---
title: "#veenajeorge/ ഇന്ത്യയിൽ ആദ്യമായി; അപൂര്‍വ രോഗമായ എസ്എംഎ ബാധിച്ച 40 കുട്ടികള്‍ക്ക് സൗജന്യമായി മരുന്ന് "
english_title: "Veena jeorge"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/130706/veena-jeorge"
published_at: "2023-07-16T06:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b362c653d37_images_(1).jpeg"
keywords: []
---

# #veenajeorge/ ഇന്ത്യയിൽ ആദ്യമായി; അപൂര്‍വ രോഗമായ എസ്എംഎ ബാധിച്ച 40 കുട്ടികള്‍ക്ക് സൗജന്യമായി മരുന്ന് 

> **Lead Summary:** **തിരുവനന്തപുരം**: അപൂര്‍വ രോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) അസുഖം ബാധിച്ച 40 കുട്ടികള്‍ക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

## Article Content

**തിരുവനന്തപുരം**: അപൂര്‍വ രോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) അസുഖം ബാധിച്ച 40 കുട്ടികള്‍ക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

ഒരു വയലിന് 6 ലക്ഷം രൂപ വീതം വിലവരുന്ന 450 യൂണിറ്റ് മരുന്നുകളാണ് നല്‍കിയത്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ജൂലൈ 16 മുതല്‍ അപൂര്‍വ രോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി അസുഖത്തിന് ഇത്തരത്തില്‍ സര്‍ക്കാര്‍ തലത്തില്‍ മരുന്ന് നല്‍കി വരുന്നത്.

 ക്രൗഡ് ഫണ്ടിംഗ് മുഖേന മരുന്നുകളും സര്‍ക്കാര്‍ ഫണ്ട് മുഖേന ചികിത്സയ്ക്ക് വേണ്ട അനുബന്ധ സൗകര്യങ്ങളുമാണ് ഒരുക്കിയത്. രോഗികളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി മേഖലകളായി തിരിച്ച് തിരുവന്തപുരം എസ്.എ.ടി. ആശുപത്രി വഴിയും കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രം വഴിയുമാണ് മരുന്ന് വിതരണം നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

എസ്.എ.ടി. ആശുപത്രിയെ സെന്റര്‍ ഓഫ് എക്‌സലന്‍സായി അടുത്തിടെ കേന്ദ്രം ഉയര്‍ത്തിയിരുന്നു. അപൂര്‍വ രോഗങ്ങളുടെ സമഗ്ര ചികിത്സയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതിയിലൂടെയും പരമാവധി പേര്‍ക്ക് ചികിത്സ ലഭ്യമാക്കാനാണ് പരിശ്രമിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/130706/veena-jeorge)