---
title: "സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ബോധവൽക്കരണ പരിപാടിക്ക് തുടക്കം"
english_title: "Central Bureau of Communication awareness program started"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139670/central-bureau-of-communication-awareness-program-started"
published_at: "2023-08-17T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dddf4d54723_Screenshot_2023-08-17-14-18-36-00_4aed3257f278fcf7bfa3abd644e23333.jpg"
keywords: []
---

# സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ബോധവൽക്കരണ പരിപാടിക്ക് തുടക്കം

> **Lead Summary:** **പയ്യന്നൂർ**: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിൽ കണ്ണൂരിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ ആസാദി കാ അമൃതോത്സവ് സമാപനത്തോടനുബന്ധിച്ച് പയ്യന്നൂരിൽ മൂന്നു ദിവസത്തെ ബോധ വത്കരണ പ്രദർശന പരിപാടി തുടങ്ങി.

## Article Content

**പയ്യന്നൂർ**: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിൽ കണ്ണൂരിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ ആസാദി കാ അമൃതോത്സവ് സമാപനത്തോടനുബന്ധിച്ച് പയ്യന്നൂരിൽ മൂന്നു ദിവസത്തെ ബോധ വത്കരണ പ്രദർശന പരിപാടി തുടങ്ങി.

പയ്യന്നൂർ ശ്രീവത്സം ഓഡിറ്റോറിയത്തിൽ ടി. ഐ മധുസൂദനൻ എം എൽ എ ഉദ്ഘാടനം ചെയ്തു. രാജ്യത്തിൻ്റെ വർത്തമാനകാല യാഥാർത്ഥ്യങ്ങൾ കൃത്യമായി തിരിച്ചറിയുമ്പോഴാണ് സ്വാതന്ത്ര്യത്തിൻ്റെ ശരിയായ അർത്ഥം വ്യക്തമാവുക എന്ന് എം എൽ എ പറഞ്ഞു.

ഏകശിലാ രൂപത്തിലുള്ള രാഷ്ട്ര സൃഷ്ടിയല്ല നമ്മുടേത്. രാജ്യത്തിൻ്റെ സാംസ്കാരിക വൈവിധ്യം അതേ രൂപത്തിൽ നിലനിർത്തേണ്ടതുണ്ടെന്നും  എം എൽ എ പറഞ്ഞു. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട അപൂർവ ഫോട്ടോ പ്രദർശനം, വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ, ആധാർ തിരുത്തൽ ഉൾപ്പെടെ സേവനങ്ങൾ, സൗജന്യ മെഡിക്കൽ ക്യാമ്പ് തുടങ്ങിയവയും ഇതൊടൊപ്പം ഒരുക്കിയിട്ടുണ്ട്.

വനിതകൾക്കായി നടപ്പാക്കുന്ന വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളെ ക്കുറിച്ച് ശിശു വികസന പദ്ധതി ജില്ലാ ഓഫീസർ സി.എ.ബിന്ദു ക്ലാസെടുത്തു. സൈബർ സുരക്ഷ സംബന്ധിച്ച അവബോധം ഇന്ന് സമൂഹത്തിൽ അത്യാവശ്യമാണെന്ന് ഈ വിഷയം അവതരിപ്പിച്ച സൈബർ സെൽ ഉദ്യോഗസ്ഥൻ ഷിജു എൻ പറഞ്ഞു.

പയ്യന്നൂർ മുനിസിപ്പൽ ചെയർപേഴ്സൺ കെ.വി.ലളിത അധ്യക്ഷയായിരുന്നു. സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ കേരള, ലക്ഷദ്വീപ് റീജൻ അഡീഷണൽ ഡയറക്ടർ ജനറൽ വി പളനി ചാമി മുഖ്യ പ്രഭാഷണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം വി അപ്പുക്കുട്ടൻ, കണ്ണൂർ ഫീൽഡ് പബ്ലിസിറ്റി ഓഫീസർ ബിജു കെ മാത്യു, ടെക് നിക്കൽ അസിസ്റ്റൻറ് കെ എസ് ബാബു രാജൻ, സൂപ്പർവൈസർ വിഭ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139670/central-bureau-of-communication-awareness-program-started)