---
title: "ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം: വീട് തകർന്നു"
english_title: "Chinnakanal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129086/chinnakanal"
published_at: "2023-07-10T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64abbd34e2c8a_Picsart_23-07-10_13-41-17-953.jpg"
keywords: []
---

# ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം: വീട് തകർന്നു

> **Lead Summary:** ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ വീട് തകർന്നു. 301 കോളനി സ്വദേശി ജ്യോതിഅമ്മാളിന്റെ വീടാണ് തകർന്നത്. അരിക്കൊമ്പനെ കാട് കടത്തിയ ശേഷം ആദ്യമായാണ് മേഖലയിൽ വീടിന് നേരെ കാട്ടാന ആക്രമണം ഉണ്ടാകുന്നത്.

## Article Content

ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ വീട് തകർന്നു. 301 കോളനി സ്വദേശി ജ്യോതിഅമ്മാളിന്റെ വീടാണ് തകർന്നത്. അരിക്കൊമ്പനെ കാട് കടത്തിയ ശേഷം ആദ്യമായാണ് മേഖലയിൽ വീടിന് നേരെ കാട്ടാന ആക്രമണം ഉണ്ടാകുന്നത്.

 ജ്യോതിയമ്മളും മകൾ ഷീലയും താമസിക്കുന്ന വീടിന് നേരെയാണ് കഴിഞ്ഞ ദിവസം ആനയുടെ ആക്രമണം ഉണ്ടായത്. വീടിന്റെ അടുക്കള ഭാഗത്തെ ഭിത്തിയും മുൻ വാതിലും ആനയുടെ ആക്രമണത്തിൽ തകർന്നു.

ചക്കകൊമ്പനാണ് ആക്രമണം നടത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്.  ജ്യോതിയമ്മാളും കുടുംബവും കഴിഞ്ഞ ദിവസം മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി മറയൂരിലെ ബന്ധു വീട്ടിലേക്ക് പോയിരുന്നു. ഈ സമയത്താണ് ആക്രമണം നടന്നത്.

അരിക്കൊമ്പൻ ചിന്നക്കനാലിൽ നിന്നും പോയതിന് ശേഷം മേഖലയിൽ വീടുകൾക്കും കടകൾക്കും നേരെയുള്ള കാട്ടാന ആക്രമണം നിലച്ചിരുന്നു. ഏതാനും ദിവസങ്ങളായി ചക്കകൊമ്പൻ ജനവാസ മേഖലയോട് ചേർന്നാണ് തമ്പടിച്ചിരിയ്ക്കുന്നത്. വീണ്ടും ആക്രമണം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129086/chinnakanal)