---
title: "പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീങ്ങി."
english_title: "The mystery of the incident where he was found dead in the river is over. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/134557/the-mystery-of-the-incident-where-he-was-found-dead-in-the-river-is-over"
published_at: "2023-07-29T05:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c459e3e409c_surendhar_dsead.jpg"
keywords: []
---

# പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീങ്ങി.

> **Lead Summary:** **മീനങ്ങാടി : **വീടിനുസമീപം പുല്ലരിയാനിറങ്ങിയ കുണ്ടുവയൽ സ്വദേശി കീഴാനിക്കൽ സുരേന്ദ്രനെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീങ്ങി. സുരേന്ദ്രന്റെ മരണം വെള്ളം ഉള്ളിൽച്ചെന്നാണെന്നാണ് പോസ്റ്റ്േമാർട്ടം പ്രാഥമികറിപ്പോർട്ട്. പുഴയിലെ ശക്തമായ ഒഴുക്കിൽ പുല്ല് ചാഞ്ഞുപോയപ്പോൾ സുരേന്ദ്രൻ പുഴയിലേക്ക് വീണതാവാമെന്നാണ് പോലീസിന്റെ നിഗമനം.

## Article Content

**മീനങ്ങാടി : **വീടിനുസമീപം പുല്ലരിയാനിറങ്ങിയ കുണ്ടുവയൽ സ്വദേശി കീഴാനിക്കൽ സുരേന്ദ്രനെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീങ്ങി. സുരേന്ദ്രന്റെ മരണം വെള്ളം ഉള്ളിൽച്ചെന്നാണെന്നാണ് പോസ്റ്റ്േമാർട്ടം പ്രാഥമികറിപ്പോർട്ട്. പുഴയിലെ ശക്തമായ ഒഴുക്കിൽ പുല്ല് ചാഞ്ഞുപോയപ്പോൾ സുരേന്ദ്രൻ പുഴയിലേക്ക് വീണതാവാമെന്നാണ് പോലീസിന്റെ നിഗമനം.

വലിച്ചിഴച്ചുകൊണ്ടുപോയതിനു സമാനമായ അടയാളം, പുല്ല് ചാഞ്ഞതിനെത്തുടർന്ന്‌ ഉണ്ടായതാവാമെന്നും പോലീസ് പറയുന്നു. പുല്ലരിയാൻ പോയ സുരേന്ദ്രനെ അന്വേഷിച്ച് ഭാര്യ ഷൈലജ എത്തിയപ്പോൾ അരിഞ്ഞുവെച്ച പുല്ലുമാത്രമാണുണ്ടായിരുന്നത്. സുരേന്ദ്രനെ ഷൈലജ കണ്ടിരുന്നില്ല. പുല്ലിലെ അടയാളം കണ്ടാണ് വലിച്ചിഴച്ചുകൊണ്ടുപോയതാണെന്ന് ധരിച്ചതെന്നും പോലീസ് പറയുന്നു. സുരേന്ദ്രൻ നീന്തലറിയാവുന്ന ആളാണെങ്കിലും ഒഴുക്കിൽപ്പെട്ട് കുഴഞ്ഞുപോയതിനെത്തുടർന്ന് മുങ്ങിമരിച്ചതാവാമെന്നാണ് പോലീസിന്റെ വിശദീകരണം.

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സുരേന്ദ്രന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയത്. ഏതെങ്കിലും ജീവികൾ ആക്രമിച്ചതിന്റെ ലക്ഷണമൊന്നും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്താനായില്ല.

കണ്ണിന്റെ മുകൾഭാഗത്ത് മീനുകൾ കൊത്തിയതൊഴികെ മൃതദേഹത്തിൽ കാര്യമായ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. ‍ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് വീടിനുസമീപത്ത് പുല്ലരിയാൻ പോയ സുരേന്ദ്രനെ കാണാതായത്. വ്യാഴാഴ്ച നാലുകിലോമീറ്റർ അകലെനിന്നാണ് സുരേന്ദ്രന്റെ മൃതദേഹം കിട്ടിയത്.

പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം വെള്ളിയാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകി. വൈകീട്ട് നാലുമണിയോടെ മൃതദേഹം കുണ്ടുവയലിലെ വീട്ടിൽ പൊതുദർശനത്തിനുവെച്ചു. തുടർന്ന് നാലരയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ജനപ്രതിനിധികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/134557/the-mystery-of-the-incident-where-he-was-found-dead-in-the-river-is-over)