---
title: "മുക്കോലിയിൽ കിണറ്റിൽ കുടുങ്ങിയ മഹാരാജൻ മരിച്ചു; മൃതദേഹം പുറത്തെത്തിച്ചു"
english_title: "Vizhinjam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129009/vizhinjam"
published_at: "2023-07-10T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ab8d36d0af8_images_(14).jpeg"
keywords: []
---

# മുക്കോലിയിൽ കിണറ്റിൽ കുടുങ്ങിയ മഹാരാജൻ മരിച്ചു; മൃതദേഹം പുറത്തെത്തിച്ചു

> **Lead Summary:** **വിഴിഞ്ഞം**: കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിനടിയിൽപ്പെട്ട തൊഴിലാളിയുടെ മൃതദേഹം പുറത്തെത്തിച്ചു. രക്ഷാപ്രവർത്തനം ആരംഭിച്ച് 48 മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

**വിഴിഞ്ഞം**: കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിനടിയിൽപ്പെട്ട തൊഴിലാളിയുടെ മൃതദേഹം പുറത്തെത്തിച്ചു. രക്ഷാപ്രവർത്തനം ആരംഭിച്ച് 48 മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.

ഏകദേശം 90 അടി താഴ്ചയുള്ള കിണറിനുള്ളിൽനിന്ന് വെങ്ങാനൂർ സ്വദേശിയായ മഹാരാജന്റെ (55) മൃതദേഹം ഇന്ന് രാവിലെ 9.45 ഓടെയാണ് പുറത്തെത്തിച്ചത്. ശനിയാഴ്ച രാവിലെ 9.30-നായിരുന്നു അപകടം. എൻ.ഡി.ആർ.എഫ് സംഘം, അൻപതിലധികം അഗ്നിരക്ഷാസേനാംഗങ്ങൾ, 25-ലധികം പോലീസുകാർ, സ്പെഷ്യൽ ടാസ്ക് ഫോഴ്സ് കിണർ നിർമാണത്തിൽ വൈദഗ്ധ്യമുള്ള 25- തൊഴിലാളികൾ എന്നിവരുൾപ്പെടെയുള്ളവർ രണ്ടുദിവസമായി രക്ഷാപ്രവർത്തനം തുടരുകയായിരുന്നു.

ഡെപ്യൂട്ടി കളക്ടറടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു. മേൽമണ്ണു മാറ്റി കിണറിന്റെ അടിത്തട്ടിലെത്തി മഹാരാജനെ രക്ഷിക്കാൻ നിരവധി തവണയാണ് രക്ഷാസംഘം ശ്രമിച്ചത്.

എന്നാൽ, കിണറിന്റെ മുകൾഭാഗത്തുള്ള ഉറകൾ ഇളകിവീണ് മണ്ണിടിഞ്ഞതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായി. കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തിരുന്നതിനാൽ കിണറിനുള്ളിൽ വെള്ളക്കെട്ടുണ്ടായതും വെല്ലുവിളിയുയർത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129009/vizhinjam)