---
title: "ആഫ്രിക്കന്‍ പന്നിപ്പനി - ഉദയഗിരി ഫാമുകളിലെ പന്നികളെ ദയാവധത്തിനിരയാക്കല്‍ നടപടി തുടങ്ങി "
english_title: "African swine fever-virus in udhayagiri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129036/african-swine-fever-virus-in-udhayagiri"
published_at: "2023-07-10T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ab9e86bfa14_fever6000-1688939807.jpg"
keywords: []
---

# ആഫ്രിക്കന്‍ പന്നിപ്പനി - ഉദയഗിരി ഫാമുകളിലെ പന്നികളെ ദയാവധത്തിനിരയാക്കല്‍ നടപടി തുടങ്ങി 

> **Lead Summary:** **ആലക്കോട്**: കണ്ണൂര്‍ ജില്ലയുടെ മലയോരമേഖലയില്‍ ആഫ്രിക്കന്‍ പന്നിപ്പനി പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് ഫാമുകളിലെ പന്നികളെ ദയാവധത്തിനിരയാക്കല്‍ നടപടി തുടങ്ങി. ഉദയഗിരി ഗ്രാമപഞ്ചായത്തിലെ ബാബു പുതുപറമ്പില്‍ മണക്കടവ്, സിബി പുത്തന്‍പുരയില്‍ താളിപ്പാറ എന്നിവരുടെ ഉടമസ്ഥതയിലുള്ള പന്നി ഫാമുകളിലാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്.

## Article Content

**ആലക്കോട്**: കണ്ണൂര്‍ ജില്ലയുടെ മലയോരമേഖലയില്‍ ആഫ്രിക്കന്‍ പന്നിപ്പനി പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് ഫാമുകളിലെ പന്നികളെ ദയാവധത്തിനിരയാക്കല്‍ നടപടി തുടങ്ങി. ഉദയഗിരി ഗ്രാമപഞ്ചായത്തിലെ ബാബു പുതുപറമ്പില്‍ മണക്കടവ്, സിബി പുത്തന്‍പുരയില്‍ താളിപ്പാറ എന്നിവരുടെ ഉടമസ്ഥതയിലുള്ള പന്നി ഫാമുകളിലാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്.

ഈ ഫാമിലെയും രോഗബാധിത മേഖലയിലുള്ള മറ്റു 23 ഫാമുകളിലെയും മുഴുവന്‍ പന്നികളെയും അടിയന്തിരമായി ഉന്മൂലനം ചെയ്ത് മറവ് ചെയ്യാനും പ്രഭവ കേന്ദ്രത്തിനു പുറത്ത് 10 കിലോമീറ്റര്‍ ചുറ്റളവില്‍ രോഗനിരീക്ഷണം ഏര്‍പ്പെടുത്താനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദയാവധത്തിനിരയാക്കല്‍ തുടങ്ങിയത്.

പന്നികളെ ഉന്മൂലനം ചെയ്ത് ജഡങ്ങള്‍ മാനദണ്ഡങ്ങള്‍ പ്രകാരം സംസ്‌കരിച്ച് ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്യാനും കലക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉദയഗിരി ഗ്രാമ പഞ്ചായത്തിലെ രോഗം സ്ഥിരീകരിച്ച പന്നി ഫാമുകളില്‍ നിന്നും മറ്റ് പന്നി ഫാമുകളിലേക്ക് കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കുള്ളില്‍ പന്നികളെ കൊണ്ടുപോയിട്ടുണ്ടോയെന്നു പരിശോധിച്ചു അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും പന്നി മാംസവും പന്നികളെയും അനധികൃതമായി ജില്ലയിലേക്ക് കടത്താന്‍ സാധ്യതയുള്ളതിനാല്‍ ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള മറ്റ് പ്രവേശന മാര്‍ഗങ്ങളിലും പോലീസുമായും ആര്‍ടിഒയുമായും ചേര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് കര്‍ശന പരിശോധന നടത്തും.

വെറ്ററിനറി ഓഫീസര്‍ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും ദയാവധം പൂര്‍ത്തിയായാല്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസിന്റെ നേതൃത്വത്തില്‍ ഫാമുകളില്‍ ഫ്യുമിഗേഷന്‍ നടത്താനും കലക്ടര്‍ ഉത്തരവിട്ടു. നേരത്തെ കണിച്ചാര്‍ പഞ്ചായത്തിലെ സ്വകാര്യവ്യക്തിയുടെ ഫാമിലെ പന്നികള്‍ക്കും ആഫ്രിക്കന്‍ പന്നിപ്പനി ബാധിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129036/african-swine-fever-virus-in-udhayagiri)