---
title: " വന്‍ കുഴല്‍പണവേട്ട; രണ്ട് കോടി രൂപയുമായി താമരശ്ശേരി സ്വദേശി പിടിയിൽ "
english_title: "A native of Thamarassery #arrested with #Rs.2 crores"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128537/a-native-of-thamarassery-arrested-with-rs2-crores"
published_at: "2023-07-08T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a91e76010a8_Picsart_23-07-08_13-59-26-357.jpg"
keywords: []
---

#  വന്‍ കുഴല്‍പണവേട്ട; രണ്ട് കോടി രൂപയുമായി താമരശ്ശേരി സ്വദേശി പിടിയിൽ 

> **Lead Summary:**  ദേശീയപാത കാക്കഞ്ചോരിയില്‍ വാഹന പരിശോധനക്കിടെ രണ്ട് കോടി രൂപയുടെ കുഴല്‍ പണവുമായി താമരശ്ശേരി പരപ്പന്‍ പൊയില്‍ സ്വദേശി കല്ലുവെട്ടിക്കുഴിയില്‍ വീട്ടില്‍ അഷ്റഫ് പൊലിസിന്റെ പിടിയിലായി.

## Article Content

 ദേശീയപാത കാക്കഞ്ചോരിയില്‍ വാഹന പരിശോധനക്കിടെ രണ്ട് കോടി രൂപയുടെ കുഴല്‍ പണവുമായി താമരശ്ശേരി പരപ്പന്‍ പൊയില്‍ സ്വദേശി കല്ലുവെട്ടിക്കുഴിയില്‍ വീട്ടില്‍ അഷ്റഫ് പൊലിസിന്റെ പിടിയിലായി.

മലപ്പുറം ജില്ലാ പൊലിസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് തേഞ്ഞിപ്പാലം പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ കാക്കഞ്ചേരിയില്‍ വെച്ച്  എസ്.എച്ച്.ഒ കെ.ഒ പ്രദീപിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് കാറില്‍ നിന്നും പണം കണ്ടെടുത്തത്.

വിവിധയാളുകള്‍ക്ക് വിതരണം ചെയ്യുന്നതിനായി കൊടുവള്ളിയില്‍ നിന്നും കോഴിക്കോട് - തൃശൂര്‍ ദേശീയപാതയിലൂടെ കാറില്‍ പണവുമായി പോകുന്നതിനിടെയാണ് കാക്കഞ്ചേരിയില്‍ വെച്ച് അശ്‌റഫ് പൊലിസിന്റെ പിടിയിലായത്.

500 രൂപയുടെ നോട്ടുകെട്ടുകള്‍ കാറിന്റെ മുന്‍വശത്തെ സീറ്റുകളുടെ അടി വശത്തായി നിര്‍മിച്ച രഹസ്യ അറയിലാണ് സൂക്ഷിച്ചിരുന്നത്. സാധാരണ വാഹന പരിശോധനക്കെന്നോണം വാഹനം കൈകാണിച്ച് നിര്‍ത്തിക്കുകയായിരുന്നു പൊലിസ്.

തുടര്‍ന്ന് വാഹനം പൂര്‍ണമായും പരിശോധന നടത്തിയാണ് സീറ്റിനടിയിലെ രഹസ്യ അറയും പണവും കണ്ടെത്തിയത്. തേഞ്ഞിപ്പലം എസ്.എച്ച്.ഒ കെ.ഒ പ്രതീപ്, എസ്.ഐ എ. കൃഷ്ണദാസ്, എ.എസ്.ഐമാരായ വി. വേലായുധന്‍, സി.പി സജീവന്‍, എസ്.സി.പി.ഒമാരായ സി.പി സനല്‍, എന്‍. പ്രതാപന്‍, സി. അനില്‍ കുമാര്‍ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128537/a-native-of-thamarassery-arrested-with-rs2-crores)