---
title: "പോലീസ് സ്റ്റേഷനിലെ പാചകം: ഐ.ജി. റിപ്പോർട്ട് തേടി"
english_title: "Cooking at the police station: I.G. Kerala seeks report #policestation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/134287/cooking-at-the-police-station-ig-kerala-seeks-report-policestation"
published_at: "2023-07-28T05:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c3050856d71_dfghgfdgh.jpg"
keywords: []
---

# പോലീസ് സ്റ്റേഷനിലെ പാചകം: ഐ.ജി. റിപ്പോർട്ട് തേടി

> **Lead Summary:** **പത്തനംതിട്ട: **ഇലവുംതിട്ട പോലീസ് സ്റ്റേഷനിലെ അടുക്കളയിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കപ്പയും ചിക്കൻകറിയും പാചകം ചെയ്ത് വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ ഇട്ടതിൽ ദക്ഷിണമേഖലാ ഐ.ജി. റിപ്പോർട്ട് തേടി.

## Article Content

**പത്തനംതിട്ട: **ഇലവുംതിട്ട പോലീസ് സ്റ്റേഷനിലെ അടുക്കളയിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കപ്പയും ചിക്കൻകറിയും പാചകം ചെയ്ത് വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ ഇട്ടതിൽ ദക്ഷിണമേഖലാ ഐ.ജി. റിപ്പോർട്ട് തേടി.

ജില്ലാ പോലീസ് മേധാവിയോടാണ് റിപ്പോർട്ട് തേടിയത്. ഡ്യൂട്ടിസമയത്ത് പാചകം ചെയ്തതിലും, വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചതിലും അച്ചടക്ക ലംഘനമുണ്ടായോയെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. അന്വേഷണം ആരംഭിച്ചു.

രണ്ടാഴ്ച മുമ്പാണ് ഇലവുംതിട്ട പോലീസ് സ്‌റ്റേഷനിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കപ്പയും ചിക്കൻകറിയും തയ്യാറാക്കിയത്. ഇലവുംതിട്ട ചന്തയിൽചെന്ന് ചിക്കൻ വാങ്ങിക്കൊണ്ടുവന്ന് തയ്യാറാക്കുന്നതും കപ്പ വേവിക്കുന്നതും പിന്നീട് എല്ലാവരും ഒരുമിച്ചിരുന്ന് കഴിക്കുന്നതുമായ വീഡിയോ ആണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.

സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയോയെ അനുകൂലിച്ച് നിരവധിപേർ കമന്റ് ചെയ്തിരുന്നു. പോലീസുകാരുടെ പ്രവൃത്തി നിർദോഷമാണെന്നായിരുന്നു കൂടുതൽ പേരുടേയും കമന്റുകൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/134287/cooking-at-the-police-station-ig-kerala-seeks-report-policestation)