---
title: "പെരിയ ഇരട്ടക്കൊലക്കേസ്: 5 സിപിഎം പ്രവർത്തകരെ സിബിഐ അറസ്റ്റു ചെയ്തു"
english_title: "Periya murder case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13844/periya-murder-case"
published_at: "2021-12-01T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a74e9ecbf1b_Remini20211201155950811.jpg"
keywords: []
---

# പെരിയ ഇരട്ടക്കൊലക്കേസ്: 5 സിപിഎം പ്രവർത്തകരെ സിബിഐ അറസ്റ്റു ചെയ്തു

> **Lead Summary:** കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ അഞ്ചു പാർട്ടി പ്രവർത്തകരെ സിബിഐ അറസ്റ്റു ചെയ്തു. ഡിവൈഎസ്പി അനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റു രേഖപ്പെടുത്തിയത്.

## Article Content

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ അഞ്ചു പാർട്ടി പ്രവർത്തകരെ സിബിഐ അറസ്റ്റു ചെയ്തു. ഡിവൈഎസ്പി അനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റു രേഖപ്പെടുത്തിയത്.

വിഷ്ണു സുര, ശാസ്താ മധു, റജി വർഗീസ്, ഹരിപ്രസാദ്, രാജു എന്നിവരാണ് അറസ്റ്റിലായത്. കാസര്‍കോട് ഗസ്റ്റ്ഹൗസിലെ സിബിഐ ക്യാംപ് ഓഫിസിലെ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. പ്രതികളെ നാളെ എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കും.

കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന ഉത്തരവ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശരിവച്ചിരുന്നു. സിബിഐ അന്വേഷണം വേണ്ടെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളിയായിരുന്നു കോടതി ഉത്തരവ്. 

2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ് കാസര്‍കോട് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത്‌ലാല്‍ (24) എന്നിവരെ വിവിധ വാഹനങ്ങളിലായെത്തിയ സംഘം ബൈക്കു തടഞ്ഞു നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം ഏരിയ, ലോക്കല്‍ സെക്രട്ടറിമാരും പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും ഉള്‍പ്പെടെ 14 പേരാണ് പ്രതികള്‍. സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരനാണ് ഒന്നാം പ്രതി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13844/periya-murder-case)