---
title: " കോടിയേരി കാരാൽതെരുവിലെ മഹാഗണപതി ക്ഷേത്രക്കുളം നവീകരണത്തിന് 64 ലക്ഷം രൂപ"
english_title: "64 lakhs for renovation of Mahaganapati temple pond at Kodiyeri Karaltheru "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137492/64-lakhs-for-renovation-of-mahaganapati-temple-pond-at-kodiyeri-karaltheru"
published_at: "2023-08-08T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d254924d4e2_hgmnkjbkjn.jpg"
keywords: []
---

#  കോടിയേരി കാരാൽതെരുവിലെ മഹാഗണപതി ക്ഷേത്രക്കുളം നവീകരണത്തിന് 64 ലക്ഷം രൂപ

> **Lead Summary:** **തലശ്ശേരി :** സ്പീക്കർ എ.എൻ.ഷംസീറിന്റെ ഇടപെടലിൽ കോടിയേരി കാരാൽതെരുവിലെ മഹാഗണപതി ക്ഷേത്രക്കുളം നവീകരണത്തിന് 64 ലക്ഷം രൂപ അനുവദിച്ചു. ഇതിനു ഭരണാനുമതിയായി. ജലസേചന വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചാണ് ക്ഷേത്രക്കുളം നവീകരിക്കുന്നത്. സ്പീക്കറുടെ ഗണപതി പരാമർശം സംബന്ധിച്ചു വിവാദമുയരുന്നതിനിടെയാണ് ഗണപതിക്ഷേത്രക്കുളത്തിനു തുക അനുവദിച്ച തീരുമാനം പുറത്തുവരുന്നത്. ഷംസീർ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. സ്പീക്കറുടെ സാന്നിധ്യത്തിൽ മന്ത്രിയുൾപ്പെടെ പങ്കെടുത്ത അവലോകനയോഗം ഇന്നലെ തിരുവനന്തപുരത്തു ചേർന്നു.

## Article Content

**തലശ്ശേരി :** സ്പീക്കർ എ.എൻ.ഷംസീറിന്റെ ഇടപെടലിൽ കോടിയേരി കാരാൽതെരുവിലെ മഹാഗണപതി ക്ഷേത്രക്കുളം നവീകരണത്തിന് 64 ലക്ഷം രൂപ അനുവദിച്ചു. ഇതിനു ഭരണാനുമതിയായി. ജലസേചന വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചാണ് ക്ഷേത്രക്കുളം നവീകരിക്കുന്നത്. സ്പീക്കറുടെ ഗണപതി പരാമർശം സംബന്ധിച്ചു വിവാദമുയരുന്നതിനിടെയാണ് ഗണപതിക്ഷേത്രക്കുളത്തിനു തുക അനുവദിച്ച തീരുമാനം പുറത്തുവരുന്നത്. ഷംസീർ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. സ്പീക്കറുടെ സാന്നിധ്യത്തിൽ മന്ത്രിയുൾപ്പെടെ പങ്കെടുത്ത അവലോകനയോഗം ഇന്നലെ തിരുവനന്തപുരത്തു ചേർന്നു.

ഏതാനും ദിവസങ്ങൾക്കകം സാങ്കേതിക അനുമതിയും ലഭ്യമാക്കി അടുത്തദിവസം തന്നെ ടെൻഡർ നടപടികളിലേക്കു കടക്കാനാണ് ആലോചന. നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് കാരാൽതെരുവിലെ മഹാഗണപതിക്ഷേത്രം. കാലപ്പഴക്കത്താൽ പടവുകൾ തകർന്ന കുളം നവീകരിക്കാൻ അരനൂറ്റാണ്ടു മുൻപ് നാട്ടുകാർ ശ്രമദാനത്തിനു തുനിഞ്ഞെങ്കിലും വിജയിച്ചില്ല.

ഏതാനും വർഷങ്ങളായി ക്ഷേത്രനവീകരണം നടന്നുവരികയാണ്. നാട്ടുകാരും ഊരാളന്മാരും അംഗങ്ങളായുള്ള കമ്മിറ്റിയാണ് ക്ഷേത്രഭരണം നടത്തുന്നത്. ക്ഷേത്രനവീകരണത്തിന്റെ ഭാഗമായി കുളവും പുനരുദ്ധരിക്കാൻ കോടിയേരി ബാലകൃഷ്ണൻ മന്ത്രിയായിരിക്കെ കമ്മിറ്റി നിവേദനം നൽകിയിരുന്നു. ഇപ്പോൾ ഷംസീറിന്റെ ശ്രദ്ധയിലുംപെടുത്തി. ഇതോടെയാണ് ജലസേചന വകുപ്പിന്റെ ഫണ്ടിൽനിന്ന് തുക അനുവദിച്ചു ഭരണാനുമതി നൽകിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137492/64-lakhs-for-renovation-of-mahaganapati-temple-pond-at-kodiyeri-karaltheru)