---
title: "#koduvalli | ചരക്കുലോറിയിടിച്ച് കൊടുവള്ളി റെയിൽവേ ലെവൽ ക്രോസിലെ ഗേറ്റ് തകർന്നു"
english_title: "Koduvalli railway level crossing"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135598/koduvalli-railway-level-crossing"
published_at: "2023-08-01T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c8dbc6d0ac1_Picsart_23-08-01_15-32-58-131.jpg"
keywords: []
---

# #koduvalli | ചരക്കുലോറിയിടിച്ച് കൊടുവള്ളി റെയിൽവേ ലെവൽ ക്രോസിലെ ഗേറ്റ് തകർന്നു

> **Lead Summary:** **തലശ്ശേരി** : ചരക്കുലോറിയിടിച്ച് കൊടുവള്ളി റെയിൽവേ ലെവൽ ക്രോസിലെ ഗേറ്റ് തകർന്നു. സിഗ്‌നൽസംവിധാനം തകരാറിലായി. തിങ്കളാഴ്ച പുലർച്ചെ 5.45-നാണ് സംഭവം.

## Article Content

**തലശ്ശേരി** : ചരക്കുലോറിയിടിച്ച് കൊടുവള്ളി റെയിൽവേ ലെവൽ ക്രോസിലെ ഗേറ്റ് തകർന്നു. സിഗ്‌നൽസംവിധാനം തകരാറിലായി. തിങ്കളാഴ്ച പുലർച്ചെ 5.45-നാണ് സംഭവം.

അറ്റകുറ്റപ്പണി നടത്തിയശേഷം ഉച്ച രണ്ടോടെ ഇതുവഴിയുള്ള വാഹനഗതാഗതം പുനഃസ്ഥാപിച്ചു. അതുവരെ വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. അശ്രദ്ധമായി വാഹനമോടിച്ച് റെയിൽവേക്ക് നഷ്ടമുണ്ടാക്കിയതിന് ലോറിഡ്രൈവർക്കെതിരേ ആർ.പി.എഫ്. കേസെടുത്തു.

തമിഴ്‌നാട് മേട്ടൂർ സ്വദേശി മണികണ്ഠനെതിരേ (26) ആണ് ആർ.പി.എഫ്. തലശ്ശരി സബ് ഇൻസ്‌പെക്ടർ കെ.വി. മനോജ് കുമാർ കേസെടുത്തത്. തമിഴ്‌നാട്ടിൽനിന്ന്‌ തലശ്ശേരി വഴി പിണറായിയിലേക്ക് കമ്പിയുമായി പോകുകയായിരുന്ന ചരക്ക് ലോറിയാണ് അപകടത്തിൽപ്പെട്ടത്.

ഗേറ്റ് കടന്ന് മുന്നോട്ടുപോകുന്നതിനിടയിൽ ഗേറ്റിന് തൊട്ടുള്ള ഹമ്പിൽ കയറിയശേഷം ലോറി പിന്നോട്ട് നീങ്ങുകയായിരുന്നു. ലോറിയുടെ പിൻഭാഗം റെയിൽവേ ഗേറ്റിന്റെ ലോക്കിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ ലോക്ക് കുറ്റിയും തൊട്ടുള്ള പ്രധാന ലൈൻ സിഗ്‌നൽ കേബിളുകളും തകർന്നു.

തലശ്ശേരി, കണ്ണൂർ റെയിൽവേ സ്റ്റേഷനുകളിൽ വിവരമറിയിച്ചശേഷം തീവണ്ടികൾക്ക് ജാഗ്രതാനിർദേശം നൽകി. കണ്ണൂരിൽനിന്നും തലശ്ശേരിയിൽനിന്നുമെത്തിയ മെക്കാനിക്കൽ വിഭാഗം ജീവനക്കാർ അറ്റകുറ്റപ്പണി നടത്തി.

ഗതാഗതനിയന്ത്രണത്തെ തുടർന്ന് എരഞ്ഞോളിപ്പാലംമുതൽ ചിറക്കര പള്ളിത്താഴവരെയും ധർമടം മീത്തലെപീടികയിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135598/koduvalli-railway-level-crossing)