---
title: "ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ജപ്പാനെ മറികടന്ന് സിങ്കപ്പൂരിന് ഒന്നാം സ്ഥാനം. "
english_title: "Singapore has overtaken Japan to take the top spot in the list of world's most powerful passports. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132824/singapore-has-overtaken-japan-to-take-the-top-spot-in-the-list-of-worlds-most-powerful-passports"
published_at: "2023-07-22T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bc0a3c40344_passwert.jpg"
keywords: []
---

# ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ജപ്പാനെ മറികടന്ന് സിങ്കപ്പൂരിന് ഒന്നാം സ്ഥാനം. 

> **Lead Summary:** ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ജപ്പാനെ മറികടന്ന് സിങ്കപ്പൂരിന് ഒന്നാം സ്ഥാനം. സിങ്കപ്പൂര്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് ലോകത്തെ 192 രാജ്യങ്ങളില്‍ മുന്‍കൂര്‍ വിസയില്ലാതെ സന്ദര്‍ശനം നടത്താനാകും. പട്ടികയില്‍ അഞ്ച് സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യ 80-ാം സ്ഥാനത്തെത്തി.

## Article Content

ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ജപ്പാനെ മറികടന്ന് സിങ്കപ്പൂരിന് ഒന്നാം സ്ഥാനം. സിങ്കപ്പൂര്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് ലോകത്തെ 192 രാജ്യങ്ങളില്‍ മുന്‍കൂര്‍ വിസയില്ലാതെ സന്ദര്‍ശനം നടത്താനാകും. പട്ടികയില്‍ അഞ്ച് സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യ 80-ാം സ്ഥാനത്തെത്തി.

ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് 57 രാജ്യങ്ങളിലാണ് വിസയില്ലാതെയോ വിസ ഓണ്‍ അറൈവലായോ സന്ദര്‍ശനം നടത്താനാകുക. ഹെന്‍ലേ പാസ്‌പോര്‍ട്ട് ഇന്‍ഡെക്‌സാണ് ലോകത്ത് ഏറ്റവും അംഗീകാരമുള്ള പാസ്‌പോര്‍ട്ടുകളുടെ പട്ടിക തയ്യാറാക്കുന്നത്. ജര്‍മ്മനി, ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളാണ് രണ്ടാം സ്ഥാനത്ത്.

ഈ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് 190 രാജ്യങ്ങളില്‍ വിസയില്ലാതെ പ്രവേശിക്കാം. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒന്നാം സ്ഥാനത്ത് തുടര്‍ന്നിരുന്ന ജപ്പാന്‍ ഇത്തവണ മൂന്നാം സ്ഥാനത്തായി. 189 രാജ്യങ്ങളിലാണ് ജപ്പാന്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് സന്ദര്‍ശനം നടത്താന്‍ സാധിക്കുന്നത്. ഓസ്ട്രിയ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ലക്‌സംബര്‍ഗ്, സൗത്ത് കൊറിയ, സ്വീഡന്‍ എന്നീ രാജ്യങ്ങളും മൂന്നാം സ്ഥാനത്തുണ്ട്. രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയ ബ്രിട്ടണ്‍ നാലാമതെത്തി. ഡെന്‍മാര്‍ക്ക്, നെതര്‍ലാന്‍ഡ്‌സ്, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളും നാലാം സ്ഥാനത്തുണ്ട്. നേരത്തെ പത്ത് വര്‍ഷത്തോളം പട്ടികയില്‍ ഒന്നാമതായിരുന്ന അമേരിക്ക ഇത്തവണ എട്ടാം സ്ഥാനത്താണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132824/singapore-has-overtaken-japan-to-take-the-top-spot-in-the-list-of-worlds-most-powerful-passports)