---
title: "ചരിത്രമുഹൂർത്തം: വിവാദമായാ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിച്ചു"
english_title: "Historic moment: Three controversial agricultural laws were repealed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13416/Historic-moment-Three-controversial-agricultural-laws-were-repealed"
published_at: "2021-11-29T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a484e5204b3_farmers.jpg"
keywords: []
---

# ചരിത്രമുഹൂർത്തം: വിവാദമായാ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിച്ചു

> **Lead Summary:** ദില്ലി: വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിച്ചു . ഈ നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് ശീതകാലസമ്മേളനം തുടങ്ങിയ ആദ്യദിനം തന്നെ ലോക്സഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്‍റെ ബഹളത്തിനിടയിൽ ബില്ല് ചർച്ചയില്ലാതെ തന്നെ പാസ്സാക്കുകയും ചെയ്തു. മൂന്ന് പേജുള്ള ബില്ല് അവതരിപ്പിച്ചത് കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറാണ്. ബില്ല് പാസ്സാക്കിയ ഉടൻ രണ്ട് മണി വരെ ലോക്സഭ നിർത്തിവച്ചിരിക്കുകയാണ്. ഒരു വർഷത്തിലധികം നീണ്ട ഐതിഹാസികമായ കർഷകസമരത്തെത്തുടർന്ന് കർഷകർക്ക് മുന്നിൽ കീഴടങ്ങുകയാണ് കേന്ദ്രസർക്കാർ.

## Article Content

ദില്ലി: വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിച്ചു . ഈ നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് ശീതകാലസമ്മേളനം തുടങ്ങിയ ആദ്യദിനം തന്നെ ലോക്സഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്‍റെ ബഹളത്തിനിടയിൽ ബില്ല് ചർച്ചയില്ലാതെ തന്നെ പാസ്സാക്കുകയും ചെയ്തു. മൂന്ന് പേജുള്ള ബില്ല് അവതരിപ്പിച്ചത് കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറാണ്. ബില്ല് പാസ്സാക്കിയ ഉടൻ രണ്ട് മണി വരെ ലോക്സഭ നിർത്തിവച്ചിരിക്കുകയാണ്. ഒരു വർഷത്തിലധികം നീണ്ട ഐതിഹാസികമായ കർഷകസമരത്തെത്തുടർന്ന് കർഷകർക്ക് മുന്നിൽ കീഴടങ്ങുകയാണ് കേന്ദ്രസർക്കാർ.

രാജ്യസഭയിൽ പാസ്സാക്കി രാഷ്ട്രപതി ബില്ലിൽ ഒപ്പുവച്ചാൽ നിയമങ്ങൾ റദ്ദാകും.ചർച്ച കൂടാതെത്തന്നെ കാർഷികനിയമങ്ങൾ പിൻവലിക്കുകയാണ് ചെയ്തിരിക്കുന്നത്. നിയമങ്ങൾ എന്തുകൊണ്ടാണ് പിൻവലിക്കുന്നതെന്ന് ബില്ലിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയടക്കം ഇക്കാര്യത്തിൽ വിശദീകരണം നൽകിയിട്ടുമുണ്ട്. അതിനാൽ ചർച്ച വേണ്ടെന്നായിരുന്നു കേന്ദ്രനിലപാട്.ലോക്സഭയിൽ ഈ ബില്ല് പാസ്സായ സ്ഥിതിക്ക് ഉച്ചയ്ക്ക് ശേഷം തന്നെ രാജ്യസഭയിലും ഈ ബില്ല് പാസ്സാക്കിയേക്കും. ഈ ബില്ലിൽ ചർച്ചകൾ നടന്നാൽ പ്രതിപക്ഷം സർക്കാരിനെതിരെ ആഞ്ഞടിക്കുമെന്നുറപ്പാണ്.

കോൺഗ്രസും ബിജെപിയും എംപിമാർക്ക് സഭയിലെത്താൻ വിപ്പ് നൽകിയിരുന്നു. രാഹുൽ ഗാന്ധിയടക്കം രാവിലെ ലോക്സഭയിലെത്തി കർഷകരുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ബഹളം തുടങ്ങിയതോടെ 12 മണി വരെ സഭ നിർത്തിവച്ചു. 12 മണിക്ക് വീണ്ടും സഭ തുടങ്ങിയതോടെ മൂന്ന് പേജുള്ള ബില്ല് പെട്ടെന്ന് തന്നെ അവതരിപ്പിച്ച്, മേശപ്പുറത്ത് വച്ച് ബില്ലുകൾ പാസ്സാക്കിയെടുക്കുകയായിരുന്നു കേന്ദ്രം. രാഹുൽ ഗാന്ധിയടക്കം സംസാരിക്കാൻ തയ്യാറായിരിക്കുന്ന സാഹചര്യത്തിൽ അതിന് അവസരം കേന്ദ്രസർക്കാർ നൽകില്ലെന്നുറപ്പാണ്.

എന്നാൽ രാവിലെ പാർലമെന്‍റ് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ഏത് വിഷയത്തിലും കേന്ദ്രം ചർച്ചയ്ക്ക് തയ്യാറാണെന്നാണ് പ്രതികരിച്ചത്. ഏത് ചോദ്യത്തിനും മറുപടിക്ക് സര്‍ക്കാര്‍ തയ്യാറാണ്. സര്‍ക്കാരിനെതിരെ എത്ര ശബ്ദം വേണമെങ്കിലും ഉയര്‍ത്താം. എന്നാൽ പാര്‍ലമെന്‍റിന്‍റെ അന്തസ് കാക്കണമെന്നും മോദി പറ‌ഞ്ഞു. ജനം ആഗ്രഹിക്കുന്നത് അര്‍ഥപൂര്‍ണമായ പാര്‍ലമെന്‍റ് സമ്മേളനമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.2020 സെപ്റ്റംബറിലാണ് രാജ്യത്തെ കർഷകരെ ഞെട്ടിച്ച് മൂന്ന് വിവാദ കർഷകനിയമങ്ങൾ കേന്ദ്രസർക്കാർ കൊണ്ടുവരുന്നത്.

ഇതിനെതിരെ രാജ്യത്ത് കർഷകസമരം ഇരമ്പി. ദില്ലി അതിർത്തികൾ വളഞ്ഞ് കർഷകർ സമരമിരുന്നപ്പോൾ അവരെ അനുനയിപ്പിക്കാൻ പല തവണ കേന്ദ്രം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ലോകം മുഴുവൻ ദില്ലിയുടെ അതിർത്തിയായ സിംഘുവിലേക്ക്, സമരപ്പന്തലുകളിലേക്കുറ്റുനോക്കി. ട്രാക്റ്റർ റാലിക്കിടെയുണ്ടായ അക്രമങ്ങളിലൂടെ കർഷകസമരത്തെ ഇകഴ്ത്തിക്കാട്ടാൻ ബിജെപി ശ്രമിച്ചെങ്കിലും നടന്നില്ല. കർഷകരെ കോൺഗ്രസ് ഇളക്കിവിടുകയാണെന്ന് പലപ്പോഴും ബിജെപി ആരോപണമുന്നയിച്ചെങ്കിലും സംയുക്ത കിസാൻ മോർച്ചയെന്ന പൊതുവേദിയിൽ ഊന്നി നിന്ന് സമരഭൂമിയിൽ ഭിന്നിപ്പുണ്ടാകാതിരിക്കാൻ നേതാക്കൾ ശ്രദ്ധിച്ചു.

ഒടുവിൽ ലഖിംപൂർ ഖേരിയിൽ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര കർഷകർക്കിടയിലേക്ക് വണ്ടി ഇടിച്ചുകയറ്റി നടത്തിയ കൂട്ടക്കൊല രാജ്യത്തെ നടുക്കി. ഇതോടെ കേന്ദ്രസർക്കാരിന് നിൽക്കക്കള്ളിയില്ലാതായി. നടപ്പാക്കിയ നിയമം ഒരു വർഷത്തിനു ശേഷം പിൻവലിക്കുന്ന അസാധാരണ നടപടിയിലേക്ക് കേന്ദ്രത്തിന് കടക്കേണ്ടി വന്നു.കാര്‍ഷിക നിയമങ്ങള്‍ നിലവില്‍ വന്ന് ഒരു വര്‍ഷവും രണ്ട് മാസവുമാകുമ്പോൾ നവംബർ 19-നാണ് മൂന്ന് നിയമങ്ങളും പിൻവലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി അപ്രതീക്ഷിതമായി ഒരു ടെലിവിഷൻ പ്രസ്താവനയിലൂടെ പ്രഖ്യാപിക്കുന്നത്.

സമരം ചെയ്യുന്ന കര്‍ഷകരുള്‍പ്പെട്ട സിഖ് സമുദായത്തിന് പ്രാധാന്യമുള്ള ഗുരുനാനാക്ക് ജയന്തി ദിനത്തിലായിരുന്നു ഈ പ്രസ്താവന. പ്രഖ്യാപനത്തിനായി ഈ ദിനം തെരഞ്ഞെടുത്തത് യാദൃശ്ചികമായിരുന്നില്ല. നിയമങ്ങൾ പിന്‍വലിക്കില്ലെന്ന് ആദ്യം ഉറച്ച നിലപാടെടുത്ത കേന്ദ്രം ഉത്തര്‍ പ്രദേശിലും പഞ്ചാബിലും  വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണ് പിന്മാറ്റ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. നിയമം പിന്‍വലിക്കുന്നതില്‍ ആര്‍എസ്എസിലും ബിജെപിയിലും ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്നതും സര്‍ക്കാരിനെ പുനരാലോചനക്ക് പ്രേരിപ്പിച്ചു.

എന്നാല്‍ സമരം അനിശ്ചിതമായി നീളുന്നത് ചൂണ്ടിക്കാട്ടി പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങള്‍ അതിര്‍ത്തി സുരക്ഷയില്‍ ആശങ്കയറിയിച്ച പശ്ചാത്തലത്തിലാണ് നിയമങ്ങള്‍ പിന്‍വലിച്ചതെന്ന ന്യായീകരണം ചില സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. അധികാരത്തിലേറിയ ശേഷം  മോദി ആദ്യമായി കീഴടങ്ങുമ്പോള്‍ അനന്തര ഫലമെന്തെന്നത് നിര്‍ണ്ണായകമാണ്.താങ്ങുവിലയടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കുമെന്നും അന്നത്തെ പ്രസ്താവനയിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളും, കാര്‍ഷിക മേഖലയില്‍ നിന്നുള്ള വിദഗ്ധരരും കര്‍ഷകരുടെ പ്രതിനിധികളും ഈ സമിതിയില്‍ അംഗങ്ങളാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എന്നാൽ പാർലമെന്‍റിലേക്ക് നടത്താനിരുന്ന ട്രാക്റ്റർ റാലി ഈ പ്രഖ്യാപനത്തെത്തുടർന്ന് തൽക്കാലം റദ്ദാക്കിയ കർഷകർ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് പറയുകയാണ്. പാര്‍ലമെന്‍റിലെ പ്രഖ്യാപനത്തിനൊപ്പം താങ്ങുവില ഉറപ്പ് വരുത്തുന്നതില്‍ രേഖാമൂലമുള്ള ഉറപ്പും കേന്ദ്രസര്‍ക്കാര്‍ നല്‍കണമെന്ന് സമരത്തിലുള്ള സംഘടനകള്‍ ആവശ്യപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13416/Historic-moment-Three-controversial-agricultural-laws-were-repealed)