---
title: "ഉത്തരേന്ത്യയിലെ മിന്നൽ പ്രളയം - ഇതുവരെ 22 മരണം"
english_title: "Heavy rainfall in north india"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129041/heavy-rainfall-in-north-india"
published_at: "2023-07-10T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aba0d072d1c_reporterlive_2023-07_98ed41ba-4e4a-4edc-9975-3acac3fae5ea_BeFunky_collage__28_.jpg"
keywords: []
---

# ഉത്തരേന്ത്യയിലെ മിന്നൽ പ്രളയം - ഇതുവരെ 22 മരണം

> **Lead Summary:** **ഡൽഹി**: ഹിമാചൽപ്രദേശ്, പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിൽ ഇന്നും അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉത്തരേന്ത്യയിൽ പലയിടത്തും കനത്ത മഴക്കും സാധ്യതയുണ്ട്. ഉത്തരേന്ത്യയിൽ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ 22 മരണമാണ് ഇത് വരെ റിപ്പോർട്ട് ചെയ്തത്. ഡൽഹി, രാജസ്ഥാൻ, ഹരിയാന, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഹിമാചൽപ്രദേശ്, ജമ്മുകശ്മീർ, പഞ്ചാബ് എന്നിവി‌ടങ്ങളിൽ ര‌ണ്ടു ദിവസമായി കനത്ത മഴ തുടരുകയാണ്.

## Article Content

**ഡൽഹി**: ഹിമാചൽപ്രദേശ്, പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിൽ ഇന്നും അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉത്തരേന്ത്യയിൽ പലയിടത്തും കനത്ത മഴക്കും സാധ്യതയുണ്ട്. ഉത്തരേന്ത്യയിൽ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ 22 മരണമാണ് ഇത് വരെ റിപ്പോർട്ട് ചെയ്തത്. ഡൽഹി, രാജസ്ഥാൻ, ഹരിയാന, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഹിമാചൽപ്രദേശ്, ജമ്മുകശ്മീർ, പഞ്ചാബ് എന്നിവി‌ടങ്ങളിൽ ര‌ണ്ടു ദിവസമായി കനത്ത മഴ തുടരുകയാണ്.

കേരളത്തിലും ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകുമെന്നാണ് പ്രവചനം. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ ഇന്നത്തെ കാലാവസ്ഥാ പ്രവചനം ഇങ്ങനെ.

*വടക്കു പടിഞ്ഞാറൻ ഇന്ത്യ*: പ‌ടിഞ്ഞാറൻ ഹിമാലയൻ മേഖല, പഞ്ചാബ്, ഹരിയാന, ചണ്ഡീ​ഗഡ്, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ തിങ്കളാഴ്ച ഒറ്റപ്പെട്ട കനത്തതോ അതിശക്തമായതോ ആയ മഴക്കൊപ്പം നേരിയതോ മിതമായതോ ആയ വ്യാപക മഴ പ്രതീക്ഷിക്കണം. ഉത്തർപ്രദേശിൽ ഒറ്റപ്പെട്ട അതിശക്തമായ മഴ അനുഭവപ്പെടാം. ജൂലൈ 10-12 വരെ കനത്തതോ അതിശക്തമായതോ ആയ മഴക്ക് സാധ്യതയുണ്ട്.

*പ‌ടിഞ്ഞാറൻ ഇന്ത്യ*: അടുത്ത 3 ദിവസം കൊങ്കണിലും ​ഗോവയിലും മധ്യ മഹാരാഷ്ട്രയിലെയും ​ഗുജറാത്തിലെയും ചുരം മേഖലകളിലും ഒറ്റപ്പെട്ട കനത്ത മഴ തുടരും. തുടർന്ന് മഴ കുറയാനും സാധ്യതയുണ്ട്.

*കിഴക്ക്, വടക്കുകിഴക്കൻ ഇന്ത്യ*: അടുത്ത 5 ദിവസങ്ങളിൽ ഉപഹിമാലയൻ പശ്ചിമബം​ഗാൾ , സിക്കിം, അസം, മേഘാലയ, അരുണാചൽപ്രദേശ്, നാ​ഗാലാൻ്റ്, മണിപ്പൂർ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ടതോ കനത്തതോ അതിശക്തമായതോ ആയ മഴക്ക് സാധ്യതയുണ്ട്. ഒഡീഷയിൽ ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകും. ജാർഖണ്ഡിലും ജൂലൈ 10 മുതൽ 12 വരെ ഒറ്റപ്പെട്ട കനത്ത മഴ പെയ്തേക്കും. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ തിങ്കളാഴ്ച മുതൽ ഒറ്റപ്പെട്ട കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം. ബിഹാറിലും കനത്തതോ അതിശക്തമായതോ മഴ ലഭിച്ചേക്കാം.

*മധ്യ ഇന്ത്യ*: അടുത്ത 5 ദിവസങ്ങളിൽ മേഖലയിൽ ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ട്. പശ്ചിമ മധ്യപ്രദേശിൽ തിങ്കളാഴ്ച ഒറ്റപ്പെട്ട കനത്തതോ അതിശക്തമായതോ ആയ മഴ ലഭിച്ചേക്കാം.

*ദക്ഷിണേന്ത്യ*: അടുത്ത അഞ്ച് ദിവസങ്ങളിൽ തീരദേശ കർണാടകയിലും കേരളത്തിലും ഒറ്റപ്പെട്ട കനത്ത മഴക്കൊപ്പം നേരിയതോ മിതമായതോ ആയ വ്യാപകമായ മഴക്ക് സാധ്യതയുണ്ട്.

അതേസമയം 40 വർഷത്തിനിടെ ഡൽഹിയിൽ പെയ്യുന്ന റെക്കോർഡ് മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. ഡൽഹിയിൽ 1982ന് ശേഷം ജൂലൈ മാസത്തിലെ ഒരു ദിവസം പെയ്ത ഏറ്റവും ഉയർന്ന മഴയാണിതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 153 മില്ലിമീറ്റർ മഴയാണ് ഈ ദിവസം രേഖപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129041/heavy-rainfall-in-north-india)