---
title: "ഒമിക്രോൺ :മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കോവിഡ് അവലോകന യോഗം"
english_title: "Covid review meeting today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13550/covid-review-meeting-today"
published_at: "2021-11-30T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a5a06951b56_images - 2021-11-30T092408.230.jpeg"
keywords: []
---

# ഒമിക്രോൺ :മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കോവിഡ് അവലോകന യോഗം

> **Lead Summary:** തിരുവനന്തപുരം : ഒമിക്രോണ്‍ ഭീതിക്കിടെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കോവിഡ് അവലോകന യോഗം ചേരും.

## Article Content

തിരുവനന്തപുരം : ഒമിക്രോണ്‍ ഭീതിക്കിടെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കോവിഡ് അവലോകന യോഗം ചേരും.

ഒമിക്രോണുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ചയാകും.സ്കൂളുകളില്‍ ക്ലാസ് സമയം സാധാരണ നിലയിലാക്കണമെന്ന ശിപാര്‍ശയിലും തീരുമാനമുണ്ടാകും. വ്യക്തമായ കാരണമില്ലാതെ വാക്സിന്‍ എടുക്കാന്‍ വിമുഖത കാട്ടുന്ന അധ്യാപകര്‍ക്ക് നിര്‍ബന്ധിത അവധി നിര്‍ദേശിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കാണ് സര്‍ക്കാര്‍ നീക്കം. തിയേറ്ററുകളില്‍ പ്രവേശനത്തിന് കൂടുതല്‍ ഇളവുകളും തീരുമാനിച്ചേക്കും.

കോവിഡിന്‍റെ പുതിയ വകഭേദം ഒമിക്രോണിനെതിരെ കേരളം വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു

കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് മുന്‍കരുതല്‍ നടപടികളെന്നും മന്ത്രി പറ‍ഞ്ഞു. നിലവില്‍ പല രാജ്യങ്ങളിലും പുതിയ വകഭേദത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. റിസ്ക് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. നെഗറ്റീവ് ആണെങ്കിലും ഏഴ് ദിവസം ഹോം ക്വാറന്‍റൈന്‍ വേണം. എട്ടാം ദിവസം പരിശോധന നടത്തണം. സംസ്ഥാനത്ത് ഇതുവരെ വൈറസ് വകഭേദം കണ്ടെത്തിയിട്ടില്ല. വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെന്നും പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി.

കോവിഡിന്‍റെ പുതിയ വകഭേദം ഒമിക്രോണിന് വ്യാപന ശേഷി കൂടുതലാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ആഗോളതലത്തില്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. വൈറസിന്‍റെ പ്രത്യേകത കണക്കിലെടുത്താല്‍ ലോകത്ത് വീണ്ടും കോവിഡ് തരംഗത്തിന് സാധ്യതയേറെയാണെന്നും ഡബ്ല്യുഎച്ച്‌ഒ മുന്നറിയിപ്പ് നല്‍കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13550/covid-review-meeting-today)