---
title: "അടയ്ക്കാത്തോട് പടിയക്കണ്ടത്തിൽ തോമസിന്റെ പഴത്തോട്ടത്തിൽ ഇപ്പോൾ വിദേശയിനം ഫലമായ ലാങ്സാറ്റിന്റെ വിളവെടുപ്പാണ്. "
english_title: "Thomas's orchard at Padiyakandam near Patiyakandam is currently harvesting the exotic fruit langsat. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128796/thomass-orchard-at-padiyakandam-near-patiyakandam-is-currently-harvesting-the-exotic-fruit-langsat"
published_at: "2023-07-09T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aa55a00278e_hbkjnl.jpg"
keywords: []
---

# അടയ്ക്കാത്തോട് പടിയക്കണ്ടത്തിൽ തോമസിന്റെ പഴത്തോട്ടത്തിൽ ഇപ്പോൾ വിദേശയിനം ഫലമായ ലാങ്സാറ്റിന്റെ വിളവെടുപ്പാണ്. 

> **Lead Summary:** **കേളകം : **അടയ്ക്കാത്തോട് പടിയക്കണ്ടത്തിൽ തോമസിന്റെ പഴത്തോട്ടത്തിൽ ഇപ്പോൾ വിദേശയിനം ഫലമായ ലാങ്സാറ്റിന്റെ വിളവെടുപ്പാണ്. നൂറിലേറെ ഫലവൃക്ഷങ്ങളുള്ള തോമസിന്റെ തോട്ടത്തിൽ ആദ്യമായായാണ് ലാങ്സാറ്റ് വിളഞ്ഞത്. സാവധാനം വളർച്ചയെത്തുന്ന ഇവയിൽനിന്ന്‌ ഫലം കിട്ടിയത് നട്ട് 15 വർഷത്തിനുശേഷമാണ്. ഏപ്രിൽമുതൽ സെപ്റ്റംബർവരെയാണ് ലാങ്സാറ്റ് വിളയുന്നത്. നെല്ലിക്കയുടെ വലുപ്പമുളള കായകൾ കുലകളായി തായ്‌ത്തടിയിലോ വലിയ ശാഖകളിലോ ആണ് ഉണ്ടാകുന്നത്. കായ പഴുക്കുമ്പോൾ മഞ്ഞനിറമാകും. പഴത്തിൽ ഒന്നുമുതൽ അഞ്ചുവരെ വിത്തുകൾ ഉണ്ടാകും.

## Article Content

**കേളകം : **അടയ്ക്കാത്തോട് പടിയക്കണ്ടത്തിൽ തോമസിന്റെ പഴത്തോട്ടത്തിൽ ഇപ്പോൾ വിദേശയിനം ഫലമായ ലാങ്സാറ്റിന്റെ വിളവെടുപ്പാണ്. നൂറിലേറെ ഫലവൃക്ഷങ്ങളുള്ള തോമസിന്റെ തോട്ടത്തിൽ ആദ്യമായായാണ് ലാങ്സാറ്റ് വിളഞ്ഞത്. സാവധാനം വളർച്ചയെത്തുന്ന ഇവയിൽനിന്ന്‌ ഫലം കിട്ടിയത് നട്ട് 15 വർഷത്തിനുശേഷമാണ്. ഏപ്രിൽമുതൽ സെപ്റ്റംബർവരെയാണ് ലാങ്സാറ്റ് വിളയുന്നത്. നെല്ലിക്കയുടെ വലുപ്പമുളള കായകൾ കുലകളായി തായ്‌ത്തടിയിലോ വലിയ ശാഖകളിലോ ആണ് ഉണ്ടാകുന്നത്. കായ പഴുക്കുമ്പോൾ മഞ്ഞനിറമാകും. പഴത്തിൽ ഒന്നുമുതൽ അഞ്ചുവരെ വിത്തുകൾ ഉണ്ടാകും.

പരന്ന വിത്തുകൾ കയ്‌പ്പുള്ളതാണ്. ഇവയെ പൊതിഞ്ഞിരിക്കുന്ന മാംസളഭാഗം അർധസുതാര്യമാണ്. മധുരപ്പുളിയുള്ളതാണ്‌ ഫലം. 30 മീറ്റർ ഉയരത്തിൽവരെ ലാങ്സാറ്റ് മരം വളരും. പഴച്ചാറിൽ നിന്ന് ജ്യൂസും സ്വാകാഷും നിർമിക്കാം. കയ്‌പ്പേറിയ വിത്തുകൾ മരുന്നിന്‌ ഉപയോഗിക്കുന്നുണ്ട്. പഴത്തിന്റെ തൊലി കൊതുകുനിവാരണത്തിനും സുഗന്ധത്തിനും കത്തിക്കാറുണ്ട്.

കാഠിന്യവും ഉറപ്പും ഉള്ളതിനാൽ തടി നിർമാണാവശ്യങ്ങൾക്കും ഉപയോഗിക്കുന്നു. തെക്കുകിഴക്കൻ ഏഷ്യയുടെ പടിഞ്ഞാറൻ പ്രദേശത്താണ് ലാങ്സാറ്റിന്റെ ഉദ്‌ഭവം. മലേഷ്യ, തായ്‌ലാൻഡ്‌, ഫിലിപ്പീൻസ്, ഇൻഡൊനീഷ്യ എന്നിവിടങ്ങളിലാണ് ലാങ്സാറ്റ് ഏറ്റവുമധികമുള്ളത്‌.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128796/thomass-orchard-at-padiyakandam-near-patiyakandam-is-currently-harvesting-the-exotic-fruit-langsat)