---
title: "വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഓണാഘോഷം ; വാഹനാഭ്യാസം നടത്തേണ്ടെന്ന് വിദ്യാര്‍ഥികളോട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍"
english_title: "Onam celebration in educational institutions; Transport Commissioner told students not to practice driving "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137992/onam-celebration-in-educational-institutions-transport-commissioner-told-students-not-to-practice-driving"
published_at: "2023-08-10T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d4ec3c81939_gfhbjlk.jpg"
keywords: []
---

# വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഓണാഘോഷം ; വാഹനാഭ്യാസം നടത്തേണ്ടെന്ന് വിദ്യാര്‍ഥികളോട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

> **Lead Summary:** ലൈസന്‍സ് പോലുമില്ലാത്ത കുട്ടികള്‍ക്ക് വാഹനങ്ങളുമായി സ്‌കൂളിലും കോളേജിലുമെല്ലാം പോകാനുള്ള അവസരം ലഭിക്കുന്ന ദിവസമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഓണാഘോഷം. അമിതമായി മോടിപിടിപ്പിച്ചതും രൂപമാറ്റം വരുത്തിയതുമായ വാഹനങ്ങളുമായി സ്‌കൂളുകളിലും കോളേജുകളിലുമെത്തുന്ന കുട്ടികളും ഇവര്‍ നടത്തുന്ന വാഹനാഭ്യാസങ്ങളുമെല്ലാം പല തവണ സാമൂഹിക മാധ്യമങ്ങളിലുടെ പുറംലോകം കണ്ടിട്ടുള്ളതും മോട്ടോര്‍ വാഹന വകുപ്പും പോലീസും നടപടി സ്വീകരിച്ചിട്ടുള്ളതുമാണ്.

## Article Content

ലൈസന്‍സ് പോലുമില്ലാത്ത കുട്ടികള്‍ക്ക് വാഹനങ്ങളുമായി സ്‌കൂളിലും കോളേജിലുമെല്ലാം പോകാനുള്ള അവസരം ലഭിക്കുന്ന ദിവസമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഓണാഘോഷം. അമിതമായി മോടിപിടിപ്പിച്ചതും രൂപമാറ്റം വരുത്തിയതുമായ വാഹനങ്ങളുമായി സ്‌കൂളുകളിലും കോളേജുകളിലുമെത്തുന്ന കുട്ടികളും ഇവര്‍ നടത്തുന്ന വാഹനാഭ്യാസങ്ങളുമെല്ലാം പല തവണ സാമൂഹിക മാധ്യമങ്ങളിലുടെ പുറംലോകം കണ്ടിട്ടുള്ളതും മോട്ടോര്‍ വാഹന വകുപ്പും പോലീസും നടപടി സ്വീകരിച്ചിട്ടുള്ളതുമാണ്.

എന്നാല്‍, ഈ വര്‍ഷം ഇത്തരം ആഘോഷങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണാഘോഷത്തിന്റെ ഭാഗമായി വാഹനമുപയോഗിച്ചുള്ള അഭ്യാസങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍. ഇത്തരം നടപടികള്‍ ശ്രദ്ധയില്‍പെട്ടാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് കോഴിക്കോട് ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍.രാജീവ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ആഘോഷങ്ങളുടെ ഭാഗമായി രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിച്ചുള്ള അഭ്യാസങ്ങളാണ് നടക്കാറുള്ളത്. ബൈക്കുകള്‍, കാറുകള്‍, ജീപ്പുകള്‍ തുടങ്ങിയ വാഹനങ്ങള്‍ ഉപയോഗിച്ച് പൊതുനിരത്തുകളിലും കോളേജ് വളപ്പിലും റാലികള്‍ സര്‍വ്വ സാധാരണമാണ്. പൊതുനിരത്തുകളില്‍ ആഘോഷത്തിന്റെ ഭാഗമായി റേസുകളും നടത്താറുണ്ട്.

എന്നാല്‍, ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ വാഹനങ്ങള്‍ക്കും വാഹന ഉടമകള്‍ക്കുമെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. നിര്‍ദേശം മറികടന്ന് ഇത്തരം ആഘോഷങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് മിന്നല്‍ പരിശോധനകള്‍ നടത്തുമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.

ഇത്തരം ആഘോഷങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനൊപ്പം നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ അതാത് സ്ഥലങ്ങളിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചാല്‍ ഉടന്‍ തന്നെ നടപടി സ്വീകരിക്കാനുള്ള സംവിധാനങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഉറപ്പുനല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137992/onam-celebration-in-educational-institutions-transport-commissioner-told-students-not-to-practice-driving)