---
title: "യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. "
english_title: "The incident where the youth was found dead in the pond was a murder. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138678/the-incident-where-the-youth-was-found-dead-in-the-pond-was-a-murder"
published_at: "2023-08-13T18:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d8ccf32ada8_zfddzgxgfd.jpg"
keywords: []
---

# യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. 

> **Lead Summary:** തിരുവനന്തപുരം കല്ലമ്പലത്ത് യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. ചിറ്റായിക്കോട് സ്വദേശി രാജുവിനെ കൊലപ്പെടുത്തിയത് സുഹൃത്ത് സുനിൽ എന്ന് പൊലീസ്. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

## Article Content

തിരുവനന്തപുരം കല്ലമ്പലത്ത് യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. ചിറ്റായിക്കോട് സ്വദേശി രാജുവിനെ കൊലപ്പെടുത്തിയത് സുഹൃത്ത് സുനിൽ എന്ന് പൊലീസ്. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് രാജുവിനെ സ്വകാര്യ വ്യക്തിയുടെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുങ്ങി മരണമെന്നു ആദ്യം സംശയിച്ച കേസിൽ സുനിലിന്റെ മൊഴിയിലെ വൈരുധ്യമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ബന്ധുക്കൾ ദുരൂഹത സംശയിച്ചതോടെയാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയത്.

രാജുവിന്റെ നാലു സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ഇവരിൽ കല്ലമ്പലം സ്വദേശിയായ സുനിലിന്റെ മൊഴിയിൽ വൈരുധ്യമുണ്ടെന്നു കണ്ടെത്തിയതോടെ പോലീസ് വിശദമായി ചോദ്യം ചെയ്തു. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ രാജുവിനെ കുളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നു സുനിൽ സമ്മതിച്ചു. മദ്യത്തെ ചൊല്ലി തന്നെയായിരുന്നു തർക്കം. സുനിലിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിച്ചു വരികയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138678/the-incident-where-the-youth-was-found-dead-in-the-pond-was-a-murder)