---
title: "മാത്യു കുഴല്‍നാടൻ്റെ കുടുംബ വീട്ടിലെ ഭൂമിയില്‍ റവന്യൂ വകുപ്പിന്റെ സര്‍വേ തുടങ്ങി"
english_title: "Mathew Kuzhalnathan MLA"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139904/mathew-kuzhalnathan-mla"
published_at: "2023-08-18T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df19f4d8b17_Screenshot_2023-08-18-12-34-23-12_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# മാത്യു കുഴല്‍നാടൻ്റെ കുടുംബ വീട്ടിലെ ഭൂമിയില്‍ റവന്യൂ വകുപ്പിന്റെ സര്‍വേ തുടങ്ങി

> **Lead Summary:** **കോതമംഗലം**: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ കുടുംബ വീട്ടിലെ ഭൂമിയില്‍ റവന്യൂ വകുപ്പിന്റെ സര്‍വേ തുടങ്ങി. പൈങ്ങോട്ടൂരിലെ കുടുംബവീട്ടിലെ സ്ഥലമാണ് അളക്കുന്നത്. രാവിലെ 11 മണിയോടെ പോലീസ് സാന്നിധ്യത്തിലാണ് സര്‍വേ നടക്കുന്നത്.

## Article Content

**കോതമംഗലം**: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ കുടുംബ വീട്ടിലെ ഭൂമിയില്‍ റവന്യൂ വകുപ്പിന്റെ സര്‍വേ തുടങ്ങി. പൈങ്ങോട്ടൂരിലെ കുടുംബവീട്ടിലെ സ്ഥലമാണ് അളക്കുന്നത്. രാവിലെ 11 മണിയോടെ പോലീസ് സാന്നിധ്യത്തിലാണ് സര്‍വേ നടക്കുന്നത്.

അനുമതി നല്‍കിയതില്‍ കൂടുതല്‍ സ്ഥലത്ത് മണ്ണിട്ട് നികത്തിയെന്ന ഡിവൈഎഫ്‌ഐയുടെ പരാതിയിലാണ് പരിശോധന. വീടിരിക്കുന്നത് ഒരേക്കറോളം വരുന്ന സ്ഥലത്താണ്. വീടിന്റെ മുന്‍ഭാഗം റോഡിന് വീതി കൂട്ടാന്‍ വിട്ടുകൊടുത്തതോടെ വീടിന്റെ മുറ്റം നഷ്ടപ്പെട്ടിരുന്നു.

ഇതോടെയാണ് വീടിനോട് ചേര്‍ന്നുള്ള സ്ഥലം മണ്ണിട്ട് ഉയര്‍ത്താന്‍ മാത്യൂ കുഴല്‍നാടന്‍ വില്ലേജില്‍ നിന്ന് അനുമതി നേടിയതും നികത്തിയതും. എന്നാല്‍ അനുമതി ലഭിച്ചതില്‍ കൂടുതല്‍ സ്ഥലം നികത്തിയെന്നാണ് ഡിവൈഎഫ്‌ഐയുടെ പരാതി. നേരത്തെ പരാതി ഉയര്‍ന്നപ്പോള്‍ വില്ലേജ് അധികൃതര്‍ നടത്തിയ സര്‍വേയില്‍ ക്രമക്കേടില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഇത് ശരിയല്ലെന്ന് കാണിച്ചാണ് വീണ്ടും പരാതി നല്‍കിയത്. അതേസമയം, വക്കീല്‍ ഓഫീസില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ ആരോപണത്തിന് പിന്നാലെ സിപിഎം ഇന്ന് കുഴല്‍നാടന്റെ മൂവാറ്റുപുഴയിലെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

പതിനൊന്നരയോടെയാണ് മാര്‍ച്ച്. സിപിഎം ഓഫീസില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുക. പോലീസിന്റെ വന്‍ സന്നാഹം സ്ഥലത്ത് തമ്പടിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139904/mathew-kuzhalnathan-mla)