---
title: "#kannur | ആഗസ്ത് 15 ന് ജില്ലയിൽ ആസാദി മീറ്റ് സംഘടിപ്പിക്കും: ബഷീർ കണ്ണാടിപറമ്പ"
english_title: "#Azadi meet to be organized in district on August 15: #Basheer Kandyparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138787/azadi-meet-to-be-organized-in-district-on-august-15-basheer-kandyparamba"
published_at: "2023-08-14T09:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d9a1700a41b_Picsart_23-08-14_09-06-58-799.jpg"
keywords: []
---

# #kannur | ആഗസ്ത് 15 ന് ജില്ലയിൽ ആസാദി മീറ്റ് സംഘടിപ്പിക്കും: ബഷീർ കണ്ണാടിപറമ്പ

> **Lead Summary:** ആഗസ്ത് 15 ന് സംസ്ഥാനത്തെ 2500 കേന്ദ്രങ്ങളില്‍ സ്വാതന്ത്ര്യത്തിന് കാവല്‍ നില്‍ക്കാം എന്ന മുദ്രാവാക്യമുയര്‍ത്തി ആസാദി മീറ്റ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ പ്രാദേശിക കേന്ദ്രങ്ങളിൽ ആസാദി സംഗമം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീർ കണ്ണാടിപറമ്പ.

## Article Content

ആഗസ്ത് 15 ന് സംസ്ഥാനത്തെ 2500 കേന്ദ്രങ്ങളില്‍ സ്വാതന്ത്ര്യത്തിന് കാവല്‍ നില്‍ക്കാം എന്ന മുദ്രാവാക്യമുയര്‍ത്തി ആസാദി മീറ്റ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ പ്രാദേശിക കേന്ദ്രങ്ങളിൽ ആസാദി സംഗമം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീർ കണ്ണാടിപറമ്പ.

വൈദേശികാധിപത്യത്തില്‍ നിന്ന് സ്വതന്ത്രമായി 75 വര്‍ഷം പിന്നിട്ടിട്ടും രാജ്യത്തെ പൗരന്മാരുടെ അവസ്ഥ അതിദയനീയമായി തുടരുകയാണ്. ദാരിദ്ര്യവും തൊഴിലില്ലായ്മയും വിലക്കയറ്റവും ജനകോടികളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുന്നു.ഇതിനിടെ ഫാഷിസ്റ്റ് ഭരണകൂടം പൗരസ്വാതന്ത്ര്യം അനുദിനം കവര്‍ന്നെടുക്കുകയാണ്.

ബ്രിട്ടീഷ് കൊളോണിയല്‍ വാഴ്ചയെ അനുസ്മരിപ്പിക്കുംവിധം അഭിപ്രായ സ്വാതന്ത്ര്യമുള്‍പ്പെടെ പൗരന്മാര്‍ക്ക് നിഷേധിക്കപ്പെടുകയാണ്. സംഘപരിവാരത്തിന്റെ സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ജനാധിപത്യപരവും ഭരണഘടനാപരവുമായ അവകാശങ്ങള്‍ പൗരന്മാര്‍ക്ക് നിഷേധിക്കപ്പെടുമ്പോള്‍ അതിനെതിരേ ശബ്ദിക്കാനോ പ്രതിഷേധിക്കാനോ ഉള്ള സ്വാതന്ത്ര്യം പോലും അനുവദിക്കപ്പെടുന്നില്ല.

പൊരുതി നേടിയ സ്വാതന്ത്ര്യം നിലനിര്‍ത്താനും സംരക്ഷിക്കാനും വീണ്ടും പൊരുതേണ്ട അവസ്ഥയിലാണ്. ബിജെപി ഭരണത്തില്‍ രാജ്യസുരക്ഷ പോലും അപകടത്തിലായിരിക്കുന്നു. പൗരന്മാര്‍ക്ക് അവരുടെ ജീവനും സ്വത്തിനും സുരക്ഷയില്ലാതായിരിക്കുന്നു. ഇന്നലെകളില്‍ ഗുജറാത്തില്‍ നടന്ന വംശീയ ഉന്മൂലന അതിക്രമങ്ങള്‍ ഇന്ന് മണിപ്പൂരും ഹരിയാനയും കടന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടര്‍ന്നുകൊണ്ടിരിക്കുന്നു.

ഭരണകൂടങ്ങള്‍ തന്നെ പൗരാവകാശങ്ങള്‍ കവര്‍ന്നെടുക്കുമ്പോള്‍ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള സമരപോരാട്ടങ്ങള്‍ക്ക് രാജ്യസ്നേഹികള്‍ തെരുവിലിറങ്ങേണ്ടി വന്നിരിക്കുന്നു.

രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും പൗരസ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനുള്ള യോജിച്ച മുന്നേറ്റത്തിന് പൗരസമൂഹം തയ്യാറാവണമെന്ന സന്ദേശമുയര്‍ത്തിയാണ് സ്വാതന്ത്ര്യസമര ചരിത്രങ്ങളില്‍ പ്രചോദിതമായി സംസ്ഥാന വ്യാപകമായി നടത്തുന്ന ആസാദി മീറ്റുകളുടെ ഭാഗമായാണ് പ്രാദേശിക കേന്ദ്രങ്ങളിൽ ആസാദി സംഗമങ്ങൾ സംഘടിപ്പിക്കുന്നതെന്നും ബഷീർ കണ്ണാടിപറമ്പ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138787/azadi-meet-to-be-organized-in-district-on-august-15-basheer-kandyparamba)