---
title: "കണ്ണൂർ ജില്ലയിൽ ഭീതി പടർത്തിയശേഷം കാസർകോട് ജില്ലയിലേയ്ക്ക് പോയ അജ്ഞാതൻ ഒരുദിവസത്തെ ഇടവേളയ്ക്കുശേഷം വീണ്ടുമെത്തി."
english_title: "After spreading fear in Kannur district, the unidentified person went to Kasaragod district and returned after a day's break. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/134555/after-spreading-fear-in-kannur-district-the-unidentified-person-went-to-kasaragod-district-and-returned-after-a-days-break"
published_at: "2023-07-29T05:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c457f1a84b5_cherupuzha.jpg"
keywords: []
---

# കണ്ണൂർ ജില്ലയിൽ ഭീതി പടർത്തിയശേഷം കാസർകോട് ജില്ലയിലേയ്ക്ക് പോയ അജ്ഞാതൻ ഒരുദിവസത്തെ ഇടവേളയ്ക്കുശേഷം വീണ്ടുമെത്തി.

> **Lead Summary:** **ചെറുപുഴ : **തുടർച്ചയായ അഞ്ച് ദിവസം കണ്ണൂർ ജില്ലയിൽ ഭീതി പടർത്തിയശേഷം കാസർകോട് ജില്ലയിലേയ്ക്ക് പോയ അജ്ഞാതൻ ഒരുദിവസത്തെ ഇടവേളയ്ക്കുശേഷം വീണ്ടുമെത്തി. പ്രാപ്പൊയിൽ ഈസ്റ്റിലാണ് ഇത്തവണ അജ്ഞാതൻ മുദ്ര പതിപ്പിച്ചത്. നേരത്തെ കരിയിൽ മുക്കി കൈപ്പത്തി പതിപ്പിക്കുകയായിരുന്നെങ്കിൽ ഇത്തവണ കരികൊണ്ടുള്ള എഴുത്താണ് വ്യാപകമായി നടത്തിയിട്ടുള്ളത്.

## Article Content

**ചെറുപുഴ : **തുടർച്ചയായ അഞ്ച് ദിവസം കണ്ണൂർ ജില്ലയിൽ ഭീതി പടർത്തിയശേഷം കാസർകോട് ജില്ലയിലേയ്ക്ക് പോയ അജ്ഞാതൻ ഒരുദിവസത്തെ ഇടവേളയ്ക്കുശേഷം വീണ്ടുമെത്തി. പ്രാപ്പൊയിൽ ഈസ്റ്റിലാണ് ഇത്തവണ അജ്ഞാതൻ മുദ്ര പതിപ്പിച്ചത്. നേരത്തെ കരിയിൽ മുക്കി കൈപ്പത്തി പതിപ്പിക്കുകയായിരുന്നെങ്കിൽ ഇത്തവണ കരികൊണ്ടുള്ള എഴുത്താണ് വ്യാപകമായി നടത്തിയിട്ടുള്ളത്.

ചെറുപുഴ-തിരുമേനി റോഡിൽ പ്രാപ്പൊയിൽ ഈസ്റ്റിലെ മുൻ പഞ്ചായത്തംഗം കെ. രാജന്റെ വീടിന്റെ മുൻവശത്തെ ഭിത്തിയുടെ രണ്ട് വശത്തും ബ്ലാക്ക്മാൻ എന്ന് എഴുതി ചിത്രങ്ങൾ കരികൊണ്ട് വരച്ചിട്ടുണ്ട്. പുറംതിരിഞ്ഞ് നിൽക്കുന്ന ആളുടെ വളരെ ലളിതമായ രേഖാചിത്രവും അക്ഷരങ്ങൾ ഉപയോഗിച്ച് മറ്റൊരു മനുഷ്യന്റെ ചിത്രവും വരച്ചിട്ടുണ്ട്. ക, ത, റ എന്നീ അക്ഷരങ്ങൾ ഉപയോഗിച്ചാണ് വളരെ ഭംഗിയായി ചിത്രം വരച്ചിട്ടുള്ളത്. പ്രൈമറി ക്ലാസുകളിൽ ഇത്തരം അക്ഷര ചിത്രങ്ങൾ സാധാരണയായി വരയ്ക്കാറുണ്ട്.

ആയുർവേദ ആസ്പത്രി റോഡ് തിരിയുന്നിടത്തെ വെളിയത്ത് ഏലിയാമ്മയുടെ ആളൊഴിഞ്ഞ വീട്, വെളിയത്ത് ബിൻസി തോമസിന്റെ കട, പോലീസ് ഓഫീസർ പുളിന്താനത്ത് ജയിസന്റെ മതിൽ, കെ. ദേവിയുടെ കട, പാലയ്ക്കാമണ്ണിൽ ജ്യോത്സനയുടെ വീട്, ഇടക്കര ഇ.ജെ. ജോണിയുടെ വീട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം എഴുത്തോ ചിത്രമോ ഉണ്ട്.

എന്നാൽ ഇത്തവണ കതകിലടിക്കുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്തിട്ടില്ല. ആലക്കോട്, ചെറുപുഴ, ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെടുന്ന പ്രദേശങ്ങളിൽ അജ്ഞാതന്റെ വിളയാട്ടം തുടങ്ങിയിട്ട്‌ ഒരുമാസം കഴിഞ്ഞു. വാതിലും ജനലിലും ഇടിച്ച്‌ ശബ്ദമുണ്ടാക്കുക, തുണികൾ മടക്കിവെയ്ക്കുക, കുടകൾ നശിപ്പിക്കുക, പാത്രങ്ങൾ തള്ളിയിടുക തുടങ്ങിയവയാണ് ഇയാൾ ചെയ്തുവന്നിരുന്നത്. നാട്ടുകാരും പോലീസും വ്യാപകമായി തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും അജ്ഞാതനെക്കുറിച്ച് കാര്യമായ ഒരു വിവരവുമില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/134555/after-spreading-fear-in-kannur-district-the-unidentified-person-went-to-kasaragod-district-and-returned-after-a-days-break)