---
title: "മുന്നറിയിപ്പ് നല്‍കാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്നത് പ്രതിഷേധാര്‍ഹമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍."
english_title: "Minister roshi Augustine about tamil nadu opened mullaperiyar shutter"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13993/minister-roshi-augustine-about-tamil-nadu-opened-mullaperiyar-shutter"
published_at: "2021-12-02T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a86d5af2ac0_images - 2021-12-02T122303.514.jpeg"
keywords: []
---

# മുന്നറിയിപ്പ് നല്‍കാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്നത് പ്രതിഷേധാര്‍ഹമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍.

> **Lead Summary:** ഇടുക്കി: മുന്നറിയിപ്പ് നല്‍കാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്നത് പ്രതിഷേധാര്‍ഹമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍.

## Article Content

ഇടുക്കി: മുന്നറിയിപ്പ് നല്‍കാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്നത് പ്രതിഷേധാര്‍ഹമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍.

ഒരു സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കാത്ത നടപടിയാണിതെന്നും, വെള്ളം തുറന്നുവിട്ടപ്പോഴും ഷട്ടര്‍ ഉയര്‍ത്തിയപ്പോഴും അറിയിച്ചില്ലെന്നും മന്ത്രി വ്യക്തമാക്കി.

തമിഴ്‌നാട് നടപടികള്‍ പാലിക്കാത്തത് ഗൗരവതരമാണെന്നും മന്ത്രി വിമര്‍ശിച്ചു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും, അദ്ദേഹം തമിഴ്‌നാടുമായി സംസാരിക്കുമെന്നും റോഷി അഗസ്റ്റിന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. തമിഴ്‌നാട് റൂള്‍ കര്‍വ് പാലിച്ചില്ലെന്നും, സുപ്രീം കോടതിയെ പരാതി അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം ജനങ്ങളുടെ ജീവന് ഭീഷണിയായി തമിഴ്‌നാട് വെള്ളം തുറന്നുവിടുന്നുവെന്ന് ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ് പറഞ്ഞു. വിഷയത്തില്‍ കേരളാ സര്‍ക്കാരിനാണ് ആദ്യം ഗൗരവം ഉണ്ടാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നലെ അര്‍ദ്ധരാത്രി തുറന്ന പത്ത് ഷട്ടറുകളില്‍ ഒന്‍പതെണ്ണം രാവിലെ ഏഴുമണിയോടെ അടച്ചിരുന്നു. പിന്നീട് രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു. നിലവില്‍ മൂന്ന് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. സെക്കന്‍ഡില്‍ 1261 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13993/minister-roshi-augustine-about-tamil-nadu-opened-mullaperiyar-shutter)