---
title: "#aicamera | സംസ്ഥാനത്ത് എ ഐ ക്യാമറകൾ പ്രവർത്തനം തുടങ്ങിയതോടെ അപകടമരണങ്ങൾ പകുതിയായി കുറഞ്ഞു _ മന്ത്രി ആന്റണി രാജു."
english_title: "Antonyraju"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/133533/antonyraju"
published_at: "2023-07-25T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bf73d49a0f6_download_(23).jpeg"
keywords: []
---

# #aicamera | സംസ്ഥാനത്ത് എ ഐ ക്യാമറകൾ പ്രവർത്തനം തുടങ്ങിയതോടെ അപകടമരണങ്ങൾ പകുതിയായി കുറഞ്ഞു _ മന്ത്രി ആന്റണി രാജു.

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് എ ഐ ക്യാമറകൾ പ്രവർത്തനം തുടങ്ങിയതോടെ അപകടമരണങ്ങൾ പകുതിയായി കുറഞ്ഞുവെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് എ ഐ ക്യാമറകൾ പ്രവർത്തനം തുടങ്ങിയതോടെ അപകടമരണങ്ങൾ പകുതിയായി കുറഞ്ഞുവെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു.

കഴിഞ്ഞവർഷം ജൂണിൽ വാഹനാപകടങ്ങളിൽ 344 പേർ മരിച്ചപ്പോൾ എ ഐ ക്യാമറകൾ പ്രവർത്തനം തുടങ്ങിയ ഈ വർഷം ജൂണിൽ അത് 140 ആയി കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

കേശവദാസപുരം റസ്റ്റ് റൂമിന്റെയും പട്ടത്തെയും പൊട്ടക്കുഴിയിലെയും ഹൈടെക് ബസ് ഷെൽട്ടറുകളുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഹന അപകടങ്ങളിൽപ്പെട്ട് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.

ക്യാമറകൾ സ്ഥാപിക്കും മുൻപ് നാലര ലക്ഷത്തോളം ആയിരുന്നു വാഹന നിയമലംഘനങ്ങൾ. ഇപ്പോൾ ഇത് നാലിലൊന്നായി കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. നഗരത്തിലെ യാത്ര സൗകര്യങ്ങളിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഓണത്തിന് മുൻപ് പുതിയ 113 സിറ്റി സർക്കുലർ ബസുകൾ ഉൾപ്പെടെ 163 ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നാഷണൽ ഹൈവേയും എംസി റോഡും ഒന്നിച്ചു ചേരുന്ന കേശവദാസപുരം ജംഗ്ഷനിലെ തിരക്ക് കണക്കിലെടുത്താണ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് ശുചിമുറികളും മുലയൂട്ടൽ മുറിയും നിർമ്മിച്ചത്.

ഇതിലേക്ക് സീവറേജ് ലൈൻ ബന്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ട്രിഡ ഉടമസ്ഥതയിലുള്ള കേദാരം ഷോപ്പിംഗ് കോംപ്ലക്സ് കോമ്പൗണ്ടിലാണ് റസ്റ്റ് റൂം നിർമ്മിച്ചിട്ടുള്ളത്. നന്ദൻകോടും കേശവദാസപുരത്തും സ്ഥാപിച്ച ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ മാതൃകയിലാണ് പട്ടം ജംഗ്ഷനിലും പൊട്ടക്കുഴി വൈദ്യുത ഭവന സമീപവും ബസ് വെയിറ്റിംഗ് ഷെൽട്ടറുകൾ നിർമ്മാണം പൂർത്തിയാക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/133533/antonyraju)