---
title: "#kelakam | കേളകം മേഖലയിലെ അതിഥി തൊഴിലാളി ക്യാമ്പുകളിൽ എക്സൈസ് പോലീസ് സംഘം പരിശോധന നടത്തി "
english_title: "Kelakam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136885/kelakam"
published_at: "2023-08-06T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cf571fd2ec6_Picsart_23-08-06_13-47-10-747.jpg"
keywords: []
---

# #kelakam | കേളകം മേഖലയിലെ അതിഥി തൊഴിലാളി ക്യാമ്പുകളിൽ എക്സൈസ് പോലീസ് സംഘം പരിശോധന നടത്തി 

> **Lead Summary:**  **കേളകം**: അതിഥി തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ലേബർ ക്യാമ്പുകളിലും താമസസ്ഥലങ്ങളിലും നിർമ്മാണ സ്ഥലങ്ങളിലും സംസ്ഥാനവ്യാപകമായി നടത്തിവരുന്ന പരിശോധനയുടെ ഭാഗമായി കേളകം മേഖലയിൽ കേളകം പോലീസിൻ്റെയും, പേരാവൂർ റെയിഞ്ച് എക്‌സൈസിൻ്റെയും സംയുക്ത പരിശോധന നടത്തി. അടക്കാത്തോട്ടിലെ ക്യാമ്പുകളിലുള്ളവരിൽ തിരിച്ചറിയൽ രേഖകളില്ലാത്തവരെയും കണ്ടെത്തി.

## Article Content

 **കേളകം**: അതിഥി തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ലേബർ ക്യാമ്പുകളിലും താമസസ്ഥലങ്ങളിലും നിർമ്മാണ സ്ഥലങ്ങളിലും സംസ്ഥാനവ്യാപകമായി നടത്തിവരുന്ന പരിശോധനയുടെ ഭാഗമായി കേളകം മേഖലയിൽ കേളകം പോലീസിൻ്റെയും, പേരാവൂർ റെയിഞ്ച് എക്‌സൈസിൻ്റെയും സംയുക്ത പരിശോധന നടത്തി. അടക്കാത്തോട്ടിലെ ക്യാമ്പുകളിലുള്ളവരിൽ തിരിച്ചറിയൽ രേഖകളില്ലാത്തവരെയും കണ്ടെത്തി.

ഇവരോട് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മതിയായ രേഖകളില്ലാതെയുള്ളവർക്ക് വാസസ്ഥലം നൽകുന്ന കെട്ടിട ഉടമകൾക്കെതിരെയും നടപടിയുണ്ടാവും. അടക്കാത്തോട് ക്യാമ്പിലുള്ളവർക്ക് ബോധവൽക്കരണം നടത്തി. പരിശോധനയിൽ എക്സൈസ് പ്രിവന്റീവ് ഓഫിസർമാരായ എൻ. പത്മരാജൻ, സി.എം.ജയിംസ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.സന്തോഷ്കെ, എ. മജീദ്,  വി. സിനോജ്,  വനിത സി ഇ ഒ ഷീജ കാവളാൻ, സിവിൽ പോലീസ് ഓഫീസർമാരായ ഷൈബേഷ്, ജിജേഷ് എന്നിവർ പങ്കെടുത്തു.

അതിഥിതൊഴിലാളികൾക്കിടയിലെ ലഹരി ഉപഭോഗം, ക്രമിനൽ പശ്ചാത്തലം എന്നിവ കണ്ടെത്തുക, പകർച്ചവ്യാധി സാധ്യതകൾ വിലയിരുത്തുക, അതിഥി പോർട്ടൽ രജിസ്‌ട്രേഷന്റെ ആവശ്യകത ബന്ധപ്പെട്ടവരിലെത്തിക്കുക, നിർമ്മാണ സ്ഥലങ്ങളിൽ ഇതരസംസ്ഥാനതൊഴിലാളി നിയമപ്രകാരമുള്ള രജിസ്‌ട്രേഷൻ, ലൈസൻസ് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുക എന്നതാണ് പരിശോധനയുടെ ലക്ഷ്യം. ലഹരി ഉപഭോഗം, ക്രിമിനൽ പശ്ചാത്തലം എന്നിവ ശ്രദ്ധയിൽ പെട്ടാൽ പൊലീസും എക്‌സൈസും ചേർന്ന് കർശന നടപടി സ്വീകരിക്കുന്നതിനും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136885/kelakam)