---
title: "അടക്കാത്തോട് ടൗണിലെ മുത്തശ്ശി മരുത് മുറിച്ച് നീക്കിയില്ലെങ്കിൽ കേട് വന്ന ഭാഗം പൊട്ടിവീണേക്കുമെന്ന് നാട്ടുകാർ"
english_title: " Old tree at adakkathod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13031/old-tree-at-adakkathod"
published_at: "2021-11-27T07:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a194728b801_PicsArt_11-27-07.40.46.jpg"
keywords: []
---

# അടക്കാത്തോട് ടൗണിലെ മുത്തശ്ശി മരുത് മുറിച്ച് നീക്കിയില്ലെങ്കിൽ കേട് വന്ന ഭാഗം പൊട്ടിവീണേക്കുമെന്ന് നാട്ടുകാർ

> **Lead Summary:** കേളകം : കുടിയേറ്റ ജനതയുടെ സംഗമഭൂമിയായ അടക്കാത്തോട് ടൗണിലെ കൂറ്റൻ മരുത് മരം കേട് ബാധിച്ച് അപകട ഭീഷണിയിലായി. ഏഴ് ദശാബ്ദത്തോളമായി നാട്ടുകാർക്ക് തണൽ വിരിച്ച വൻമരത്തിൻ്റെ മുകൾ ഭാഗത്ത് കേട് ബാധിച്ച് പൊള്ളയായതാണ് അപകട ഭീതിക്ക് കാരണം.

## Article Content

കേളകം : കുടിയേറ്റ ജനതയുടെ സംഗമഭൂമിയായ അടക്കാത്തോട് ടൗണിലെ കൂറ്റൻ മരുത് മരം കേട് ബാധിച്ച് അപകട ഭീഷണിയിലായി. ഏഴ് ദശാബ്ദത്തോളമായി നാട്ടുകാർക്ക് തണൽ വിരിച്ച വൻമരത്തിൻ്റെ മുകൾ ഭാഗത്ത് കേട് ബാധിച്ച് പൊള്ളയായതാണ് അപകട ഭീതിക്ക് കാരണം.

കുടിയേറ്റ കാലത്ത് കശാപ്പിന് എത്തിക്കുന്ന കന്നുകാലികളെ കെട്ടിയിട്ടിരുന്നതിനാൽ കൊലമരം എന്ന അപരനാമവും ഈ മുത്തശ്ശി മരത്തിനുണ്ട്. ഇരു ഭാഗങ്ങളിലും വൈദ്യുതി ലൈനുകളുള്ളതിനാൽ മരം പൊട്ടിവീണാൽ ജനത്തിരക്കുള്ള ടൗണിൽ വലിയ ദുരന്തത്തിനും കാരണമാകും. മരത്തിന് ചുവട് ഭാഗത്ത് നിരവധി യാത്രക്കാർ വിശ്രമിക്കുന്ന വെയിറ്റിംഗ് ഷെൽറ്ററും ഉണ്ട്.

കേട് വന്ന് മുകൾ ഭാഗത്ത് പൊള്ള വീണ മരം അടിയന്തിരമായി മുറിച്ച് മാറ്റാൻ നടപടിയുണ്ടാവണമെന്ന് വ്യാപാരികളും,ഓട്ടോ-ടാക്സി ഡ്രൈവർമാരും, ചുമട്ട് തൊഴിലാളികളും അധികൃതരോട് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13031/old-tree-at-adakkathod)