---
title: "#Poolakutty | പൂളക്കുറ്റിയുടെ നെഞ്ച് പിളര്‍ത്തിയ ദുരന്തത്തിന് ഒരു വയസ്: നഷ്ടപരിഹാരം ലഭിക്കാതെ കര്‍ഷകര്‍ "
english_title: " Farmers without compensation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135505/farmers-without-compensation"
published_at: "2023-08-01T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c8a22a8ff27_Picsart_23-08-01_11-36-15-949.jpg"
keywords: []
---

# #Poolakutty | പൂളക്കുറ്റിയുടെ നെഞ്ച് പിളര്‍ത്തിയ ദുരന്തത്തിന് ഒരു വയസ്: നഷ്ടപരിഹാരം ലഭിക്കാതെ കര്‍ഷകര്‍ 

> **Lead Summary:** **പൂളക്കുറ്റി**: മൂന്ന് ജീവന്‍ കവരുകയും ഒരു നാടിനെ തന്നെ ഭീതിയിലാക്കിയ പൂളക്കുറ്റി ഉരുള്‍ പൊട്ടല്‍ ഉണ്ടായി ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒന്നിനാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്.

## Article Content

**പൂളക്കുറ്റി**: മൂന്ന് ജീവന്‍ കവരുകയും ഒരു നാടിനെ തന്നെ ഭീതിയിലാക്കിയ പൂളക്കുറ്റി ഉരുള്‍ പൊട്ടല്‍ ഉണ്ടായി ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒന്നിനാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്.

പത്തനംതിട്ട സ്വദേശി ആരോഗ്യ ഉപകേന്ദ്രം ജിവനക്കാരി നദീറയുടെ രണ്ടരവയസുകാരി മകള്‍ നുമ തസ് ലിന്‍, താഴെ വെളളറ കോളനിയിലെ രാജേഷ്, മേലെ വെളളറ കോളനിയിലെ മണാലി ചന്ദ്രന്‍ എന്നിവര്‍ക്കാണ് മലവെളളപാച്ചിലില്‍ ജീവന്‍ നഷ്ടമായത്.

നിരവധി വീടുകള്‍ തകരുകയും ഏക്കര്‍ കണക്കിന് കൃഷിയും കൃഷി ഭൂമിയും നശിച്ചു. കാഞ്ഞിരപ്പുഴയും നെല്ലാനിക്കല്‍ തോടും കരകവിഞ്ഞൊഴുകി നെടുംപുറംചാലിലെ വീടുകളിലും തൊണ്ടി ടൗണിലെയും വ്യാപാനസ്ഥാപനങ്ങളിലും വെളളം കേറി നശിക്കുകയും ചെയതു.

വിവിധ വകുപ്പുകള്‍ നല്‍കിയ കണക്കു പ്രകാരം ഏകദേശം 35 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. കൃഷി ഭൂമി തരിശായതോടെ കര്‍ഷകര്‍ ദുരിതത്തിലായി. 100 ഹെക്ടറിലേറെ സ്ഥലം കൃഷി യോഗ്യമല്ലാതായി.

കൃഷി ചെയ്യാന്‍ സാധിക്കാതെ വന്നതോടെ പലരുടെയും ജിവിതമാര്‍ഗ്ഗം തന്നെ ഇല്ലാതായി. പലരും ഇന്ന് കൂലിപ്പണി എടുത്താണ് ഇന്ന് കുടുംബം പുലര്‍ത്തുന്നത്. നിരവധി കര്‍ഷകരാണ് ദുരിതമുണ്ടായി ഒരു വര്‍ഷം പിന്നിട്ടിട്ടും ഇന്നും നഷ്ടപരിഹാരം ലഭിക്കാതെ കഷ്ടപ്പെടുന്നത്.

കണിച്ചാര്‍ പഞ്ചായത്തില്‍ 23 ലക്ഷത്തില്‍ അധികം രൂപയുടെ കൃഷി നശിച്ചുവെന്നാണ് കൃഷി വകുപ്പിന്റെ കണക്ക്. കൃഷി നശിച്ചതുമായി ബന്ധപ്പെട്ട് 149 അപേക്ഷകളാണ് ലഭിച്ചത്. 142 അപേക്ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കും.

സംസ്ഥാന വിഹിതമായി 2033186 രൂപയും കേന്ദ്ര വിഹിതമായി 315883 രൂപയും ഉള്‍പ്പെടെ ആകെ 2349069 രൂപായാണ് അനുവദിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഈ തുക കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. ഒന്‍പത് വീടുകളാണ് പൂര്‍ണ്ണമായും തകര്‍ന്നത്.

നാല് ലക്ഷം രൂപ നഷ്ടപരിഹാരമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ നഷ്ടപരിഹാരമായി 95100 രൂപ മാത്രമാണ് നല്‍കിയത്. 304900 രൂപ കൂടി ഇനിയും ലഭിക്കാനുണ്ട്. എന്നാല്‍ ഈ തുകയ്ക്ക് വീട് വയ്ക്കാന്‍ സാധിക്കില്ലെന്നാണ് വീട് നഷ്ടപ്പെട്ട പുളഞ്ചുവളളില്‍ ഷാജു ഉള്‍പ്പെടെ പറയുന്നത്.

വീട് നഷ്ടപ്പെട്ടതോടെ പലരും വലിയ തുക നല്‍കി വാടകയ്ക്ക് വീട് എടുത്തു താമസിക്കാന്‍ നിർബന്ധിതരായി. കൃഷി ആശ്രയിച്ചു കഴിഞ്ഞിരുന്ന ഷാജുവിനെ പോലുളളവര്‍ക്ക് കൃഷിഭൂമിയും നശിച്ചതോടെ ജീവിതമാര്‍ഗ്ഗം തന്നെ ഇല്ലാതായി. കൂലി പണി എടുത്താണ് ഇവരില്‍ പലരും ഇന്ന് കുടുംബം പുലര്‍ത്തുന്നത്.

53 വീടുകളാണ് ഭാഗീകമായി തകര്‍ന്നുവെന്നാണ് റവന്യൂ വകുപ്പിന്റെ കണക്ക്. ഭാഗീകമായി തകര്‍ന്ന വീടുകള്‍ക്ക് എസ്.ഡി.ആര്‍.എഫ് മാനദണ്ഡപ്രകാരമുളള നഷ്ടപരിഹാര തുക നല്‍കി. ആകെ അനുവദിച്ചത് 14,29,600 രൂപ.

എന്നാല്‍ നല്‍കിയ തുക അപര്യാപ്തമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വീട് നഷ്ടപ്പെട്ടവരുടെ സ്ഥലത്ത താമസ യോഗ്യമല്ലെന്ന് വിവിധ വകുപ്പുകള്‍ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയാല്‍ 6 ലക്ഷം രൂപാ കൂടി അധികമായി നല്‍കുമെന്നാണ് ലഭിക്കുന്ന വിവരം.

10 കുടുംബങ്ങള്‍ക്ക് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പ്രദേശത്ത് താമസയോഗ്യമല്ലെന്നെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. പഞ്ചായത്തിന്റെ കണക്കു പ്രകാരം റോഡുകളും കലുങ്കുകളും ഉള്‍പ്പെടെ നശിച്ചതിന് ആകെ 12,91,29,599 രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135505/farmers-without-compensation)