---
title: "ഉരുള്‍പ്പൊട്ടലിലുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിന് പൂളക്കുറ്റി മേഖലയിൽ അടിയന്തര പദ്ധതികള്‍ നടപ്പാക്കണമെന്ന്  എം എല്‍ എ സണ്ണി ജോസഫ്‌"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135329/peravoor"
published_at: "2023-07-31T18:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c7ae073341e_PicsArt_07-31-06.13.03.jpg"
keywords: []
---

# ഉരുള്‍പ്പൊട്ടലിലുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിന് പൂളക്കുറ്റി മേഖലയിൽ അടിയന്തര പദ്ധതികള്‍ നടപ്പാക്കണമെന്ന്  എം എല്‍ എ സണ്ണി ജോസഫ്‌

> **Lead Summary:** **പേരാവൂർ** : റവന്യൂ മന്ത്രി വിളിച്ചു ചേര്‍ത്ത ജില്ലയിലെ എം എല്‍ എ മാരുടെ യോഗത്തില്‍ പേരാവൂര്‍ നിയോജകമണ്ഡലത്തിലെ കണിച്ചാര്‍ പഞ്ചായത്തിലെ പൂളക്കുറ്റി മേഖലയില്‍ ഉരുള്‍പ്പൊട്ടലില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തര പദ്ധതികള്‍ നടപ്പിലാക്കാനും, അടിയന്തര നടപടികൾ ഉണ്ടാക്കാനും പേരാവൂര്‍ നിയോജകമണ്ഡലം എം എല്‍ എ സണ്ണി ജോസഫ്‌ ആവശ്യപ്പെട്ടു.

## Article Content

**പേരാവൂർ** : റവന്യൂ മന്ത്രി വിളിച്ചു ചേര്‍ത്ത ജില്ലയിലെ എം എല്‍ എ മാരുടെ യോഗത്തില്‍ പേരാവൂര്‍ നിയോജകമണ്ഡലത്തിലെ കണിച്ചാര്‍ പഞ്ചായത്തിലെ പൂളക്കുറ്റി മേഖലയില്‍ ഉരുള്‍പ്പൊട്ടലില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തര പദ്ധതികള്‍ നടപ്പിലാക്കാനും, അടിയന്തര നടപടികൾ ഉണ്ടാക്കാനും പേരാവൂര്‍ നിയോജകമണ്ഡലം എം എല്‍ എ സണ്ണി ജോസഫ്‌ ആവശ്യപ്പെട്ടു.

കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി നെടുംപുറംചാൽ പ്രദേശങ്ങളിലും സമീപസ്ഥലങ്ങളിലും ഉണ്ടായ അതീവ ഗൗരവമേറിയ ഉരുള്‍പ്പൊട്ടലും, പ്രകൃതിക്ഷോഭവും നടന്നിട്ട് ഒരു വർഷം തികയുകയാണ്. കനത്ത നാശനഷ്ടം സംഭവിച്ചവർക്ക് പ്രത്യേക പാക്കേജ് സഹായം നൽകണമെന്ന് അന്നുമുതൽ പലപ്പോഴായി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും ഇതിനായി അപേക്ഷ നൽകി.

സംഭവ സമയത്ത് ദുരന്തമുഖത്ത് എത്തിയ മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. നിയമസഭയിൽ സബ്മിഷനായും, ചോദ്യോത്തര വേളയായും നഷ്ടപരിഹാരത്തിനായി ആവശ്യപ്പെട്ടിരുന്നു. എം എല്‍ എ മാരുടെ റവന്യൂ അസംബ്ലിയിലും, ജില്ലാ വികസന സമിതി വേളയിലും, താലൂക്ക് സഭ യോഗത്തിലും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ നാമമാത്രമായ സഹായങ്ങൾ മാത്രമാണ് ദുരന്തങ്ങൾക്ക് ഇരയായവർക്ക് നൽകിയിട്ടുള്ളത്. തകർന്ന റോഡുകളുടെയും, പാലങ്ങളുടെയും പുനർനിർമാണത്തിനും ആവശ്യമായ സഹായം ലഭിച്ചിട്ടില്ല.

സർക്കാർ സഹായത്തിനായി നടത്തിയ സമരങ്ങൾക്ക് നേരെയും അധികാരികൾ മുഖം തിരിക്കുകയായിരുന്നു. സർക്കാരിന്റെ അവഗണനയും നിഷേധ നിലപാടുകളും അവസാനിപ്പിച്ച് അടിയന്തര പദ്ധതി നടപ്പിലാക്കാനും, അടിയന്തര നടപടികൾ ഉണ്ടാകാനും ആവശ്യപ്പെട്ട് റവന്യൂ മന്ത്രി വിളിച്ചു ചേർത്ത ജില്ലയിലെ എംഎൽഎമാരുടെ യോഗത്തിൽ ഇക്കാര്യം പ്രത്യേക പ്രാധാന്യത്തോടെ അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135329/peravoor)