---
title: "ആറ് മാസമായി ശമ്പളമില്ല: വനംവകുപ്പ് വാച്ചര്‍മാരുടെ പണിമുടക്ക് തുടങ്ങി"
english_title: "Kelakam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/131413/kelakam"
published_at: "2023-07-18T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b641bb202a1_Screenshot_20230718-130715_Dailyhunt.jpg"
keywords: []
---

# ആറ് മാസമായി ശമ്പളമില്ല: വനംവകുപ്പ് വാച്ചര്‍മാരുടെ പണിമുടക്ക് തുടങ്ങി

> **Lead Summary:** **കേളകം** : വനംവകുപ്പ് വാച്ചര്‍മാരുടെ ശമ്പളം മാസങ്ങളായി നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തില്‍ കൊട്ടിയൂര്‍ കണ്ടപ്പുനം വനംവകുപ്പ് ഓഫിസിന് മുന്നിലും ആറളം വന്യജീവി സങ്കേതം വളയഞ്ചാല്‍ ഓഫിസ് പരിസരത്തും വനംവകുപ്പ് വാച്ചര്‍മാര്‍ ധര്‍ണ സംഘടിപ്പിച്ചു.

## Article Content

**കേളകം** : വനംവകുപ്പ് വാച്ചര്‍മാരുടെ ശമ്പളം മാസങ്ങളായി നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തില്‍ കൊട്ടിയൂര്‍ കണ്ടപ്പുനം വനംവകുപ്പ് ഓഫിസിന് മുന്നിലും ആറളം വന്യജീവി സങ്കേതം വളയഞ്ചാല്‍ ഓഫിസ് പരിസരത്തും വനംവകുപ്പ് വാച്ചര്‍മാര്‍ ധര്‍ണ സംഘടിപ്പിച്ചു.

താല്‍ക്കാലിക വാച്ചര്‍മാരുടെ ആറുമാസത്തെ കുടിശ്ശിക വേതനം അടിയന്തരമായി നല്‍കുക, വാച്ചര്‍മാരുടെ 2022ലെ ഫെസ്റ്റിവല്‍ അലവൻസ് അനുവദിക്കുക, യൂനിഫോം, റെയിൻ കോട്ട്, ബൂട്ട്, ഐഡന്റിറ്റി കാര്‍ഡ് മുതലായവ നല്‍കുക, ഓരോ മാസത്തെയും ശമ്ബളം തൊട്ടടുത്ത മാസം അഞ്ചാം തീയതിക്ക് മുന്നേ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജില്ലയിലെ വനം വാച്ചര്‍മാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്.

ജില്ലയിലെ നൂറോളം വാച്ചര്‍മാര്‍ പണിമുടക്കുന്നതോടെ കൊട്ടിയൂര്‍, കണ്ണവം, ആറളം വനമേഖലയിലെ നിരീക്ഷണ പ്രവര്‍ത്തനം താളം തെറ്റി. പണിമുടക്ക് നോട്ടിസ് നല്‍കിയ ശേഷം കണ്ണൂര്‍ ഡി.എഫ്.ഒ, ആറളം വന്യജീവി സങ്കേതം വാര്‍ഡൻ എന്നിവരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരത്തിലേക്ക് നീങ്ങിയത്.

ഇതിന്റെ ഭാഗമായാണ് കൊട്ടിയൂര്‍ കണ്ടപ്പനത്തെ വന്യജീവി സങ്കേത ഓഫീസിനു മുന്നിലും, ആറളം വന്യജീവി സങ്കേതത്തിലും ധര്‍ണ സമരം സംഘടിപ്പിച്ചത്. കണ്ടപ്പനത്ത് എ.ഐ.ടി.യു.സി ജില്ല വൈസ് പ്രസിഡന്റ് വി. ഷാജി ഉദ്ഘാടനം ചെയ്തു.

യൂനിറ്റ് സെക്രട്ടറി ബിനോയ്, യൂനിറ്റ് പ്രസിഡന്റ് ബാലൻ പുതുശ്ശേരി, സജു മണത്തണ, തോമസ്, റോയ്, തുടങ്ങിയവര്‍ പങ്കെടുത്തു. ആറളം വളയഞ്ചാലില്‍ കെ.ബി. ഉത്തമൻ ഉദ്ഘാടനം ചെയ്തു. എം.ജി. മജുംദാര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/131413/kelakam)