---
title: "#mvd | വാഹനങ്ങളില്‍ രൂപമാറ്റം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുമായി മോട്ടോര്‍വാഹന വകുപ്പ്. "
english_title: "The #Motor Vehicle Department has taken strict action against those who change the appearance of #vehicles"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139559/the-motor-vehicle-department-has-taken-strict-action-against-those-who-change-the-appearance-of-vehicles"
published_at: "2023-08-17T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dda811b8f58_download_(44).jpeg"
keywords: []
---

# #mvd | വാഹനങ്ങളില്‍ രൂപമാറ്റം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുമായി മോട്ടോര്‍വാഹന വകുപ്പ്. 

> **Lead Summary:** വാഹനങ്ങളില്‍ രൂപമാറ്റം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുമായി മോട്ടോര്‍വാഹന വകുപ്പ്. ഒരിക്കല്‍ പിടികൂടി പിഴയടപ്പിച്ച വാഹനങ്ങള്‍ സമാന നിയമലംഘനങ്ങളുമായി വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ വീണ്ടും പിടികൂടി. ഒരുവട്ടം നടപടിയെടുത്തിട്ടും തെറ്റ് ആവര്‍ത്തിച്ചതോടെ ഈ പണി ചെയ്തവര്‍ക്കെതിരേ ഉഗ്രന്‍ പണിയുമായി രംഗത്തിറങ്ങുകയാണ് മോട്ടോര്‍വാഹന വകുപ്പ്.

## Article Content

വാഹനങ്ങളില്‍ രൂപമാറ്റം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുമായി മോട്ടോര്‍വാഹന വകുപ്പ്. ഒരിക്കല്‍ പിടികൂടി പിഴയടപ്പിച്ച വാഹനങ്ങള്‍ സമാന നിയമലംഘനങ്ങളുമായി വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ വീണ്ടും പിടികൂടി. ഒരുവട്ടം നടപടിയെടുത്തിട്ടും തെറ്റ് ആവര്‍ത്തിച്ചതോടെ ഈ പണി ചെയ്തവര്‍ക്കെതിരേ ഉഗ്രന്‍ പണിയുമായി രംഗത്തിറങ്ങുകയാണ് മോട്ടോര്‍വാഹന വകുപ്പ്.

2019-ലെ പുതുക്കിയ ദേശീയ റോഡ് നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് വാഹനങ്ങളിലെ രൂപമാറ്റം വരുത്തുന്ന വര്‍ക്ക് ഷോപ്പുകള്‍, ഡീലര്‍മാരുടെ സര്‍വീസ് സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയെടുക്കുക.

ഒരു വാഹനത്തിന് മാത്രം രൂപമാറ്റം വരുത്തിയാല്‍ ഒരു ലക്ഷം രൂപയാണ് പിഴ. ഗുരുതരമായ കുറ്റകൃത്യമാണെങ്കില്‍ ഒരുവര്‍ഷത്തെ തടവും ലഭിക്കാവുന്ന കുറ്റം ചുമത്തുമെന്നും അധികൃതര്‍ പറഞ്ഞു. പിഴയ്ക്ക് പുറമേ, വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളും സ്വീകരിക്കുമെന്ന് ആര്‍.ടി.ഒ. അറിയിച്ചു.

ഏത് സ്ഥാപനമാണിത് ചെയ്തതെന്ന് പിടികൂടിയ വാഹന ഉടമകളോട് ചോദിച്ചറിയും.തുടര്‍ന്നാണ് നടപടിയുമായി ഇവരെ സമീപിക്കുക.നമ്പര്‍പ്ലേറ്റ് മടക്കിയും മറച്ചുവെച്ചുമുള്ള വാഹനങ്ങളുപയോഗിച്ച് പല കുറ്റകൃത്യങ്ങളും വര്‍ധിച്ചതോടെയാണ് ഉദ്യോഗസ്ഥര്‍ ഇതുവരെ നിയമനടപടി സ്വീകരിക്കാതിരുന്ന വര്‍ക്ക്ഷോപ്പുകാര്‍ക്കെതിരേ പണി തുടങ്ങിയിരിക്കുന്നത്. വാഹനങ്ങളിലെ ഓരോ രൂപമാറ്റത്തിനും 5,000 രൂപയാണ് പിഴയായി വാഹന ഉടമ അടയ്‌ക്കേണ്ടത്.

എന്നാല്‍, ഒരു വണ്ടിക്ക് ചെറിയ രൂപമാറ്റമാണെങ്കിലും ഒരുലക്ഷം രൂപവരെ വര്‍ക്ക്ഷോപ്പ് ഉടമയില്‍നിന്ന് ഈടാക്കാന്‍ സാധിക്കും.അനധികൃത രൂപമാറ്റം വരുത്തിയ വാഹന ഉടമകളെയും സ്ഥാപനങ്ങളെയും പിടികൂടാനുള്ള മോട്ടോര്‍വാഹന വകുപ്പിന്റെ പ്രത്യേക ദൗത്യത്തില്‍ ആദ്യഘട്ടം പിടികൂടിയത് 20 ഇരുചക്രവാഹനങ്ങള്‍. ഇവയുടെ ഉടമകളോട് അധികൃതര്‍ക്കു മുന്നില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കും. സൈലന്‍സറുകള്‍ മാറ്റിവെച്ച വാഹനങ്ങളാണ് ഇവയെല്ലാം.

ബുധനാഴ്ച കൊച്ചി നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും റെയില്‍വേ സ്റ്റേഷനുകള്‍, മെട്രോ സ്റ്റേഷനുള്‍പ്പെടെയുള്ള പാര്‍ക്കിങ് കേന്ദ്രങ്ങള്‍, വര്‍ക്ക്ഷോപ്പുകള്‍, വാഹനഡീലര്‍മാരുടെ സര്‍വീസ് സെന്ററുകള്‍ എന്നിവിടങ്ങളിലാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.

വാഹനങ്ങളുടെ ഷോറൂമുകളില്‍ പ്രവര്‍ത്തിക്കുന്നതുള്‍പ്പെടെ എട്ട് വര്‍ക്ക്ഷോപ്പുകള്‍ക്കെതിരേയും നടപടിയുണ്ട്. ഇവര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കും. ഇതിനു ശേഷമാകും തുടര്‍നടപടികളിലേക്ക് പോകുക. വരുംദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്ന് എറണാകുളം ആര്‍.ടി.ഒ. ജി. അനന്തകൃഷ്ണന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139559/the-motor-vehicle-department-has-taken-strict-action-against-those-who-change-the-appearance-of-vehicles)