---
title: "ബലിതർപ്പണം; തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക്"
english_title: "Thirunelli"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/131011/thirunelli"
published_at: "2023-07-17T07:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b4a1b357112_Screenshot_20230717-072625_WhatsApp.jpg"
keywords: []
---

# ബലിതർപ്പണം; തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക്

> **Lead Summary:**  **തിരുനെല്ലി**: തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തിൽ ബലിതർപ്പണം ഇന്ന് പുലർച്ചെ മൂന്നുമുതൽ ആരംഭിച്ചു. ഉച്ചവരെയാണ് പ്രധാന ചടങ്ങുകൾ. മുൻവർഷങ്ങളിലേക്കാൾ ഇത്തവണ വൻതോതിൽ ഭക്തജന പ്രവാഹമാണ്.

## Article Content

 **തിരുനെല്ലി**: തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തിൽ ബലിതർപ്പണം ഇന്ന് പുലർച്ചെ മൂന്നുമുതൽ ആരംഭിച്ചു. ഉച്ചവരെയാണ് പ്രധാന ചടങ്ങുകൾ. മുൻവർഷങ്ങളിലേക്കാൾ ഇത്തവണ വൻതോതിൽ ഭക്തജന പ്രവാഹമാണ്.

പുലർച്ചെ മൂന്നിന് ബലിയിടൽ ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പേ ഒരു കിലോമീറ്റർ ദൂരത്തിൽ ഭക്തജനങ്ങളുടെ നീണ്ട ക്യൂ  ആയിരുന്നു.  മഴയെ കൂസാതെ ഭക്ത ജനങ്ങൾ വരിയിൽ തന്നെ നിൽക്കുകയായിരുന്നു. വിപുലമായ ഒരുക്കങ്ങൾ നടത്തിയതായി ദേവസ്വം അധികൃതർ പറഞ്ഞു.

ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള പഞ്ചതീർഥം വിശ്രമമന്ദിരത്തിലെ മുറികൾ ദിവസങ്ങൾക്ക് മുൻപ് തന്നെ ബുക്കിങ് പൂർത്തിയായിരുന്നു. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ കിഴക്കേനടയിൽ നിർമിച്ച പൊതുസൗകര്യകേന്ദ്രം വിശ്വാസികൾക്ക് തുറന്നുകൊടുത്തിട്ടുണ്ട്.

ഇതിനു പുറമേ പാപനാശിനിയിലേക്കുള്ള വഴിയിൽ പുതുതായി നിർമിച്ച ഫെസിലിറ്റേഷൻ സെന്ററിന്റെ ഹാളും പഞ്ചതീർഥം വിശ്രമമന്ദിരത്തിന്റെ ഹാളിലും ഭക്ത ജനങ്ങൾ നിറഞ്ഞു.

ഇവിടെയുള്ള ഡോർമിറ്ററിയും വിശ്വാസികൾക്ക് പ്രയോജനപ്പെടുത്തിയിട്ടുണ്ട്. റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ ദേവസ്വം പരിസരത്ത് ഏകോപിച്ച് പ്രവർത്തിക്കുനുണ്ട്.

ഇന്നലെ വൈകീട്ടു മുതൽ തിങ്കളാഴ്ച ബലിതർപ്പണം അവസാനിക്കുന്നതുവരെയും ദേവസ്വത്തിന്റെ നേതൃത്വത്തിൽ കാപ്പിയും ലഘുഭക്ഷണവും നൽകുന്നുണ്ട്.

ആരോഗ്യവകുപ്പ് ക്ഷേത്രത്തിനുമുമ്പിലും പാപനാശിനിയിലേക്കുള്ള വഴിയിലും മെഡിക്കൽ ടീമിനെ വിന്യസിച്ചിട്ടുണ്ട്. ക്ഷേത്രപരിസരത്ത് ആംബുലൻസിന്റെ സേവനവുമുണ്ട്.

ബലിതർപ്പണത്തിന് കാർമികത്വം വഹിക്കാൻ പത്ത് വാധ്യാന്മാരെ ദേവസ്വം അധികമായി വിനിയോഗിച്ചുവെന്നതും കൂടുതൽ വഴിപാട് കൗണ്ടറുകളും ബലിസാധനവിതരണ കൗണ്ടറുകളും തുറന്നതും വിശ്വാസികൾക്ക് അനുഗ്രഹമായി.

തിരുനെല്ലിയിലേക്കുള്ള വഴിയിൽ ആവശ്യമായ റിഫ്ലക്ടർ സംവിധാനമൊരുക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകിയിരുന്നു. സ്വകാര്യവാഹനങ്ങൾ കാട്ടിക്കുളത്ത് തടയാൻ തുടങ്ങി.

ഇങ്ങനെയെത്തുന്നവരെ കെ.എസ്.ആർ.ടി.സി. ബസിൽ തിരുനെല്ലിയിലെത്തിക്കുന്നുണ്ട്. ഇതിനായി 30 ബസുകൾ പ്രത്യേകമായി ഓടുന്നുണ്ട്. വനത്തിലൂടെയുള്ള പാതയായതിൽ ക്ഷേത്രത്തിലെത്തുന്നവരുടെ സുരക്ഷ പരിഗണിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ രണ്ടുവാഹനങ്ങളിലായി പട്രോളിങ് നടത്തുന്നുണ്ട്. അഗ്നിരക്ഷ, ഭക്ഷ്യസുരക്ഷ, കെ.എസ്.ഇ.ബി. വിഭാഗത്തിന്റെ സേവനവും ഇവിടെയുണ്ട്.

ക്ഷേത്രത്തിലെത്തുന്നവർക്ക് പ്രയാസമില്ലാതെ ബലിതർപ്പണം നടത്തി മടങ്ങാൻ എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ കെ.വി. നാരായണൻ നമ്പൂതിരി, ട്രസ്റ്റി പി.ബി. കേശവദാസ്, മാനേജർ പി.കെ. പ്രേമചന്ദ്രൻ എന്നിവർ പറഞ്ഞു.  

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/131011/thirunelli)