---
title: "#Chandrayaan3 | ചന്ദ്രയാൻ 3 ചന്ദ്രനെ തൊടാൻ ഇനി രണ്ടാഴ്ച: രണ്ടാംഘട്ട ഭ്രമണപഥം താഴ്ത്തൽ ഇന്ന് നടക്കും"
english_title: "Chandrayaan 3"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137618/chandrayaan-3"
published_at: "2023-08-09T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d32e96a401e_Screenshot_2023-08-09-11-37-28-52_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #Chandrayaan3 | ചന്ദ്രയാൻ 3 ചന്ദ്രനെ തൊടാൻ ഇനി രണ്ടാഴ്ച: രണ്ടാംഘട്ട ഭ്രമണപഥം താഴ്ത്തൽ ഇന്ന് നടക്കും

> **Lead Summary:** **ന്യൂഡൽഹി**: ഇന്ത്യയുടെ അഭിമാനദനത്യമായ ചന്ദ്രയാൻ-3 ചന്ദ്രനിലെത്താൻ ഇനി രണ്ടാഴ്ച മാത്രം. ചന്ദ്രന്റെ ഭ്രമണ പഥത്തിൽ എത്തിയ ശേഷമുള്ള രണ്ടാംഘട്ട ഭ്രമണപഥം താഴ്ത്തൽ ഇന്ന് നടക്കും. ഉച്ചയ്ക്ക് ഒരു മണിക്കും രണ്ട് മണിക്കും ഇടയിലായിരിക്കും ഭ്രമണ പഥ മാറ്റം.

## Article Content

**ന്യൂഡൽഹി**: ഇന്ത്യയുടെ അഭിമാനദനത്യമായ ചന്ദ്രയാൻ-3 ചന്ദ്രനിലെത്താൻ ഇനി രണ്ടാഴ്ച മാത്രം. ചന്ദ്രന്റെ ഭ്രമണ പഥത്തിൽ എത്തിയ ശേഷമുള്ള രണ്ടാംഘട്ട ഭ്രമണപഥം താഴ്ത്തൽ ഇന്ന് നടക്കും. ഉച്ചയ്ക്ക് ഒരു മണിക്കും രണ്ട് മണിക്കും ഇടയിലായിരിക്കും ഭ്രമണ പഥ മാറ്റം.

ഈ മാസം 17-ന് ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അടുത്തെത്തുമ്പോൾ പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും വേർപെടും. തുടർന്ന് വിക്രം ലാൻഡർ ഒറ്റക്ക് സഞ്ചരിക്കും. പേടകത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാണെന്നും 23-ന് തന്നെ സോഫ്റ്റ് ലാൻഡിങ്ങ് നടത്തുമെന്നും ഐഎസ്ആർഒ അറിയിച്ചു.

എഞ്ചിനുകൾ തകരാറിലായാൽ പോലും സോഫ്റ്റ് ലാൻഡിങ് നടത്താനാകുന്ന തരത്തിലാണ് ലാൻഡറിനെ സജ്ജമാക്കിയിരിക്കുന്നതെന്ന് ചെയർമാൻ എസ് സോമനാഥ് വ്യക്തമാക്കി. അതിനിടെ ചന്ദ്രയാൻ മൂന്നിനോട് മത്സരിക്കാൻ റഷ്യയുടെ ലൂണ 25-ഉം വിക്ഷേപണത്തിന് സജ്ജമാണ്. 50 വർഷത്തിന് ശേഷമാണ് റഷ്യയുടെ ചാന്ദ്രദൗത്യം.

മറ്റന്നാളാണ് ലൂണ 25-ന്റെ വിക്ഷേപണം. മോസ്കോയിൽ നിന്ന് 5,500 കിലോമീറ്റർ അകലെയുള്ള വോസ്‌റ്റോച് നി കോസ് മോ ഡ്രോമിൽ നിന്ന് സോയുസ് 2 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. 5 ദിവസം കൊണ്ട് ചന്ദ്രന്റെ ഗുരുത്വാകർഷണവലയത്തിലെത്തും. 7 ദിവസം കൊണ്ട് ലാൻഡിങ്.

അങ്ങനെയെങ്കിൽ ചന്ദ്രയാൻ-3 സോഫ്റ്റ്‌ ലാൻഡിങ് നടത്തുന്ന ഈ മാസം 23-നോ തൊട്ടു പിന്നാലെയോ ആകും ലൂണ 25-ന്റേയും ലാൻഡിങ്. ചന്ദ്രയാൻ 3 ഇറങ്ങുന്ന ദക്ഷിണ ധ്രുവത്തിൽ തന്നെയായിരിക്കും ലൂണയും ഇറങ്ങുന്നത്.

സൂര്യപ്രകാശം തുടർച്ചയായി ലഭിക്കുന്നതും ചരിവ് കുറഞ്ഞതുമായ പ്രദേശമാണിത്. ദൗത്യം വിജയിച്ചാൽ സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് ശേഷം റഷ്യൻ മണ്ണിൽ നിന്നുള്ള ആദ്യ ചാന്ദ്ര ലാൻഡർ എന്ന നേട്ടം ലൂണ-25 സ്വന്തമാക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137618/chandrayaan-3)