---
title: "#chandrayaan3 | കുതിച്ചുയര്‍ന്ന് ചന്ദ്രയാന്‍ 3 - രാജ്യത്തിന് ഇത് അഭിമാന നിമിഷം "
english_title: "#Chandrayaan3 #launched #space center "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/130280/chandrayaan3-launched-space-center"
published_at: "2023-07-14T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b126a57a38e_reporterlive_2023-07_1fff2804-9e64-45b9-98a1-4288e4f2992b_CHANDRAYAAN_3.jpg"
keywords: []
---

# #chandrayaan3 | കുതിച്ചുയര്‍ന്ന് ചന്ദ്രയാന്‍ 3 - രാജ്യത്തിന് ഇത് അഭിമാന നിമിഷം 

> **Lead Summary:** **ശ്രീഹരിക്കോട്ട**: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് കുതിച്ചുയര്‍ന്ന് ചന്ദ്രയാന്‍ 3. ഇന്ത്യയുടെ അഭിമാനദൗത്യമായ ചന്ദ്രയാന്‍ 3 ഉച്ചയ്ക്ക് 2.35 നാണ് വിക്ഷേപിച്ചത്.

## Article Content

**ശ്രീഹരിക്കോട്ട**: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് കുതിച്ചുയര്‍ന്ന് ചന്ദ്രയാന്‍ 3. ഇന്ത്യയുടെ അഭിമാനദൗത്യമായ ചന്ദ്രയാന്‍ 3 ഉച്ചയ്ക്ക് 2.35 നാണ് വിക്ഷേപിച്ചത്.

വിക്ഷേപിച്ച് 22ാം മിനിറ്റിൽ പേടകം ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. ചന്ദ്രോപരിതലത്തിലെത്താൻ വേണ്ടത് 40 ദിവസമാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ലാൻഡർ ഇറക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്ത മാസം 23നാണ് പേടകം ചന്ദ്രനിലിറങ്ങുക.

ഐഎസ്ആര്‍ഒയുടെ ഏറ്റവും കരുത്തുറ്റ എല്‍വിഎം 3 റോക്കറ്റാണ് ചന്ദ്രയാന്‍ 3മായി കുതിച്ചുയര്‍ന്നത്. ഭൂമിയില്‍ നിന്ന് 170 കിലോമീറ്റര്‍ എറ്റവും കുറഞ്ഞ ദൂരവും 36,500 കിലോമീറ്റര്‍ കൂടിയ ദൂരവുമായിട്ടുള്ള പാര്‍ക്കിംഗ് ഓര്‍ബിറ്റിലാണ് ആദ്യം പേടകത്തെ സ്ഥാപിച്ചത്. അവിടുന്ന് അഞ്ച് ഘട്ടമായി ഭ്രമണപഥ മാറ്റത്തിലൂടെ ഭൂമിയുമായുള്ള അകലം വര്‍ധിപ്പിച്ചു കൊണ്ടുവരും. ഇതിന് ശേഷമാണ് ചാന്ദ്ര ഭ്രമണപഥത്തിലേക്കുള്ള പേടകത്തിന്റെ യാത്ര തുടങ്ങുക. ചാന്ദ്ര ഭ്രമണപഥത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ അഞ്ച് ഘട്ടമായി ചന്ദ്രനും പേടകവും തമ്മിലുള്ള അകലം കുറച്ച് കൊണ്ടു വരും. ചന്ദ്രനില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിയ ശേഷമാവും പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ചന്ദ്രയാന്‍ മൂന്ന് ലാന്‍ഡര്‍ വേര്‍പ്പെടുക. ഇതിന് ശേഷമാണ് സോഫ്റ്റ് ലാന്‍ഡിങ്ങ് ഉണ്ടാവുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/130280/chandrayaan3-launched-space-center)