---
title: "കര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്രൈഡേ ആചരണം ഊര്‍ജ്ജിതപ്പെടുത്താന്‍ തീരുമാനം. "
english_title: "It has been decided to intensify dry day observance on Fridays, Saturdays and Sundays as part of epidemic prevention activities. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128384/it-has-been-decided-to-intensify-dry-day-observance-on-fridays-saturdays-and-sundays-as-part-of-epidemic-prevention-activities"
published_at: "2023-07-07T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a83a7c36ddd_asgsdhdry_day.jpg"
keywords: []
---

# കര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്രൈഡേ ആചരണം ഊര്‍ജ്ജിതപ്പെടുത്താന്‍ തീരുമാനം. 

> **Lead Summary:** **കല്‍പ്പറ്റ: **പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്രൈഡേ ആചരണം ഊര്‍ജ്ജിതപ്പെടുത്താന്‍ തീരുമാനം. വെള്ളിയാഴ്ച സ്‌കൂളുകള്‍, ശനിയാഴ്ച ഓഫീസുകള്‍, ഞായറാഴ്ച വീടുകള്‍ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. ഡെങ്കിപ്പനി വ്യാപനം തടയാന്‍ കൊതുകിന്റെ ഉറവിട നശീകരണം അടിയന്തരമായി നടത്തണം. ശുചീകരണം ഫലപ്രദമാണെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്നും തീരുമാനം.ടി. സിദ്ദിഖ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പകര്‍ച്ചവ്യാധി പ്രതിരോധ യോഗത്തിലാണ് തീരുമാനം.

## Article Content

**കല്‍പ്പറ്റ: **പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്രൈഡേ ആചരണം ഊര്‍ജ്ജിതപ്പെടുത്താന്‍ തീരുമാനം. വെള്ളിയാഴ്ച സ്‌കൂളുകള്‍, ശനിയാഴ്ച ഓഫീസുകള്‍, ഞായറാഴ്ച വീടുകള്‍ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. ഡെങ്കിപ്പനി വ്യാപനം തടയാന്‍ കൊതുകിന്റെ ഉറവിട നശീകരണം അടിയന്തരമായി നടത്തണം. ശുചീകരണം ഫലപ്രദമാണെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്നും തീരുമാനം.ടി. സിദ്ദിഖ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പകര്‍ച്ചവ്യാധി പ്രതിരോധ യോഗത്തിലാണ് തീരുമാനം.

തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുടെയും ഏജന്‍സികളുടെയും സംയുക്താഭിമുഖ്യത്തില്‍ ജനപങ്കാളിത്വത്തോടെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ആരോഗ്യ വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഐ.ടി.ഡി.പി എന്നിവര്‍ സഹകരിച്ച് ജില്ലയിലെ കോളനികളില്‍ ക്ലോറിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും. കൊതുകിന്റെ ഉറവിട നശീകരണത്തിനുള്ള മാര്‍ഗങ്ങളും സ്വീകരിക്കും. പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ട്രൈബല്‍ പ്രൊമോട്ടര്‍, വാര്‍ഡ് മെമ്പര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രത്യേക യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും യോഗം നിര്‍ദ്ദേശിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷന്മാര്‍ എല്ലാ വാര്‍ഡുകളിലും വാര്‍ഡ് ആരോഗ്യ ശുചിത്വ പോഷണ സമിതി കൃത്യമായ ഇടവേളകളില്‍ ചേരുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. സമിതിയില്‍ ഓരോ പ്രദേശത്തെയും ജീവിത ശൈലി രോഗങ്ങള്‍ അവലോകനം ചെയ്യാനും യോഗം നിര്‍ദ്ദേശിച്ചു. കൊതുകിന്റെ ഉറവിട നശീകരണം കൃത്യമായി നടത്തുന്നുണ്ടെന്നും ഉറപ്പുവരുത്തണം. ഭക്ഷ്യ സുരക്ഷ വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പരിശോധന നടത്തും.  ശുദ്ധജലത്തിന്റെ ലഭ്യതയും ജല പരിശോധനയും നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ജലവിഭവ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. എല്ലാ വിദ്യാലയങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ അവരവരുടെ വീടുകളില്‍ ഉറവിടം നശീകരണം നടത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് ബോധവത്ക്കണരണം നടത്തും. സ്‌കൂളുകള്‍, അങ്കണവാടികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, അഥിതി തൊഴിലാളികള്‍ എന്നിവരെ കേന്ദ്രീകരിച്ച് ബോധവത്കരണം നടത്തും. മലിനജലാവുമായി സമ്പര്‍ക്കത്തില്‍ വരാന്‍ സാധ്യതയുള്ള എല്ലാവരും എലിപ്പനിക്കെതിരെയുള്ള പ്രതിരോധ ഗുളികകള്‍ കഴിച്ചു എന്നുറപ്പ് വരുത്തണം. ക്ഷയരോഗ നിര്‍മാര്‍ജ്ജനത്തിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ടി.ബി രഹിത പഞ്ചായത്ത് എന്നതിലേക്ക് എത്താന്‍ തദ്ദേശസ്ഥാപന തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനും യോഗം തീരുമാനിച്ചു.

നഗരസഭ ചെയര്‍മാന്‍മാരായ കേയംതൊടി മുജീബ്, ടി.കെ രമേശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ നസീമ, ഗിരിജ കൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എച്ച്.ബി പ്രദീപ്, എ.ഡി.എം എന്‍.ഐ ഷാജു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ദീനീഷ്, ഡി.പി.എം ഡോ. സമീഹ സെയ്തലവി, ജില്ലാ ടി.ബി ഓഫീസര്‍ ഡോ. കെ.വി സിന്ധു, ജില്ലാ മാസ്മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, തദ്ദേശസ്ഥാപന അദ്ധ്യക്ഷന്മാര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

**ഡ്രൈഡേ ആചരിക്കണം**

*വെള്ളിയാഴ്ച സ്‌കൂളുകള്‍, ശനിയാഴ്ച ഓഫീസുകള്‍, ഞായറാഴ്ച വീടുകള്‍ എന്നിങ്ങനെ ഡ്രൈ ഡേ ആചരിക്കണം.

*കൊതുകുകളുടെ ഉറവിട നശീകരണം രോഗ പ്രതിരോധത്തില്‍ ഏറ്റവും പ്രധാനമാണ്.

*വീട്ടിനകത്തും പുറത്തും വെള്ളം കെട്ടി നില്‍ക്കാനുളള സാഹചര്യം ഇല്ലാതാക്കണം.

*ചിരട്ട, പ്ലാസ്റ്റിക്ക് കവറുകള്‍, പാത്രങ്ങള്‍, ചെടിച്ചട്ടികള്‍, ടയര്‍, കമുകിന്‍പാള, റെഫ്രിജറേറ്ററിന്റെ ട്രേ കൂളറിന്റെ ഉള്‍വശം തുടങ്ങിയവയില്‍ വെളളം കെട്ടി കിടക്കാതെ നോക്കണം.

*വീടിനുള്ളില്‍ വളര്‍ത്തുന്ന ചെടികളില്‍ (ഇന്‍ഡോര്‍ പ്ലാന്റ്‌സ്) ഈഡിസ് കൊതുകുകള്‍ വളരാനുളള സാധ്യത വളരെ കൂടുതലാണ്. ആഴ്ചയിലൊരിക്കല്‍ ഇത്തരം ചെടികളുടെ ചെടിച്ചട്ടികളുടെ അടിയിലെ പാത്രങ്ങളില്‍ കെട്ടി കിടക്കുന്ന വെളളം ഒഴിവാക്കണം.

*വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതില്‍ വീഴ്ച വരുത്തരുത്.

*കൊതുകുകള്‍ കടിക്കാതിരിക്കാനുളള വ്യക്തിഗത സുരക്ഷാമാര്‍ഗങ്ങള്‍ ഉപയോഗിക്കണം.

 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128384/it-has-been-decided-to-intensify-dry-day-observance-on-fridays-saturdays-and-sundays-as-part-of-epidemic-prevention-activities)