---
title: "#highcourt | സപ്ലൈകോ മാനേജരുടെ സസ്‌പെൻഷൻ: ചൊവ്വാഴ്ച വരെ തുടർ നടപടികൾ പാടില്ലെന്ന് ഹൈക്കോടതി"
english_title: "Highcourt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140109/highcourt"
published_at: "2023-08-19T01:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dfd374ba0dd_download_(22).jpeg"
keywords: []
---

# #highcourt | സപ്ലൈകോ മാനേജരുടെ സസ്‌പെൻഷൻ: ചൊവ്വാഴ്ച വരെ തുടർ നടപടികൾ പാടില്ലെന്ന് ഹൈക്കോടതി

> **Lead Summary:** **കൊച്ചി**: സപ്ലൈകോ മാനേജറെ സസ്‌പെന്‍ഡ് ചെയ്തതില്‍ തുടര്‍ നടപടികള്‍ വേണ്ടെന്ന് ഹൈക്കോടതി. കേസ് പരിഗണിക്കുന്നത് ചൊവ്വാഴ്ച്ചയിലേക്ക് മാറ്റി. ചൊവ്വാഴ്ച്ച കേസ് പരിഗണിക്കുന്നത് വരെ മറ്റ് നപടികള്‍ ഉണ്ടാകാന്‍ പാടില്ലെന്നാണ് ജസ്റ്റിസ് ദേവന്‍രാമചന്ദ്രന്റെ നിര്‍ദേശം. സ്റ്റോക്ക് ബോര്‍ഡില്‍ എന്തെഴുതണമെന്നത് സംബന്ധിച്ച് സര്‍ക്കുലര്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

## Article Content

**കൊച്ചി**: സപ്ലൈകോ മാനേജറെ സസ്‌പെന്‍ഡ് ചെയ്തതില്‍ തുടര്‍ നടപടികള്‍ വേണ്ടെന്ന് ഹൈക്കോടതി. കേസ് പരിഗണിക്കുന്നത് ചൊവ്വാഴ്ച്ചയിലേക്ക് മാറ്റി. ചൊവ്വാഴ്ച്ച കേസ് പരിഗണിക്കുന്നത് വരെ മറ്റ് നപടികള്‍ ഉണ്ടാകാന്‍ പാടില്ലെന്നാണ് ജസ്റ്റിസ് ദേവന്‍രാമചന്ദ്രന്റെ നിര്‍ദേശം. സ്റ്റോക്ക് ബോര്‍ഡില്‍ എന്തെഴുതണമെന്നത് സംബന്ധിച്ച് സര്‍ക്കുലര്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

മാവേലി സ്റ്റോറില്‍ സാധനമില്ലെന്ന് പരസ്യപ്പെടുത്തിയതിന്റെ പേരിലായിരുന്നു സപ്ലൈകോ മാനേജറെ സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോഴിക്കോട് പാളയം മാവേലി സ്റ്റോര്‍ മാനേജര്‍ കെ നിതിനാണ് ഹൈക്കോടതിയെ സമീപിച്ചത്.

സ്റ്റോറില്‍ ചില സാധനങ്ങള്‍ ഇല്ല എന്ന് ബോര്‍ഡില്‍ എഴുതി പരസ്യപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഡിപ്പോയില്‍ പരിശോധന നടത്തിയപ്പോള്‍ ഇല്ല എന്ന് പറഞ്ഞ സാധനങ്ങള്‍ കണ്ടെത്തി. ഉളള സാധനങ്ങള്‍ ഇല്ല എന്ന് പറഞ്ഞുവെന്ന് സപ്ലൈകോയുടെ റീജ്യണല്‍ മാനേജര്‍ ഇറക്കിയ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. എന്നാല്‍ പൂപ്പല്‍ പിടിച്ച സാധനങ്ങളാണ് അന്വേഷണസംഘം അവിടെ കണ്ടെത്തിയതെന്നാണ് സപ്ലൈകോ മാനേജര്‍ പറയുന്നത്. കണ്ടെത്തിയ സാധനങ്ങള്‍ കുറഞ്ഞ അളവില്‍ മാത്രമേ ഉണ്ടായിരുന്നുളളു. സപ്ലൈകോയെ അപമാനിക്കുന്നതിന് വേണ്ടിയല്ല.

ആളുകള്‍ക്ക് ഏതെല്ലാം സാധനം ഡിപ്പോയില്‍ ലഭിക്കുമെന്ന് അറിയാന്‍ വേണ്ടിയും ഇല്ലാത്ത സാധനം വാങ്ങാന്‍ ആളുകള്‍ വരി നില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കാനുമാണ് ബോര്‍ഡ് വെച്ചതെന്നും മാനേജര്‍ വിശദമാക്കിയിരുന്നു. എന്നാല്‍ ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ സസ്‌പെന്‍ഷന്‍ ഉത്തരവിറക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140109/highcourt)