---
title: "#narendramodi | അവിശ്വാസ പ്രമേയ ചര്‍ച്ച: പ്രധാനമന്ത്രി രണ്ട് ദിവസവും സഭയിലെത്തിയില്ല; മറുപടി ഇന്ന്"
english_title: "Narendramodi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137837/narendramodi"
published_at: "2023-08-10T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d4659a79de4_download_(4).jpeg"
keywords: []
---

# #narendramodi | അവിശ്വാസ പ്രമേയ ചര്‍ച്ച: പ്രധാനമന്ത്രി രണ്ട് ദിവസവും സഭയിലെത്തിയില്ല; മറുപടി ഇന്ന്

> **Lead Summary:** **ഡല്‍ഹി**: ഇൻഡ്യ മുന്നണിയുടെ ആരോപണങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി പറയും. ലോക്സഭയില്‍ നടക്കുന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് വൈകീട്ട് നാലു മണിക്കാണ് പ്രധാനമന്ത്രി മറുപടി നല്‍കുക. അവിശ്വാസ പ്രമേയ ചര്‍ച്ച ഇന്ന് പൂര്‍ത്തിയാകും.

## Article Content

**ഡല്‍ഹി**: ഇൻഡ്യ മുന്നണിയുടെ ആരോപണങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി പറയും. ലോക്സഭയില്‍ നടക്കുന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് വൈകീട്ട് നാലു മണിക്കാണ് പ്രധാനമന്ത്രി മറുപടി നല്‍കുക. അവിശ്വാസ പ്രമേയ ചര്‍ച്ച ഇന്ന് പൂര്‍ത്തിയാകും.

ഗൗരവ് ഗോഗോയി നല്‍കിയ അവിശ്വാസ പ്രമേയത്തിന്മേല്‍ 12 മണിക്കൂര്‍ ആണ് ചര്‍ച്ച നടന്നത്. കോണ്‍ഗ്രസിൻ്റെ നേതൃത്വത്തില്‍ നടന്ന ഇൻഡ്യ മുന്നണിയുടെ ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിൻ്റെ വീഴ്ചകള്‍ അക്കമിട്ട് നിരത്തി. രണ്ടാം ദിനം ആക്രമണത്തിന് നേതൃത്വം നല്‍കിയത് ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു കിട്ടിയ രാഹുല്‍ ഗാന്ധിയായിരുന്നു.

മണിപ്പൂരിനും ഹരിയാനയ്ക്കും പുറമെ വിലക്കയറ്റം, തൊഴിലില്ലായ്മ, മോദി - അദാനി കൂട്ടുകെട്ട്, ചൈനീസ് കടന്നുകയറ്റം, ഏക സിവില്‍ കോഡ് തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷം അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ഉയര്‍ത്തിക്കൊണ്ട് വന്നു. ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും പ്രതിപക്ഷ നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിച്ചും ആണ് ബി.ജെ.പി ഇതിനെ പ്രതിരോധിച്ചത്.

മണിപ്പൂര്‍ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ സഭയില്‍ വിശദീകരിച്ചു.വിജയിക്കില്ലെങ്കിലും പ്രധാനമന്ത്രിയെ സഭയില്‍ കൊണ്ടുവന്ന് മണിപ്പൂര്‍ വിഷയത്തില്‍ പ്രതികരിക്കുക എന്ന ലക്ഷ്യം മുൻനിര്‍ത്തിയാണ് ഇൻഡ്യ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.

അവിശ്വാസ പ്രമേയത്തെ അതിജീവിക്കാൻ മുന്നൂറില്‍ താഴെ പേരുടെ പിന്തുണ മതിയെന്നിരിക്കെ കേന്ദ്ര സര്‍ക്കാരിനെ മുന്നൂറ്റി അമ്ബതിലെറെ അംഗങ്ങള്‍ പിന്തുണയ്ക്കും എന്ന് അറിയിച്ചിട്ടുണ്ട്.വൈഎസ്‌ആര്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍ എന്നീ പാര്‍ട്ടികള്‍ എൻ.ഡി.എക്ക് പുറത്ത് നിന്നും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അവിശ്വാസ പ്രമേയ ചര്‍ച്ച നടന്ന രണ്ട് ദിവസവും പ്രധാനമന്ത്രി പാര്‍ലമെന്‍റില്‍ എത്തിയില്ല. അവിശ്വാസ പ്രമേയ ചര്‍ച്ചകള്‍ക്കിടയില്‍ ഒരു ദിവസം പോലും പ്രധാനമന്ത്രി പാര്‍ലമെന്റില്‍ എത്തിയില്ല. എന്തുകൊണ്ട് മോദി മണിപ്പൂരില്‍ പോയില്ല, പാര്‍ലമെന്റിലെ ഓഫീസില്‍ ഉണ്ടായിട്ടു പോലും സഭയില്‍ എത്താതിരിക്കുന്നത് എന്താണ് തുടങ്ങിയ ചോദ്യങ്ങളാണ് പ്രതിപക്ഷം ചോദിക്കുന്നത്.

മോദിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ബി.ജെ.പി അംഗങ്ങള്‍ക്ക് കൃത്യമായി മറുപടിയില്ല. ഒരു ദിവസം കൊണ്ട് സൈന്യത്തിനു മണിപ്പൂരില്‍ സമാധാനം തിരികെ കൊണ്ടുവരാൻ കഴിയുമെന്നും ഇന്ത്യൻ സൈന്യത്തിന്റെ ഈ ശേഷി സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുന്നില്ലെന്നും ഇന്നലെ രാഹുല്‍ ഗാന്ധി സഭയില്‍ പറഞ്ഞിരുന്നു.

ഫ്ലൈയിങ് കിസ് പോലുള്ള ആരോപണങ്ങള്‍ രാഹുലിനെതിരെ ഉയര്‍ത്തിയത് ബാലിശമെന്നു ഭരണ കക്ഷിക്കിടയില്‍ തന്നെ അഭിപ്രായമുണ്ട്. ഇന്നലെ അമിത് ഷാ രണ്ടു മണിക്കൂര്‍ സംസാരിച്ചെങ്കിലും മണിപ്പൂര്‍ മുഖ്യമന്ത്രിയെ ന്യായീകരിക്കുന്നത് അടക്കമുള്ള വാദമാണ് ഉന്നയിച്ചത്. യു.പി.എ കാലത്തെ അഴിമതിയും മോദി സ്തുതിയുമാണ് ലോക്സഭയില്‍ മുഴങ്ങിക്കേട്ടത്. ചര്‍ച്ച കേള്‍ക്കാതെ എങ്ങനെ മറുപടി പറയും എന്നാണ് മോദിയോട് കോണ്‍ഗ്രസ് ചോദിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137837/narendramodi)