---
title: "പ്രവാസി സഹകരണ സംഘങ്ങള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം"
english_title: "Expatriate Co-operative Societies can apply for financial assistance"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12860/expatriate-co-operative-societies-can-apply-for-financial-assistance"
published_at: "2021-11-26T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a065d520237_images - 2021-11-24T065920.005.jpeg"
keywords: []
---

# പ്രവാസി സഹകരണ സംഘങ്ങള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം

> **Lead Summary:** **കണ്ണൂര്‍** :നോര്‍ക്ക-റൂട്ട്‌സ് മുഖേന പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവാസി പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് ഒറ്റത്തവണ ധനസഹായം നല്‍കുന്നത്. മൂന്നു ലക്ഷം രൂപ വരെയാണ് ധനസഹായം.

## Article Content

**കണ്ണൂര്‍** :നോര്‍ക്ക-റൂട്ട്‌സ് മുഖേന പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവാസി പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് ഒറ്റത്തവണ ധനസഹായം നല്‍കുന്നത്. മൂന്നു ലക്ഷം രൂപ വരെയാണ് ധനസഹായം.

സഹകരണ സംഘങ്ങളുടെ അടച്ചുതീര്‍ത്ത ഓഹരി മൂലധനത്തിന്റെ അഞ്ച് ഇരട്ടിക്ക് സമാനമായ തുകയോ അല്ലെങ്കില്‍ പരമാവധി ഒരു ലക്ഷം രൂപയോ ഏതാണോ കുറവ്, ആ തുക ഷെയര്‍ പാരിറ്റിയായും രണ്ടു ലക്ഷം രൂപ പ്രവര്‍ത്തന മൂലധനമായും നല്‍കും. അപേക്ഷിക്കുന്ന സമയത്ത് സംഘത്തില്‍ 50 അംഗങ്ങളെങ്കിലും വേണം. രജിസ്‌ട്രേഷന്‍ കഴിഞ്ഞു രണ്ടു വര്‍ഷം പൂര്‍ത്തിയായിരിക്കണം. എ, ബി ക്ലാസ് അംഗങ്ങള്‍ പ്രവാസികള്‍/തിരിച്ചു വന്നവരായിരിക്കണം. ബൈലോയില്‍ സര്‍ക്കാര്‍ ധനസഹായം സ്വീകരിക്കുന്നതിന് വ്യവസ്ഥ ഉണ്ടായിരിക്കണം. സംഘത്തിന്റെ മുന്‍ സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് ഹാജരാക്കുകയും വേണം.

പൊതുജന താല്‍പര്യമുളള ഉല്‍പാദന, സേവന, ഐ ടി, തൊഴില്‍ സംരംഭങ്ങള്‍ (കൃഷി, മൃഗസംരക്ഷണം, ക്ഷീര വികസനം, ചെറുകിടവ്യവസായം, മല്‍സ്യമേഖല, മൂല്ല്യവര്‍ധിത ഉല്‍പന്ന നിര്‍മ്മാണം, സേവന മേഖല, നിര്‍മ്മാണ മേഖല) എന്നിവയിലൂടെ കുറഞ്ഞത് 10 പേര്‍ക്കെങ്കിലും തൊഴിലും വരുമാനവും ലഭ്യമാകുന്ന സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അല്ലെങ്കില്‍ നിലവിലുളള സംരംഭങ്ങള്‍ മേല്‍പ്രകാരം തൊഴില്‍ ലഭ്യമാകത്തക്ക തരത്തില്‍ വികസിപ്പിക്കുന്നതിനുമാണ് രണ്ട് ലക്ഷം രൂപ പ്രവര്‍ത്തന മൂലധനം നല്‍കുന്നത്. സംഘം നേരിട്ട് നടത്തുന്ന സംരംഭങ്ങള്‍, സംഘത്തിലെ അംഗങ്ങള്‍ ഒറ്റക്കോ/കൂട്ടായോ നടത്തുന്ന സംരംഭങ്ങള്‍ എന്നിവക്കാണ് ധനസഹായം നല്‍കുക.  

അപേക്ഷാ ഫോറം www.norkaroots.org ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ അവശ്യ രേഖകളായ ഭരണസമിതി തീരുമാനം, പദ്ധതി രേഖ, ഏറ്റവും പുതിയ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്, താല്‍ക്കാലിക കട ധന പട്ടിക എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം 2021 ഡിസംബര്‍ 10 നകം ചീഫ് എക്‌സിക്ക്യൂട്ടീവ് ഓഫീസര്‍, നോര്‍ക്ക-റൂട്ട്‌സ്, നോര്‍ക്ക സെന്റര്‍, 3ാം നില, തൈക്കാട്, തിരുവനന്തപുരം-695 014 എന്ന വിലാസത്തില്‍ ലഭിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org സന്ദര്‍ശിക്കുക. 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്ത് നിന്നും മിസ്ഡ് കോള്‍ സേവനം) എന്നീ ടോള്‍ഫ്രീ നമ്പറുകളില്‍ വിളിക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12860/expatriate-co-operative-societies-can-apply-for-financial-assistance)