---
title: "#pkjayalakshmi | വയനാടിനോട് നീതി കാട്ടിയ ഭരണാധികാരിയായിരുന്നു ഉമ്മൻ ചാണ്ടി: പി.കെ.ജയലക്ഷ്മി"
english_title: "Oommen Chandy was the ruler who did justice to Wayanad: PK Jayalakshmi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/131490/oommen-chandy-was-the-ruler-who-did-justice-to-wayanad-pk-jayalakshmi"
published_at: "2023-07-18T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b67c00ea706_Screenshot_2023-07-18-17-17-28-41_680d03679600f7af0b4c700c6b270fe7.jpg"
keywords: []
---

# #pkjayalakshmi | വയനാടിനോട് നീതി കാട്ടിയ ഭരണാധികാരിയായിരുന്നു ഉമ്മൻ ചാണ്ടി: പി.കെ.ജയലക്ഷ്മി

> **Lead Summary:** **കൽപ്പറ്റ**: വയനാടിനോട് എന്നും നീതി കാട്ടിയ ഭരണാധികാരിയായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്ന് അദ്ദേഹത്തിൻ്റെ മന്ത്രിസഭയിൽ അംഗമായിരുന്ന എ.ഐ.സി.അംഗം പി.കെ.ജയലക്ഷ്മി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

## Article Content

**കൽപ്പറ്റ**: വയനാടിനോട് എന്നും നീതി കാട്ടിയ ഭരണാധികാരിയായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്ന് അദ്ദേഹത്തിൻ്റെ മന്ത്രിസഭയിൽ അംഗമായിരുന്ന എ.ഐ.സി.അംഗം പി.കെ.ജയലക്ഷ്മി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

പട്ടിക വർഗ്ഗക്കാർ ഉൾപ്പടെ അടിസ്ഥാന ജന വിഭാഗത്തിൻ്റെ പ്രശ്നങ്ങളിൽ ഇടപ്പെട്ട അദ്ദേഹം രാജ്യം കണ്ട ഏറ്റവും ജനപ്രിയനും ജനകീയനുമായ മുഖ്യമന്ത്രിയായിരുന്നു വയനാട്ടിലെ പ്രധാന പ്രശ്നങ്ങളായ കാർഷിക പ്രശ്നങ്ങൾ, വന്യമൃഗശല്യം, ആദിവാസി ഭൂപ്രശ്നം, വയനാട് മെഡിക്കൽ കോളേജ് തുടങ്ങിയവക്കൊക്കെ വേണ്ടി വയനാട്ടിലെ ജനങ്ങളോടൊപ്പം നിന്ന നേതാവായിരുന്നു ഉമ്മൻ ചാണ്ടി.

2011 - ൽ മുഖ്യമന്ത്രിയായ ശേഷം വയനാട്ടിൽ അദ്ദേഹം ഉദ്ഘാടനം ചെയ്ത പ്രധാന പദ്ധതികളിലൊന്ന് വനത്തിനുള്ളിൽ താമസിക്കുന്നവരെ പുറത്ത് എത്തിക്കുന്നതിനുള്ള സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയായിരുന്നു. കേന്ദ്ര ഫണ്ടുപയോഗിച്ച് നടപ്പാക്കിയ ഈ പദ്ധതി രാജ്യത്ത് തന്നെ മാതൃകയായിരുന്നു.

വയനാടിനോടും പട്ടികവർഗ്ഗ ജന വിഭാഗത്തോടുമുള്ള അദ്ദേഹത്തിൻ്റെ കരുതലിൻ്റെ തെളിവായിരുന്നു തനിക്ക് മന്ത്രി പദം ലഭിച്ചത്. യാതൊരു സമ്മർദ്ദങ്ങളുമില്ലാതെ സ്വയം താൽപ്പര്യമെടുത്താണ് ഉമ്മൻ ചാണ്ടി തന്നെ മന്ത്രിയാക്കിയതെന്ന് ജയലക്ഷ്മി പറഞ്ഞു.

പട്ടയ വിതരണം, ആദിവാസി ഭൂ വിതരണം, ഭവനപദ്ധതി തുടങ്ങിയവക്കും മുത്തങ്ങ സമരത്തിൽ പങ്കെടുത്തവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും ആവശ്യങ്ങൾ പരിഗണിക്കുന്നതിലും പ്രത്യേക താൽപ്പര്യത്തോടെ നേതൃത്വം വഹിച്ചു.

ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്ത മൂലം ബുദ്ധിമുട്ടുന്ന വയനാട്ടിൽ എയർസ്ട്രിപ്പ് അഥവാ ചെറുവിമാനത്താവളം നിർമ്മിക്കാനായി ശ്രമങ്ങൾ നടത്തിയിരുന്നു.

രാഷ്ട്രീയ ഭേദമന്യേ എല്ലാവരെയും ഒരു പോലെ കണ്ടിരുന്ന ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി എന്ന നിലയിൽ ജിന ചന്ദ്രൻ്റെ പേരിൽ മടക്കി മലയിൽ സ്ഥാപിക്കാനിരുന്ന വയനാട് മെഡിക്കൽ കോളേജിന് തറക്കല്ലിട്ടതായിരുന്നുഅദ്ദേഹത്തിൻ്റെ അവസാനത്തെ ഔദ്യോഗിക പരിപാടി.

ഇത് പിന്നീട് യാഥാർത്ഥ്യമാക്കാൻ കഴിയാത്തതിലുള്ള നിരാശ അദ്ദേഹം പലപ്പോഴും പങ്ക് വെച്ചിരുന്നു. മാനന്തവാടിയിൽ ശ്രീ ചിത്തിര സെൻ്ററും കൽപ്പറ്റയിൽ മെഡിക്കൽ കോളേജും എന്നതായിരുന്നു അദ്ദേഹത്തിൻ്റെ താൽപ്പര്യം.

ജനസമ്പർക്ക പരിപാടിയിലൂടെയും അല്ലാതെയും ആയിര കണക്കിനാളുകൾക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ സഹായമെത്തിച്ചത്.

താഴെ തട്ടിൽ നിന്ന് നേതൃത്വത്തിലേക്ക് കൂടുതൽ പേരെ കൊണ്ടുവരുന്നതിലും നാടിന് വേണ്ടിയും പാർട്ടിക്ക് വേണ്ടിയും മുന്നണിക്ക് വേണ്ടിയും വിശ്രമമില്ലാതെ പോരാടുന്നതിൽ തങ്ങളെ പോലുള്ളവർക്ക് ഉമ്മൻ ചാണ്ടി മാതൃകയായിരുന്നു.

പിതൃവാത്സല്യവും സ്നേഹവും കരുതലും അനുഭവിച്ചറിയാൻ തനിക്ക് ഭാഗ്യമുണ്ടായെന്നും അദ്ദേഹത്തിൻ്റെ വേർപാട് വയനാടിന് എന്നും നഷ്ടമായിരിക്കുമെന്നും ജയലക്ഷ്മി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/131490/oommen-chandy-was-the-ruler-who-did-justice-to-wayanad-pk-jayalakshmi)