---
title: "ആര്‍ക്കും ലഭിക്കുന്ന രീതിയില്‍ കേരളത്തിലെ മുഴുവന്‍ റേഷന്‍ കാര്‍ഡ് വിവരങ്ങൾ; സുരക്ഷാ വീഴ്ച "
english_title: "All ration card details in Kerala available to anyone"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13468/all-ration-card-details-in-kerala-available-to-anyone"
published_at: "2021-11-29T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a4b48635127_Screenshot_20211129_163739_com.facebook.katana.jpg"
keywords: []
---

# ആര്‍ക്കും ലഭിക്കുന്ന രീതിയില്‍ കേരളത്തിലെ മുഴുവന്‍ റേഷന്‍ കാര്‍ഡ് വിവരങ്ങൾ; സുരക്ഷാ വീഴ്ച 

> **Lead Summary:** തിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ റേഷന്‍ കാര്‍ഡ് വിവരങ്ങളും ആര്‍ക്കും ലഭിക്കുന്ന രീതിയില്‍ തുറന്നിട്ടിരിക്കുന്നതായി വെളിപ്പെടുത്തല്‍. റേഷന്‍ കാര്‍ഡ് നമ്പര്‍, കാര്‍ഡ് ഉടമയുടെ പേര്, റേഷന്‍ കടയുടെ നമ്പര്‍, റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവരുടെ പേരുകള്‍ എന്നിവയാണ് ലഭ്യമാകുന്നത്. വിവിധ ജില്ലകളിലെ താലൂക്ക് അടിസ്ഥാനത്തില്‍ ഒരോ റേഷന്‍ കടയിലെയും കാര്‍ഡുകളുടെ വിവരങ്ങള്‍ കേരള പൊതുവിതരണ വകുപ്പിന്‍റെ സൈറ്റില്‍ നിന്ന് തന്നെ ലഭിക്കുന്നുവെന്നാണ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഋഷി മോഹന്‍ദാസ് കണ്ടെത്തിയത്.

## Article Content

തിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ റേഷന്‍ കാര്‍ഡ് വിവരങ്ങളും ആര്‍ക്കും ലഭിക്കുന്ന രീതിയില്‍ തുറന്നിട്ടിരിക്കുന്നതായി വെളിപ്പെടുത്തല്‍. റേഷന്‍ കാര്‍ഡ് നമ്പര്‍, കാര്‍ഡ് ഉടമയുടെ പേര്, റേഷന്‍ കടയുടെ നമ്പര്‍, റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവരുടെ പേരുകള്‍ എന്നിവയാണ് ലഭ്യമാകുന്നത്. വിവിധ ജില്ലകളിലെ താലൂക്ക് അടിസ്ഥാനത്തില്‍ ഒരോ റേഷന്‍ കടയിലെയും കാര്‍ഡുകളുടെ വിവരങ്ങള്‍ കേരള പൊതുവിതരണ വകുപ്പിന്‍റെ സൈറ്റില്‍ നിന്ന് തന്നെ ലഭിക്കുന്നുവെന്നാണ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഋഷി മോഹന്‍ദാസ് കണ്ടെത്തിയത്.

ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി കമ്യൂണിറ്റിയായ യെറ്റ് അനതര്‍ സെക്യൂരിറ്റിയുടെ ബ്ലോഗില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇതിനൊപ്പം തന്നെ 90 ദശലക്ഷത്തോളം റേഷന്‍കാര്‍ഡ് ഉപയോക്താക്കള്‍ ഉള്ള ബിഹാറിലെ സിവില്‍ സപ്ലേസ് സൈറ്റിലും ഇതിനേക്കാള്‍ ഭീകരമായ സുരക്ഷ വീഴ്ചയുണ്ടെന്നാണ് ബ്ലോഗ് പോസ്റ്റ് പറയുന്നത്.

ബിഹാറിലെ പൊതുവിതരണ വകുപ്പിന്‍റെ സൈറ്റില്‍ നിന്നും ആര്‍ക്കും ഒരു റേഷന്‍ കാര്‍ഡ് കുടുംബത്തിന്‍റെ ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം ശേഖരിക്കാം എന്നതാണ് അവസ്ഥ എന്നാണ് റിപ്പോര്‍ട്ട്. പ്രധാനമായും ഈ സുരക്ഷ വീഴ്ചയിലൂടെ പേഴ്സണല്‍ ഐഡന്‍റിഫിക്കേഷന്‍ ഇന്‍ഫര്‍മേഷന്‍ ഡാറ്റയാണ് ചോരുന്നത്.

2018 ല്‍ ഇത്തരത്തില്‍ റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ ചോരുന്നുവെന്ന സുരക്ഷ പ്രശ്നം ഋഷി മോഹന്‍ദാസ് ഉന്നയിച്ചിരുന്നു. 2018 ലെ സുരക്ഷ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും. അത് പൂര്‍ണ്ണമായിട്ടില്ലെന്നാണ് പുതിയ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നത്. പൊതുവിതരണ വകുപ്പിന്‍റെ വെബ് സൈറ്റില്‍ (civilsupplieskerala.gov.in) ഇന്‍ഡക്സ് പേജില്‍ കാര്‍ഡ്സ് എന്ന വിഭാഗത്തില്‍ ജില്ല തിരിച്ച് അവിടുത്തെ താലൂക്ക് സിവില്‍ സപ്ലേസ് ഓഫീസുകളുടെ കീഴിലെ കാര്‍ഡുകളുടെ എണ്ണം തുടങ്ങിയ കാര്യങ്ങള്‍ ഉണ്ട്. ഇവിടെ നിന്നും പിന്നീട് ഒരോ റേഷന്‍ കടയുടെ വിവരങ്ങളും തുടര്‍ന്ന് റേഷന്‍ കടയ്ക്ക് കീഴിലെ റേഷന്‍ കാര്‍ഡ് നമ്പറുകളും, കാര്‍ഡ് ഉടമയുടെ വിവരങ്ങളും ലഭിക്കും. 

ഇത്രയും ലഭിച്ച് കഴിഞ്ഞാല്‍ പിന്നീട് പൊതുവിതരണ വകുപ്പിന്‍റെ തന്നെ കാര്‍ഡ് വിവരങ്ങള്‍ പരിശോധിക്കാനുള്ള സൈറ്റില്‍ (https://etso.civilsupplieskerala.gov.in/index.php/c_checkrcard_details) പോയി കാര്‍ഡ് നമ്പര്‍ കൊടുത്താല്‍ തന്നെ മുകളില്‍ പറഞ്ഞ പേഴ്സണല്‍ വിവരങ്ങള്‍ ലഭിക്കും. ഇത് ഡൌണ്‍ലോഡ് ചെയ്തെടുക്കാനും സംവിധാനമുണ്ട്. ഇത്തരത്തില്‍ വലിയൊരു ഡാറ്റ ശേഖരം ലക്ഷ്യം വയ്ക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കും മറ്റും എളുപ്പത്തില്‍ വിധേയമാകുന്ന തരത്തിലാണ് ആര്‍ക്കും ലഭിക്കാവുന്ന രീതിയില്‍ വിവരങ്ങള്‍ ലഭിക്കുന്നത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13468/all-ration-card-details-in-kerala-available-to-anyone)