമ്പുകളിലേക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങളും പാചകവാതകവും വില്ലേജ് ഓഫീസര്‍മാര്‍ക്ക് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127944/veena-george)