---
title: "മയ്യില്‍ എട്ടേയാര്‍ ജംഗ്ഷനില്‍ അപകടഭീഷണിയുയര്‍ത്തി കൂറ്റന്‍ മരങ്ങള്‍."
english_title: "Huge# trees pose a danger # Etteyar Junction in May"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129924/huge-trees-pose-a-danger-etteyar-junction-in-may"
published_at: "2023-07-13T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64afb0096289f_Picsart_23-07-13_13-34-05-390.jpg"
keywords: []
---

# മയ്യില്‍ എട്ടേയാര്‍ ജംഗ്ഷനില്‍ അപകടഭീഷണിയുയര്‍ത്തി കൂറ്റന്‍ മരങ്ങള്‍.

> **Lead Summary:** **മയ്യില്‍**: എട്ടേയാര്‍ ജംഗ്ഷനില്‍ അപകടഭീഷണിയുയര്‍ത്തി കൂറ്റന്‍ മരങ്ങള്‍. മൂന്നിലേറെ കൂറ്റന്‍ മരങ്ങളാണ് എട്ടേയാറില്‍ യാത്രക്കാര്‍ക്കും, വാഹനങ്ങള്‍ക്കും, ബസ് കാത്തിരിപ്പു കേന്ദ്രത്തിനും, പരിസരത്തെ കടകള്‍ക്കും, വൈദ്യുതി ലൈനുകള്‍ക്കും അപകടഭീഷണിയായി തീരുന്നത്.

## Article Content

**മയ്യില്‍**: എട്ടേയാര്‍ ജംഗ്ഷനില്‍ അപകടഭീഷണിയുയര്‍ത്തി കൂറ്റന്‍ മരങ്ങള്‍. മൂന്നിലേറെ കൂറ്റന്‍ മരങ്ങളാണ് എട്ടേയാറില്‍ യാത്രക്കാര്‍ക്കും, വാഹനങ്ങള്‍ക്കും, ബസ് കാത്തിരിപ്പു കേന്ദ്രത്തിനും, പരിസരത്തെ കടകള്‍ക്കും, വൈദ്യുതി ലൈനുകള്‍ക്കും അപകടഭീഷണിയായി തീരുന്നത്.

മയ്യിലിനു സമീപം എട്ടേയാര്‍ ജംഗ്ഷനിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള പടുകൂറ്റന്‍ മരങ്ങള്‍ ജനജീവിതത്തിനു ഭീഷണിയായി തീരുകയാണ്. മയ്യില്‍ ചാലോട് പ്രധാന റോഡും, മയ്യില്‍ മലപ്പട്ടം ശ്രീകണ്ഠാപുരം റോഡും സംഗമിക്കുന്ന എട്ടേയാര്‍ പൊതുവേ ഏതുനേരവും തിരക്കേറിയ ജംഗ്ഷനാണ്. അവിടെയുള്ള ബസ്കാത്തിരിപ്പ് കേന്ദ്രത്തിനു സമീപമുള്ള ആല്‍മരവും സമീപമുള്ള മൂന്നോളം പാഴ്മരങ്ങളും അടിഭാഗം കേടായി അപകടഭീഷണിയില്‍ തുടരുന്നത് രണ്ടു വര്‍ഷത്തോളമായി.

ഇടയ്ക്കിടെ മരങ്ങളുടെ കൂറ്റന്‍ ശിഖരങ്ങള്‍ അടര്‍ന്ന് വീഴുകയാണ്. പലപ്പോഴും തലനാരിഴയ്ക്കാണ് ആളുകള്‍ അപകടത്തില്‍ നിന്നും രക്ഷപ്പെടുന്നത്. മഴകാലങ്ങളിലാണ് അപക ടഭീഷണി ഏറി വരുന്നതെന്ന് പരിസരവാസികള്‍ പറയുന്നു.

അപകടഭീഷണിയില്‍ തുടരുന്ന മരങ്ങള്‍ക്ക് കീഴില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തെ കൂടാതെ ഓട്ടോ ടാക്സി സ്റ്റാന്‍ഡുമുണ്ട്. തൊട്ടരികില്‍ കടകളുമുണ്ട്. മരത്തിനു കീഴില്‍ ഷെഡ് കെട്ടി മത്സ്യവില്‍പനയും നടക്കുന്നു.

ഏതുനേരവും നിലംപൊത്തുമെന്ന നിലയിലുള്ള മരങ്ങള്‍ക്കു സമീപത്തൂടെ കടന്നു പോകുന്ന അത്യുഗ്രപ്രസരണ ശേഷിയുള്ള വൈദ്യുതി ലൈന്‍ കടന്നു പോകുന്നത് പരിസരവാസികളെ ഭയപ്പെടുത്തുകയാണ്.

അപകടഭീഷണിയില്‍തുടരുന്ന മരങ്ങള്‍ വന്‍ അപകടങ്ങള്‍ക്ക് വഴിവയ്ക്കും മുന്‍പ് മുറിച്ച് മാറ്റാന്‍ ബന്ധപ്പെട്ട അധികൃതര്‍ അടിയന്തരമായും നടപടികള്‍ സ്വീകരിക്കണമെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129924/huge-trees-pose-a-danger-etteyar-junction-in-may)