---
title: "ഡല്‍ഹിയില്‍ എല്ലാ ബി.എസ്.6 ഡീസല്‍ വാഹനങ്ങളും രജിസ്റ്റര്‍ ചെയ്യാന്‍ സുപ്രീംകോടതി അനുമതി നല്‍കി"
english_title: "The Supreme Court has given permission to register all BS6 diesel vehicles in Delhi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137219/the-supreme-court-has-given-permission-to-register-all-bs6-diesel-vehicles-in-delhi"
published_at: "2023-08-07T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d1005e9dca0_dsfdghxfjh.jpg"
keywords: []
---

# ഡല്‍ഹിയില്‍ എല്ലാ ബി.എസ്.6 ഡീസല്‍ വാഹനങ്ങളും രജിസ്റ്റര്‍ ചെയ്യാന്‍ സുപ്രീംകോടതി അനുമതി നല്‍കി

> **Lead Summary:** ഡല്‍ഹിയില്‍ എല്ലാ ബി.എസ്.6 ഡീസല്‍ വാഹനങ്ങളും രജിസ്റ്റര്‍ ചെയ്യാന്‍ സുപ്രീംകോടതി അനുമതി നല്‍കി. ജി-20 ഉച്ചകോടിക്ക് ആവശ്യമുണ്ടോ ഇല്ലയോ എന്നത് മാനദണ്ഡമാക്കേണ്ടതില്ലെന്നും ഇത്തരം എല്ലാ വാഹനങ്ങളും ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്യാമെന്നും ജസ്റ്റിസ് എസ്.കെ. കൗള്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

## Article Content

ഡല്‍ഹിയില്‍ എല്ലാ ബി.എസ്.6 ഡീസല്‍ വാഹനങ്ങളും രജിസ്റ്റര്‍ ചെയ്യാന്‍ സുപ്രീംകോടതി അനുമതി നല്‍കി. ജി-20 ഉച്ചകോടിക്ക് ആവശ്യമുണ്ടോ ഇല്ലയോ എന്നത് മാനദണ്ഡമാക്കേണ്ടതില്ലെന്നും ഇത്തരം എല്ലാ വാഹനങ്ങളും ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്യാമെന്നും ജസ്റ്റിസ് എസ്.കെ. കൗള്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഈവര്‍ഷം മേയ് 15-ന് ഇറക്കിയ ഉത്തരവ് ഭേദഗതി ചെയ്തുകൊണ്ടാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. എട്ട് പേര്‍ ഇരിക്കുന്ന ബി.എസ്. 6 ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കണമെന്നായിരുന്നു അന്നത്തെ ആവശ്യം. ജി.-20 ഉച്ചകോടിക്ക് വേണ്ടിയായിരുന്നു അത്.

പിന്നീടാണ് ജി.-20ക്ക് വേണ്ടി മാത്രമായല്ല അപേക്ഷയെന്ന് അറിയിച്ചത്. ഇതോടെ ഉത്തരവ് ഭേദഗതി ചെയ്യുകയായിരുന്നു. എട്ട് പേര്‍ ഇരിക്കുന്ന വാഹനങ്ങള്‍, ബസുകള്‍ തുടങ്ങി ബി.എസ്. 6 മലിനീകരണ മാനദണ്ഡം പാലിക്കുന്ന ഡീസല്‍ വണ്ടികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ന്യൂഡല്‍ഹി ആര്‍.ടി.ഒ. അനുവദിക്കുന്നില്ലെന്നുകാട്ടി ഏപ്രിലിലാണ് ഇന്ത്യന്‍ ടൂറിസ്റ്റ് ട്രാന്‍സ്‌പോര്‍ട്ടേഴ്സ് അസോസിയേഷന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ഇത്തരം വാഹനങ്ങളുടെ രജിസ്ട്രേഷന്‍ ഡല്‍ഹിയില്‍ തടയുന്ന യാതൊരു ഉത്തരവുമില്ലെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് ഇവയ്ക്ക് അനുമതി നല്‍കിയത്. ഇപ്പോള്‍, ബി.എസ്. 6 മാനദണ്ഡം പാലിക്കുന്ന എല്ലാ ഡീസല്‍ വാഹനങ്ങളും രജിസ്റ്റര്‍ ചെയ്യാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137219/the-supreme-court-has-given-permission-to-register-all-bs6-diesel-vehicles-in-delhi)