---
title: "#Director Siddique| സംവിധായകൻ സിദ്ധിഖിന്‍റെ ഖബറടക്കം ഇന്ന്   വൈകീട്ട്; അനുശോചിച്ച് മുഖ്യമന്ത്രി"
english_title: "Director Siddique"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137553/director-siddique"
published_at: "2023-08-09T05:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d2d668cb958_download_(30).jpeg"
keywords: []
---

# #Director Siddique| സംവിധായകൻ സിദ്ധിഖിന്‍റെ ഖബറടക്കം ഇന്ന്   വൈകീട്ട്; അനുശോചിച്ച് മുഖ്യമന്ത്രി

> **Lead Summary:** **കൊച്ചി**: സംവിധായകന്‍ സിദ്ദിഖിന്‍റെ ഖബറടക്കം ഇന്ന് വൈകിട്ട് നടക്കും.ഇന്ന് രാവിലെ സിദ്ദിഖിന്‍റെ ഭൌതിക ശരീരം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. രാവിലെ ഒന്‍പത് മണി മുതല്‍ പന്ത്രണ്ട് മണിവരെയാണ് കൊച്ചി പൌരവലിക്കും, സിനിമ രംഗത്തുള്ളവര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കാന്‍ അവസരം ഉണ്ടാകും.

## Article Content

**കൊച്ചി**: സംവിധായകന്‍ സിദ്ദിഖിന്‍റെ ഖബറടക്കം ഇന്ന് വൈകിട്ട് നടക്കും.ഇന്ന് രാവിലെ സിദ്ദിഖിന്‍റെ ഭൌതിക ശരീരം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. രാവിലെ ഒന്‍പത് മണി മുതല്‍ പന്ത്രണ്ട് മണിവരെയാണ് കൊച്ചി പൌരവലിക്കും, സിനിമ രംഗത്തുള്ളവര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കാന്‍ അവസരം ഉണ്ടാകും.

തുടര്‍ന്ന് മൃതദേഹം അദ്ദേഹത്തിന്‍റെ വസതിയിലേക്ക് കൊണ്ടുപോകും. വൈകീട്ട് 6 മണിക്ക് എറണാകുളം സെന്‍ട്രല്‍ ജുമ മസ്ജിദിലായിരിക്കും ഖബറടക്കം നടക്കുക. സംവിധായകൻ സിദ്ദിഖിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനപ്രിയ ചലച്ചിത്രകാരൻ എന്ന നിലയിലേക്ക് ഉയർന്ന പ്രതിഭയെയാണ് സിദ്ദിഖിന്റെ വിയോഗത്തിലൂടെ സാംസ്കാരിക കേരളത്തിന് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി അനുസ്മരിച്ചു.

അനുകരണ കലയിലൂടെ ആരംഭിച്ച് ജനപ്രിയ ചലച്ചിത്രകാരൻ എന്ന നിലയിലേക്ക് ഉയർന്ന പ്രതിഭയെയാണ് സിദ്ദിഖിന്റെ വിയോഗത്തിലൂടെ സാംസ്കാരിക കേരളത്തിന് നഷ്ടമായിരിക്കുന്നത്. ഗൗരവതരമായ ജീവിത പ്രശ്നങ്ങളെ നർമ്മ മധുരമായ ശൈലിയിൽ അവതരിപ്പിക്കുന്നതിൽ സിദ്ദിഖ് ശ്രദ്ധേയമായ മികവ് പുലർത്തിയിരുന്നു. മികച്ച തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു സിദ്ദിഖ്. അദ്ദേഹവും ലാലും ചേർന്ന് ഒരുക്കിയ പല സിനിമകളിലെ മുഹൂർത്തങ്ങളും സംഭാഷണങ്ങളും ജനമനസ്സിൽ പതിറ്റാണ്ടുകൾക്ക് ശേഷവും മായാതെ നിൽക്കുന്നത് തന്നെ അദ്ദേഹത്തിലെ  പ്രതിഭയുടെ സ്വീകാര്യതക്കുള്ള ദൃഷ്ടാന്തമാണ്.

റാംജി റാവു സ്പീക്കിങ്ങ്, ഇൻ ഹരിഹർ ന​ഗർ, ​ഗോഡ്ഫാദർ തുടങ്ങിയ ഇവരുടെ ചലച്ചിത്രങ്ങൾ വ്യത്യസ്ത തലമുറകൾക്ക് സ്വീകാര്യമായിരുന്നു. മലയാള ഭാഷക്കപ്പുറം തമിഴിലും തെലുങ്കിലും ഹിന്ദിയിലും ചലച്ചിത്ര രം​ഗത്തിന് സംഭാവന നൽകാൻ സിദ്ദിഖിന് സാധിച്ചു. മലയാള ചലച്ചിത്ര മേഖലയ്ക്കും മലയാളികൾക്കാകെയും  നികത്താനാവാത്തതാണ് സിദ്ദിഖിന്റെ വിയോ​ഗം മൂലം ഉണ്ടായിട്ടുള്ള നഷ്ടമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.   

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137553/director-siddique)