---
title: " അതി ശക്തമായ മഴയ്‌ക്കൊപ്പം റോഡ് തകർച്ച: പാടിയോട്ടുചാല്‍ വയക്കര ചെമ്പുല്ലാഞ്ഞി നിവാസികള്‍ ദുരിതത്തിൽ "
english_title: "Residents #Pathiotuchal Wayakkara Chempullanji are #distress"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128252/residents-pathiotuchal-wayakkara-chempullanji-are-distress"
published_at: "2023-07-07T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a7c76007fa4_Picsart_23-07-07_13-35-35-900.jpg"
keywords: []
---

#  അതി ശക്തമായ മഴയ്‌ക്കൊപ്പം റോഡ് തകർച്ച: പാടിയോട്ടുചാല്‍ വയക്കര ചെമ്പുല്ലാഞ്ഞി നിവാസികള്‍ ദുരിതത്തിൽ 

> **Lead Summary:** **ചെറുപുഴ**: കനത്ത മഴയ്‌ക്കൊപ്പം റോഡ് തകരുന്നതിന്റെ ദുരിതം കൂടി അനുഭവിക്കുകയാണ് പാടിയോട്ടുചാല്‍ വയക്കര ചെമ്പുല്ലാഞ്ഞി നിവാസികള്‍.

## Article Content

**ചെറുപുഴ**: കനത്ത മഴയ്‌ക്കൊപ്പം റോഡ് തകരുന്നതിന്റെ ദുരിതം കൂടി അനുഭവിക്കുകയാണ് പാടിയോട്ടുചാല്‍ വയക്കര ചെമ്പുല്ലാഞ്ഞി നിവാസികള്‍.

പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിയിലുള്‍പ്പെടുത്തി നവീകരിക്കുന്ന റോഡ് പ്രവൃത്തി പാതിവഴിയില്‍ നില്‍ക്കെ മഴയെത്തിയതോടെ ചെമ്പുല്ലാഞ്ഞി ഭാഗത്തേക്കുള്ള ഗതാഗതം ദുഷ്‌കരമായി.

സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോകുന്ന വാഹനങ്ങളുള്‍പ്പെടെയുള്ളവയെ കടത്തിവിടാന്‍ കനത്ത മഴയെ അവഗണിച്ചും നാട്ടുകാരുടെ ശ്രമദാനത്തിലൂടെയാണ് റോഡ് ഗതാഗതയോഗ്യമാക്കുന്നത്.

പെരിങ്ങോം വയക്കര പഞ്ചായത്തിലെ 15, 16 വാര്‍ഡുകളിലൂടെ കടന്നുപോകുന്ന വയക്കര പാങ്കയം പോത്താങ്കണ്ടം റോഡിന്റെ 5 കിലോമീറ്റര്‍ വരുന്ന നിര്‍മാണ പ്രവൃത്തി ഈ വര്‍ഷമാദ്യം പൂര്‍ത്തിയാകേണ്ടതായിരുന്നു. റോഡ് നിര്‍മാണം വൈകിയതിന്റെ ദുരിതമാണ് ഈ മഴക്കാലത്ത് ചെമ്പുല്ലാഞ്ഞിക്കാര്‍ അനുഭവിക്കുന്നത്.

കനത്തമഴയെ തുടര്‍ന്ന് ചെമ്പുല്ലാഞ്ഞിയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ റോഡില്‍ സംരക്ഷണഭിത്തി ഉള്‍പ്പെടെ തകര്‍ച്ചാഭീഷണിയിലാണ്. റോഡിന്റെ പലഭാഗത്തും മണ്ണൊലിച്ചുപോയി കുഴികള്‍ രൂപപ്പെട്ടതോടെ കനത്ത മഴയെ അവഗണിച്ചും നാട്ടുകാര്‍ രംഗത്തിറങ്ങേണ്ടി വന്നു. ശ്രമദാനമായി മെറ്റലും മണ്ണും നിരത്തി റോഡ് ഗതാഗതയോഗ്യമാക്കിയാണ് ഇപ്പോള്‍ മിക്കദിവസവും വാഹനങ്ങള്‍ കടത്തിവിടുന്നത്.

ചെമ്പുല്ലാഞ്ഞി ഭാഗത്ത് റോഡ് മുറിച്ചു കടന്നുപോകുന്ന നീര്‍ച്ചാലിന് മഴവെള്ളം ഒഴുകിപ്പോകുന്ന വിധത്തില്‍ കലുങ്ക് അനുവദിച്ചിരുന്നില്ല. ഇവിടെ കലുങ്ക് നിര്‍മിക്കുകയോ കോണ്‍ക്രീറ്റ് പൈപ്പ് ഇടുകയോ വേണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ മെയ് മാസത്തില്‍ നിര്‍വഹണ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പ്രതിഷേധമറിയിച്ചിരുന്നു.

അങ്ങനെ അനുവദിച്ചു കിട്ടിയ കലുങ്കിന്റെ സംരക്ഷണഭിത്തിയാകട്ടെ കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയില്‍ തകര്‍ന്ന നിലയിലാണ്. റോഡിലൂടെ ഒഴുകിയെത്തുന്ന വെള്ളം വഴിതിരിച്ചുവിടാന്‍ ഓവുചാല്‍ നിര്‍മിക്കാത്തതിന്റെ ദുരിതമനുഭവിക്കുന്ന വീടുകളുമുണ്ട് ഇവിടെ.

മുറ്റത്തേക്ക് ഇറങ്ങാന്‍ പറ്റാത്തവിധം കുത്തിയൊലിച്ചെത്തുന്ന മഴവെള്ളം വീട്ടുമുറ്റങ്ങളില്‍ കെട്ടിക്കിടക്കുന്നതായും വീട്ടുകാര്‍ പരാതിപ്പെടുന്നു.   പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിയിലുള്‍പ്പെടുത്തി 2022 ജനുവരിയില്‍ പ്രവൃത്തി ആരംഭിച്ചതാണ് ഈ റോഡ്. റോഡിന്റെ ഇരുഭാഗത്തുമായി ഏറ്റവുമധികം ജനങ്ങള്‍ വസിക്കുന്നയിടമാണ് വയക്കര ചെമ്പുല്ലാഞ്ഞി പ്രദേശം.

അങ്ങനെ യാത്രാ സൗകര്യമുള്ള നല്ല റോഡ് പ്രതീക്ഷിച്ചിരുന്ന ചെമ്പുല്ലാഞ്ഞിക്കാര്‍ക്ക് ഈ മഴക്കാലം കടുത്ത ദുരിതമാണ് സമ്മാനിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128252/residents-pathiotuchal-wayakkara-chempullanji-are-distress)