---
title: "#bookschallenge ഗൂഗിൾ പേ-യിലൂടെ പുസ്തക ചലഞ്ചുമായി പിണറായി വെസ്റ്റിലെ സി മാധവൻ സ്മാരക വായനശാല"
english_title: "Conducted books challenge for library "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/130584/conducted-books-challenge-for-library"
published_at: "2023-07-15T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b2846b8725b_IMG-20230715-WA0043.jpg"
keywords: []
---

# #bookschallenge ഗൂഗിൾ പേ-യിലൂടെ പുസ്തക ചലഞ്ചുമായി പിണറായി വെസ്റ്റിലെ സി മാധവൻ സ്മാരക വായനശാല

> **Lead Summary:** **തലശ്ശേരി**: പുസ്തക ശേഖരണ രംഗത്ത് വ്യത്യസ്തമായ മാതൃകയിലൂടെപുതിയ ചരിത്രം കുറിച്ച് പിണറായി വെസ്റ്റിലെ സി.മാധവന്‍ സ്മാരക വായനശാല. കഴിഞ്ഞവര്‍ഷം പുസ്തക പയറ്റിലൂടെ ഒറ്റ ദിവസം കൊണ്ട് രണ്ടായിരത്തോളം പുസ്തകം ശേഖരിച്ച് പുസ്തക ശേഖരണ രംഗത്ത് പുതുചരിത്രം രചിച്ച വായനശാല ഈ വര്‍ഷം ഓണ്‍ലൈന്‍ പുസ്തക ചലഞ്ചിലൂടെ ഒരു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ വാങ്ങി വീണ്ടും ചരിത്രത്തില്‍ ഇടം നേടുകയാണ്. വായന പക്ഷാചരണത്തിന്റെ ഭാഗമായി ആരംഭിച്ച ഓണ്‍ലൈന്‍ പുസ്തക ചലഞ്ചില്‍ ഒരാള്‍ ഒരു പുസ്തകത്തിന്റെ വിലയായി 100 രൂപ ഗൂഗിള്‍ പേ ആയി അയച്ചുതരാനാണ് വായനശാല ഭാരവാഹികള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അഭ്യര്‍ത്ഥിച്ചത്.

## Article Content

**തലശ്ശേരി**: പുസ്തക ശേഖരണ രംഗത്ത് വ്യത്യസ്തമായ മാതൃകയിലൂടെപുതിയ ചരിത്രം കുറിച്ച് പിണറായി വെസ്റ്റിലെ സി.മാധവന്‍ സ്മാരക വായനശാല. കഴിഞ്ഞവര്‍ഷം പുസ്തക പയറ്റിലൂടെ ഒറ്റ ദിവസം കൊണ്ട് രണ്ടായിരത്തോളം പുസ്തകം ശേഖരിച്ച് പുസ്തക ശേഖരണ രംഗത്ത് പുതുചരിത്രം രചിച്ച വായനശാല ഈ വര്‍ഷം ഓണ്‍ലൈന്‍ പുസ്തക ചലഞ്ചിലൂടെ ഒരു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ വാങ്ങി വീണ്ടും ചരിത്രത്തില്‍ ഇടം നേടുകയാണ്. വായന പക്ഷാചരണത്തിന്റെ ഭാഗമായി ആരംഭിച്ച ഓണ്‍ലൈന്‍ പുസ്തക ചലഞ്ചില്‍ ഒരാള്‍ ഒരു പുസ്തകത്തിന്റെ വിലയായി 100 രൂപ ഗൂഗിള്‍ പേ ആയി അയച്ചുതരാനാണ് വായനശാല ഭാരവാഹികള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അഭ്യര്‍ത്ഥിച്ചത്.

ഇതിന് കേരളത്തിനകത്തും പുറത്തുമുള്ള പുസ്തക സ്‌നേഹികളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചതെന്ന് വായനശാലാ സെക്രട്ടറി അഡ്വ.വി.പ്രദീപന്‍ പറഞ്ഞു. 100 രൂപ മുതല്‍ ആയിരം രൂപ വരെ അക്കൗണ്ടിലേക്ക് അയച്ചുതന്ന അക്ഷരസ്‌നേഹികള്‍ ഉണ്ട്. പുസ്തകങ്ങള്‍ നേരിട്ട് ശേഖരിക്കുമ്പോള്‍ ലഭിക്കുന്ന മിക്ക പുസ്തകങ്ങളും നിലവില്‍ ലൈബ്രറിയില്‍ ഉള്ളത് തന്നെയായിരിക്കും. ഇതിനു പരിഹാരമായി പുതിയ പുസ്തകങ്ങള്‍ നേരിട്ടു വാങ്ങുന്നതിതിനുള്ള തുക കണ്ടെത്തുന്നതിനാണ് ഇത്തരത്തില്‍ ഒരു ചലഞ്ച് ഒരുക്കിയത്.

കേരള ഫോക്ലോര്‍ അക്കാദമി അധ്യക്ഷന്‍ ഒ.എസ്. ഉണ്ണികൃഷ്ണന്‍, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എം കെ മനോഹരന്‍, സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാക്കളായ സുരേഷ് ബാബു ശ്രീസ്ഥ, കലാമണ്ഡലം ഷീബ, റബ്കോ ചെയര്‍മാന്‍ കാരായി രാജന്‍, നാടക പ്രവര്‍ത്തകന്‍ മുഹമ്മദ് പേരാമ്പ്ര, ബാംഗ്ലൂരിലെ എഴുത്തുകാരി ശാന്തമേനോന്‍,   ചെന്നൈ കുടുംബശ്രീ പ്രസിഡണ്ട് രജനി മനോഹര്‍, കഥാകൃത്ത് അഡ്വ. കെ കെ രമേഷ് ,ജനപ്രതിനിധികളായ കൂത്തുപറമ്പ് നഗരസഭ ചെയര്‍പേഴ്‌സണ്‍ സുജാത തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.പി അനിത, കതിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ.കെ.രാജീവന്‍, പി പി സനില്‍, ശ്രീഷ എംപി, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി കെ സുരേഷ് ബാബു, ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് മുകുന്ദന്‍ മഠത്തില്‍, വിദ്യാഭ്യാസ രംഗത്തെ പ്രമുഖരായ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വിഎസ് ശശീന്ദ്രദാസ്, തിരുവനന്തപുരം ഡി.ഡി.എം.പി. അംബിക, സയന്‍സ് പാര്‍ക്ക് ഡയറക്ടര്‍ ജ്യോതി കേളോത്ത്, കെ എസ് ടി എ നേതാക്കളായ ടിവി ഗണേശന്‍ , എന്‍. സുരേന്ദ്രന്‍, കെ. രഞ്ജിത്ത്, ടി.രജില, ചിത്രകാരന്മാരായ സെല്‍വന്‍ മേലൂര്‍, ദീപന്‍ കോളാട്, സംവിധായകന്‍ ടി. ദീപേഷ് കുടുംബശ്രീ ജില്ലാ കോഡിനേറ്റര്‍ എം സുര്‍ജിത് എന്നിങ്ങനെ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിലുള്ളവര്‍ ഈ ചലഞ്ചില്‍ പങ്കെടുത്തു. വായന പക്ഷാചരണത്തിന്റെ സമാപനത്തിന്റെ ഭാഗമായി വായനശാലയില്‍ നടന്ന ചടങ്ങില്‍ വെച്ച് കഥാകൃത്ത് ഡോ: ടി.കെ അനില്‍ കുമാറും ലൈബ്രറി കൗണ്‍സില്‍ ഭാരവാഹി സനീഷും ചേര്‍ന്ന് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി ലൈബ്രറിയന് കൈമാറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/130584/conducted-books-challenge-for-library)