---
title: "#murder | കാണാതായ അഞ്ച് വയസ്സുകാരിയുടെ മൃതദേഹം ആലുവ മാർക്കറ്റിൽ ചാക്കിൽ കെട്ടിയ നിലയിൽ"
english_title: "Body of missing five-year-old gir"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/134667/body-of-missing-five-year-old-gir"
published_at: "2023-07-29T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c4bd23df9e9_Picsart_23-07-29_12-46-56-533.jpg"
keywords: []
---

# #murder | കാണാതായ അഞ്ച് വയസ്സുകാരിയുടെ മൃതദേഹം ആലുവ മാർക്കറ്റിൽ ചാക്കിൽ കെട്ടിയ നിലയിൽ

> **Lead Summary:** **ആലുവ**: അഞ്ച് വയസുകാരിയെ കാണാതായ സംഭവത്തിൽ തെരച്ചിൽ നടക്കുന്നതിനിടെ ആലുവ മാർക്കറ്റിൽ മൃതദേഹം കണ്ടെത്തി. ഒരു കുഞ്ഞിന്റെ മൃതദേഹമാണെന്ന് ആലുവ പൊലീസ് സ്ഥിരീകരിച്ചു.

## Article Content

**ആലുവ**: അഞ്ച് വയസുകാരിയെ കാണാതായ സംഭവത്തിൽ തെരച്ചിൽ നടക്കുന്നതിനിടെ ആലുവ മാർക്കറ്റിൽ മൃതദേഹം കണ്ടെത്തി. ഒരു കുഞ്ഞിന്റെ മൃതദേഹമാണെന്ന് ആലുവ പൊലീസ് സ്ഥിരീകരിച്ചു.

പിന്നാലെ ആലുവയിൽ കാണാതായ പെൺകുട്ടിയുടേതാണ് മൃതദേഹമെന്ന് വ്യക്തമായി. ചാക്കിൽ കെട്ടിയ നിലയിൽ ഉപേക്ഷിച്ച നിലയിലാണ് മൃതേദേഹം കണ്ടെത്തിയത്.

കേരളം കഴിഞ്ഞ 20 മണിക്കൂറിലേറെയായി പെൺകുട്ടിക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പെരിയാറിന്റെ തീരത്ത് ചെളി നിറഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.

ചാക്കിൽ നിന്ന് കൈ പുറത്തേക്ക് കിടന്നിരുന്നു. കൈ കണ്ടാണ് പ്രദേശത്ത് എത്തിയ ആളുകൾ ഇത് മൃതദേഹമാണെന്ന് പൊലീസിനെ അറിയിച്ചത്. ജനശ്രദ്ധയെത്താത്ത സ്ഥലത്താണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. എപ്പോഴാണ് കുട്ടിയെ ഇവിടേക്ക് കൊണ്ടുവന്നത്, ആരാണ് കൊണ്ടുവന്നത് എന്നടക്കമുള്ള കാര്യങ്ങൾ അറിയേണ്ടതുണ്ട്.

വിവരമറിഞ്ഞ് ഫൊറൻസിക് സംഘം സ്ഥലത്ത് പരിശോധനക്ക് എത്തി. ഇന്നലെ വൈകിട്ടാണ് ആലുവയിൽ നിന്ന് ബിഹാർ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുകാരി മകളെ കാണാതായത്. സംഭവത്തിൽ പ്രതിയെ രാത്രി തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ലഹരിയുടെ സ്വാധീനത്തിലായിരുന്ന പ്രതിയിൽ നിന്ന് കുട്ടിയെ കുറിച്ചുള്ള വിവരം കിട്ടാൻ പൊലീസ് മണിക്കൂറുകളോളം കാത്തിരുന്നു. വിവിധ സ്ഥലങ്ങളിൽ പൊലീസ് ഇന്നലെ രാത്രി മുതൽ തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/134667/body-of-missing-five-year-old-gir)