---
title: "ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന്റെ നിർണായക ഘട്ടം നാളെ. "
english_title: "Critical phase of Chandrayaan 3 mission tomorrow. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139502/critical-phase-of-chandrayaan-3-mission-tomorrow"
published_at: "2023-08-16T23:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dd08cd5f248_gdfhhgfdh.jpg"
keywords: []
---

# ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന്റെ നിർണായക ഘട്ടം നാളെ. 

> **Lead Summary:** ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന്റെ നിർണായക ഘട്ടം നാളെ. നാളെയാണ് ലാൻഡർ മൊഡ്യൂൾ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെടുക. പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപ്പെടുന്ന ലാൻഡർ മൊഡ്യൂൾ ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിലേക്ക് അടുക്കും. ഈ മാസം 23നാണ് പേടകത്തിന്റെ സോഫ്റ്റ് ലാൻഡിങ് നിശ്ചയിച്ചിരിക്കുന്നത്. വേർപെടുന്ന പ്രൊപ്പൽഷന്‍ മൊഡ്യൂൾ നിലവിലെ ഭ്രമണപഥത്തിൽ തുടരും.

## Article Content

ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന്റെ നിർണായക ഘട്ടം നാളെ. നാളെയാണ് ലാൻഡർ മൊഡ്യൂൾ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെടുക. പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപ്പെടുന്ന ലാൻഡർ മൊഡ്യൂൾ ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിലേക്ക് അടുക്കും. ഈ മാസം 23നാണ് പേടകത്തിന്റെ സോഫ്റ്റ് ലാൻഡിങ് നിശ്ചയിച്ചിരിക്കുന്നത്. വേർപെടുന്ന പ്രൊപ്പൽഷന്‍ മൊഡ്യൂൾ നിലവിലെ ഭ്രമണപഥത്തിൽ തുടരും.

വിക്രം എന്ന ലാൻഡറിന്റെ ലാൻഡിങ് ഏരിയ നിർണയമടക്കമുള്ള ഘട്ടങ്ങൾ ഇനിയുള്ള ദിവസങ്ങളിൽ നടക്കും. ലാൻഡിങ്ങിനായി നിശ്ചയിച്ചിരിക്കുന്നത് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ 9.6 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള പ്രദേശമാണ്. ചന്ദ്രയാൻ രണ്ടിൽ നിശ്ചയിച്ചിരുന്നത് 500 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള ലാൻഡിങ് ഏരിയ മാത്രമാണ്.

ചന്ദ്രയാൻ 3 ദൗത്യത്തിന്റെ അഞ്ചാമത്തെ ഭ്രമണപഥം താഴ്‌ത്തലാണ് ഇന്നു നടന്നത്. ഇത് പൂർത്തിയായതോടെ ലാൻഡറും–പ്രൊപ്പൽഷൻ മൊഡ്യൂളും വേർപിരിയുന്നതിനായുള്ള നടപടികൾക്ക് ഐഎസ്ആർഒ തുടക്കമിട്ടു. നിലവിൽ ചന്ദ്രനിൽ നിന്ന് 163 കിലോമീറ്റർ അകലെയാണ് പേടകം. വ്യാഴാഴ്ച പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്നു വേർപെടുന്ന ലാൻഡർ പതിയെ താഴ്‌‍ന്നു തുടങ്ങും. 23ന് വൈകിട്ട് 5.47നു ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ ലക്ഷ്യമിട്ടാണ് നടപടികൾ പുരോഗമിക്കുന്നത്.

ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ3, 22–ാം ദിവസമാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്. ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ശേഷം 5 ഘട്ടങ്ങളിലായാണ് ഭ്രമണപഥം താഴ്‌ത്തിയത്. ബെംഗളുരുവിലെ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക് (ഇസ്ട്രാക്) ഗ്രൗണ്ട് സ്റ്റേഷനാണു പേടകത്തെ നിയന്ത്രിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139502/critical-phase-of-chandrayaan-3-mission-tomorrow)