---
title: "#highcourt | 'കുട്ടികളെ ദൈവമാക്കരുത്'; സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്ന് ഹൈക്കോടതി"
english_title: "Highcourt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138047/highcourt"
published_at: "2023-08-11T05:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d57cb968dc9_download_(22).jpeg"
keywords: []
---

# #highcourt | 'കുട്ടികളെ ദൈവമാക്കരുത്'; സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്ന് ഹൈക്കോടതി

> **Lead Summary:** **തിരുവനന്തപുരം**: ആചാരത്തിന്റെ ഭാഗമായി തീ ചാമുണ്ഡി തെയ്യം കെട്ടിക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കുന്നത് തടയുന്നതിനുള്ള നടപടികള്‍ വിശദമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി വനിതാ-ശിശു വികസന വകുപ്പ് സെക്രട്ടറിയ്ക്ക് നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസ് എ ജെ ദേശായി, ജസ്റ്റിസ് വി.ജി.അരുണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിര്‍ദേശം.

## Article Content

**തിരുവനന്തപുരം**: ആചാരത്തിന്റെ ഭാഗമായി തീ ചാമുണ്ഡി തെയ്യം കെട്ടിക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കുന്നത് തടയുന്നതിനുള്ള നടപടികള്‍ വിശദമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി വനിതാ-ശിശു വികസന വകുപ്പ് സെക്രട്ടറിയ്ക്ക് നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസ് എ ജെ ദേശായി, ജസ്റ്റിസ് വി.ജി.അരുണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിര്‍ദേശം.

കേരളത്തിലെ വടക്കന്‍ മലബാര്‍ മേഖലയിലെ ആചാരത്തിന്റെ ഭാഗമായി നടത്തുന്ന തീ ചാമുണ്ഡി തെയ്യത്തില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ദിശ എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്._ _ചിറക്കല്‍ കോവിലകവും ചിറക്കല്‍ ക്ഷേത്ര ട്രസ്റ്റും വാര്‍ഷിക ചടങ്ങുകളോടനുബന്ധിച്ച് നടത്തുന്ന ഒറ്റക്കോലം തെയ്യം എന്ന ആചാരപരമായ നൃത്തത്തില്‍ കുട്ടികളെ കുറഞ്ഞത് 101 തവണയെങ്കിലും തീക്കനലില്‍ എറിയുന്നുവെന്നാണ് ഹര്‍ജിക്കാരുടെ ആരോപണം. 2023 മെയ് മാസത്തില്‍ 14 വയസ്സുള്ള കുട്ടി തെയ്യം കെട്ടിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

ചിറക്കല്‍ പെരുങ്കളിയാട്ടത്തിലാണ് കുട്ടിയെ തീ ചാമുണ്ഡി തെയ്യം കെട്ടിച്ചത്. തെയ്യം കെട്ടിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ പലപ്പോഴും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളില്‍ പെട്ടവരാണെന്നും ഇത് ഫ്യൂഡല്‍ ഭൂതകാലത്തിന്റെ തിരുശേഷിപ്പായി മാറ്റുന്നുവെന്നുമാണ് ഹര്‍ജിക്കാരുടെ വാദം.കുട്ടികളെ ഇത്തരം ആചാരങ്ങളുടെ ഭാഗമാക്കരുതെന്ന് പോലിസ് നിര്‍ദേശം നല്‍കാത്തത് എന്തുകൊണ്ടാണെന്ന് ചീഫ് ജസ്റ്റിസ് വാദത്തിനിടെ ചോദിച്ചു.

തീ ചാമുണ്ഡി തെയ്യം പാരമ്പര്യത്തിന്റെ ഭാഗമാണെന്നും ഒരു പ്രത്യേക ഉപജാതിക്കാരാണ് ഇത് ചെയ്തതെന്നുമായിരുന്നു പോലീസിന്റെ വാദം. തുടര്‍ന്നാണ് ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സ്വീകരിച്ച നടപടികള്‍ രേഖപ്പെടുത്തി സെക്രട്ടറി അധിക സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്. ഹര്‍ജി വീണ്ടും സെപ്റ്റംബറില്‍ പരിഗണിക്കാനായി മാറ്റി._ _കുട്ടി സ്വമേധയ ആണ് തെയ്യം കെട്ടിയത് എന്ന തരത്തില്‍ പോലീസ് നേരത്തെ നല്‍കിയ റിപ്പോര്‍ട്ട് കുട്ടികള്‍ക്കോ രക്ഷിതാക്കള്‍ക്കോ ഇത്തരത്തില്‍ സമ്മതം നല്‍കാനാകില്ലെന്ന് വിലയിരുത്തി കോടതി തള്ളിയിരുന്നു. സംഭവം മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനെ തുടര്‍ന്ന് സംസ്ഥാന ബാലവകാശ കമീഷന്‍ കേസെടുത്തിരുന്നു.ഹര്‍ജിയില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിനെയും തെയ്യം നടത്തിയ ക്ഷേത്രത്തിലെ പാരമ്പര്യ ട്രസ്റ്റികളെയും കക്ഷി ചേര്‍ത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138047/highcourt)