---
title: "#Guestportal അതിഥി പോർട്ടൽ വഴിയുള്ള രജിസ്ട്രേഷൻ നടപടികൾക്ക് സംസ്ഥാനതലത്തിൽ നാളെ തുടക്കമാകും"
english_title: "Registration through Guest Portal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137073/registration-through-guest-portal"
published_at: "2023-08-07T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d093412b1f5_Screenshot_2023-08-07-12-11-35-64_7352322957d4404136654ef4adb64504.jpg"
keywords: []
---

# #Guestportal അതിഥി പോർട്ടൽ വഴിയുള്ള രജിസ്ട്രേഷൻ നടപടികൾക്ക് സംസ്ഥാനതലത്തിൽ നാളെ തുടക്കമാകും

> **Lead Summary:** സംസ്ഥാനത്തെത്തുന്ന മുഴുവൻ അതിഥി തൊഴിലാളികളെയും വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്യിക്കുന്നതിനുള്ള തീവ്രയജ്ഞവുമായി തൊഴിൽ വകുപ്പ്. അതിഥി പോർട്ടൽ വഴിയുള്ള രജിസ്ട്രേഷൻ നടപടികൾക്ക് സംസ്ഥാനതലത്തിൽ നാളെ തുടക്കമാകും.

## Article Content

സംസ്ഥാനത്തെത്തുന്ന മുഴുവൻ അതിഥി തൊഴിലാളികളെയും വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്യിക്കുന്നതിനുള്ള തീവ്രയജ്ഞവുമായി തൊഴിൽ വകുപ്പ്. അതിഥി പോർട്ടൽ വഴിയുള്ള രജിസ്ട്രേഷൻ നടപടികൾക്ക് സംസ്ഥാനതലത്തിൽ നാളെ തുടക്കമാകും.

അതിഥി തൊഴിലാളി രെജിസ്ട്രേഷൻ സമ്പൂർണമാക്കാൻ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കണമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു. പോർട്ടലിൽ ഒരു അതിഥി തൊഴിലാളി പോലും രജിസ്റ്റർ ചെയ്യപ്പെടാതെ പോകരുത്.

ഇതിന് തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ പ്രത്യേക ശ്രദ്ധ ചെലുത്തണം. ആവശ്യമെങ്കിൽ മറ്റുവകുപ്പുകളുടെ കൂടെ സഹകരണത്തോടെ കൂടുതൽ ഉദ്യോഗസ്ഥരെയും സന്നദ്ധപ്രവർത്തകരെയും ഉൾപ്പെടുത്തി രജിസ്‌ട്രേഷൻ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കും.

അതിഥി തൊഴിലാളികൾ കൂട്ടമായെത്തുന്ന റെയിൽവേ സ്റ്റേഷനുകളിൽ രജിസ്ട്രേഷൻ ഹെല്പ് ഡെസ്ക്കുകൾ സജ്ജമാക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തൊട്ടാകെയുള്ള തൊഴിൽ വകുപ്പ് ഓഫീസുകളിലും വർക്ക്സൈറ്റുകളിലും ലേബർ ക്യാമ്പുകളിലും രജിസ്റ്റർ ചെയ്യുന്നതിന് സൗകര്യമൊരുക്കി

രജിസ്ട്രേഷൻ നടപടികൾ ഊർജ്ജിതമാക്കാനാണ് തീരുമാനം. അതിഥി തൊഴിലാളികൾക്കും, അവരുടെ കരാറുകാർ, തൊഴിലുടമകൾ എന്നിവർക്കും തൊഴിലാളികളെ രജിസ്റ്റർ ചെയ്യാം. athidhi.lc.kerala.gov.in എന്ന പോർട്ടലിൽ മൊബൈൽ നമ്പർ ഉപയോഗിച്ചാണ് പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടത്. പോർട്ടലിൽ പ്രാദേശിക ഭാഷകളിൽ നിർദ്ദേശങ്ങൾ ലഭ്യമാണ്.

നൽകിയ വ്യക്തിവിവരങ്ങൾ എൻട്രോളിംഗ് ഓഫീസർ പരിശോധിച്ച് ഉറപ്പുവരുത്തി തൊഴിലാളിക്ക് ഒരു യുണീക് ഐഡി അനുവദിക്കുന്നതോടെ നടപടികൾ പൂർത്തിയാകും. അതിഥിതൊഴിലാളികളുടെ കൃത്യമായ വിവരശേഖരണവും സാമൂഹിക സുരക്ഷ ഉറപ്പാക്കലുമാണ് ഇതിലൂടെ വകുപ്പ് ലക്ഷ്യമിടുന്നതെന്ന് ലേബർ കമ്മിഷണർ അർജ്ജുൻ പാണ്ഡ്യൻ അറിയിച്ചു.

ആവാസ് ഇൻഷുറൻസ് അടക്കമുള്ള എല്ലാ ആനുകൂല്യങ്ങൾക്കും അതിഥി പോർട്ടൽ രജിസ്‌ട്രേഷൻ വഴി ലഭിക്കുന്ന യുണീക് ഐഡി നിർബന്ധമാക്കുമെന്നും കരാറുകാരും തൊഴിലുടമകളും തൊഴിലാളികളുടെ രജിസ്‌ട്രേഷൻ ഉറപ്പാക്കണമെന്നും അദ്ദേഹം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137073/registration-through-guest-portal)