---
title: "#ranni | റാന്നിയില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍: അച്ഛനും സുഹൃത്തും കസ്റ്റഡിയില്‍"
english_title: "Young man killed in Ranni: Father and friend in custody"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/133316/young-man-killed-in-ranni-father-and-friend-in-custody"
published_at: "2023-07-24T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be541d1e9b7_Picsart_23-07-24_16-01-06-007.jpg"
keywords: []
---

# #ranni | റാന്നിയില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍: അച്ഛനും സുഹൃത്തും കസ്റ്റഡിയില്‍

> **Lead Summary:** **പത്തനംതിട്ട**: റാന്നി മോതിരവയലിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ. മോതിരവയൽ വേങ്ങത്തടത്തിൽ ജോബിൻ ആണ് കൊല്ലപ്പെട്ടത്. പിതാവിനും സഹോദരനുമൊപ്പം ഇയാൾ കഴിഞ്ഞ രാത്രിയിൽ മദ്യപിച്ചിരുന്നതായി സൂചനയുണ്ട്.

## Article Content

**പത്തനംതിട്ട**: റാന്നി മോതിരവയലിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ. മോതിരവയൽ വേങ്ങത്തടത്തിൽ ജോബിൻ ആണ് കൊല്ലപ്പെട്ടത്. പിതാവിനും സഹോദരനുമൊപ്പം ഇയാൾ കഴിഞ്ഞ രാത്രിയിൽ മദ്യപിച്ചിരുന്നതായി സൂചനയുണ്ട്.

പിതാവിനെയും സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. വീടിനുള്ളിൽ തറയിൽ കിടക്കുന്ന നിലയിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മേൽമുണ്ട് ശരീരത്തിലുണ്ടായിരുന്നില്ല.

തലയിലും ശരീര ഭാഗങ്ങളിലും മർദനമേറ്റ പാടുകളുണ്ട്. ചോര ഒലിച്ച നിലയിലായിരുന്നു മൃതദേഹം. മർദനത്തിനിടെ മരണം സംഭവിച്ചെന്നാണ് പോലീസ് നിഗമനം. പിതാവ് ജോൺസൺ, മൂത്ത സഹോദരൻ ജോജോ, സുഹൃത്ത് പൊന്നു എന്നിവർ ചേർന്ന് കഴിഞ്ഞ രാത്രി മദ്യപിച്ചിരുന്നതായി സൂചനയുണ്ട്.

കഴിഞ്ഞ പകൽ പ്രദേശത്തെ ഒരു കാത്തിരിപ്പുകേന്ദ്രത്തിൽ ഇവർ നാലുപേരും മണിക്കൂറുകളോളം സംസാരിച്ചിരുന്നത് കണ്ടവരുമുണ്ട്. സംഭവത്തിനു പിന്നാലെ ജോൺസൺ, പൊന്നു എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മൂത്ത സഹോദരൻ ജോജോ ഒളിവിലാണ്. ഇയാൾക്കായുള്ള അന്വേഷണം തുടരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/133316/young-man-killed-in-ranni-father-and-friend-in-custody)